28 March 2024 Thursday

പാവറട്ടിയിൽ ടൂറിസ്റ്റ് ബസുകൾ കത്തിനശിച്ചു; സാമൂഹിക വിരുദ്ധർ തീയിട്ടതെന്ന് നിഗമനം

ckmnews

കുന്നംകുളം  ∙ പാവറട്ടി പൂവത്തൂരിൽ രണ്ടു ടൂറിസ്റ്റ് ബസുകൾ കത്തി നശിച്ചു. സാമൂഹിക വിരുദ്ധർ തീയിട്ടതാണെന്നാണ് നിഗമനം. പെട്രോൾ പമ്പിന് സമീപം ഏലാന്ത്ര ട്രാവൽസിന്റെ പാർക്കിങ് ഗ്രൗണ്ടിൽ 19 സീറ്റിന്റെ ഒരു വാഹനവും 49 സീറ്റിന്റെ വലിയ ബസുമാണ് കത്തിച്ചത്. വ്യാഴാഴ്ച പുലർച്ചെ 2.30നാണ് സംഭവം. 19 സീറ്റിന്റെ വാഹനം പൂർണമായി കത്തി. ബസിന്റെ ഉൾവശം പൂർണമായി നശിച്ചു. രണ്ടു വാഹനങ്ങളും തൊട്ടടുത്തായിരുന്നില്ല.ഒരു ട്രാവലർ കത്തിക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. ഈ പാർക്കിങ് സ്ഥലത്ത് ഏലാന്ത്ര ട്രാവൽസിന്റെ വാഹനങ്ങൾ മാത്രമാണ് പാർക്ക് ചെയ്തിട്ടുള്ളത്. മൊത്തം 13 വാഹനങ്ങളിൽ 7 എണ്ണമാണ് സ്ഥലത്തുണ്ടായിരുന്നത്. ബാക്കി ഓട്ടം പോയിരിക്കയാണ്. കത്തുന്നത് കണ്ട സമീപവാസി അറിയിച്ചതിനെ തുടർന്ന് പൊലീസ് സംഭവ സമയത്ത് തന്നെ സ്ഥലത്തെത്തി. ഗുരുവായൂരിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്. ഡോഗ് സ്ക്വാഡും ഫൊറൻസിക് വിദഗ്ദരും പരിശോധനയ്ക്ക് എത്തുമെന്ന് പൊലീസ് അറിയിച്ചു. പാവറട്ടി വെന്മേനാട് സ്വദേശി ഏലാന്ത്ര ബഷീറിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനങ്ങൾ.