19 April 2024 Friday

ഹണിട്രാപ്പ്: പ്രണയം നടിച്ചു, ലോഡ്ജിലെത്തിച്ച് ചിത്രം പകർത്തി; 20 ലക്ഷം തട്ടാൻ ശ്രമം

ckmnews

ഹണിട്രാപ്പ്: പ്രണയം നടിച്ചു, ലോഡ്ജിലെത്തിച്ച് ചിത്രം പകർത്തി; 20 ലക്ഷം തട്ടാൻ ശ്രമം


കോട്ടയം∙ബിസിനസുകാരനെ ഹണിട്രാപ്പിൽ കുരുക്കി പണം തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കാസർകോട് അമ്പലത്തറ സ്വദേശിനി രഞ്ജിനി, കാത്തിരപ്പള്ളി കൂവപള്ളി സ്വദേശി സുബിൻ കൃഷ്ണൻ, ഞാറക്കൽ സ്വദേശി ജോസ്‌ലിൻ എന്നിവരാണ് തട്ടിപ്പ് നടത്തിയത്. ബിസിനസുകാരനിൽനിന്നും പണം വാങ്ങാനെത്തിയ ജോസ്‌ലിൻ ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ഞായറാഴ്ച ചേർത്തലയിലെ ലോഡ്ജിൽ വച്ചായിരുന്നു സംഭവം. വൈക്കം സ്വദേശിയായ ബിസിനസുകാരനെ ഫോണിലൂടെ പരിചയപ്പെട്ട രഞ്ജിനി പ്രണയം നടിച്ച് കുടുക്കുകയായിരുന്നു. ഞായറാഴ്ച തവണക്കടവിലെത്തിയ ബിസിനസുകാരനെ രഞ്ജിനി ചേർത്തലയിലെ ലോഡ്ജിലേക്കു കൂട്ടി കൊണ്ടുപോയി. സുബിനും കൃഷ്ണനും പിന്നാലെ ഇവർ താമസിച്ച മുറിയിലെത്തി യുവതിക്കൊപ്പമുള്ള ചിത്രങ്ങൾ പകർത്തി.


20 ലക്ഷം നൽകിയില്ലെങ്കിൽ ചിത്രങ്ങൾ പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തി. തുടർന്ന് വൈക്കത്തെ വീട്ടിലെത്തി ബിസിനസുകാരന്‍ 1.35 ലക്ഷം ഇവർക്കു കൈമാറി. ബാക്കി പണം കൈപ്പറ്റാൻ വെള്ളിയാഴ്ച സംഘം വൈക്കത്തെ വീട്ടിലെത്തിയപ്പോഴാണ് ജോസ്‌ലിൻ പിടിയിലായത്. പൊലീസിനെ കണ്ട് ഒപ്പമുണ്ടായിരുന്നവർ കാറിൽ രക്ഷപ്പെട്ടു.


സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർ സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ട്. നാണക്കേടുമൂലം പലരും പരാതി നൽകാൻ മടിച്ചതോടെ സംഘം തട്ടിപ്പ് തുടർന്നു. യുവതി അടക്കമുള്ളവർ ഉടൻ പിടിയിലാകുമെന്ന് വൈക്കം ഡിവൈഎസ്പി എ.ജെ.തോമസ് പറഞ്ഞു.