28 March 2024 Thursday

മെഡിസിന്‍ ബിരുദദാനത്തിന് ഇനി കോട്ടും തൊപ്പിയും വേണ്ട, മുണ്ടും ജുബ്ബയും കേരളസാരിയും വരും

ckmnews

തൃശ്ശൂര്‍: കറുത്ത തൊപ്പി. പാദംവരെ എത്തുന്ന ഗൗണ്‍- ഈ വേഷം ഇട്ടുവന്നാലേ മെഡിസിന്‍ ബിരുദം സ്വീകരിക്കാനാവൂയെന്ന കാഴ്ചപ്പാടിന് ഭേദഗതി.


കേരള ആരോഗ്യ സര്‍വകലാശാലയാണ് ബിരുദദാനച്ചടങ്ങിന് വേഷം മാറ്റിനിശ്ചയിച്ചത്. ആണ്‍കുട്ടികള്‍ മുണ്ടും ജുബ്ബയും. പെണ്‍കുട്ടികള്‍ കേരളസാരിയും ബ്ലൗസും.


ഒക്ടോബര്‍ അഞ്ചിന് സെനറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍, പുതിയ ഡോക്ടര്‍മാരെ പ്രഖ്യാപിക്കുന്ന ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനും മുണ്ടും ജുബ്ബയുമായിരിക്കും വേഷം. കേരളസാരിയില്‍ പ്രൊ-ചാന്‍സലറായ ആരോഗ്യമന്ത്രി വീണാ ജോര്‍ജും ഉണ്ടാവും.


ആണ്‍കുട്ടികളും പെണ്‍കുട്ടികള 2.8 മീറ്റര്‍ നീളമുള്ള കസവുവേഷ്ടിയും തോളില്‍ ധരിക്കും. വേഷ്ടി സര്‍വകലാശാലതന്നെ വാങ്ങിനല്‍കും. അത് അവര്‍ക്കുതന്നെ എടുക്കാം. ബാക്കി വേഷങ്ങള്‍ കുട്ടികള്‍ത്തന്നെ വാങ്ങണം.


ആണ്‍കുട്ടികള്‍ക്ക് വെള്ള, അല്ലെങ്കില്‍ ഇളംമഞ്ഞ കലര്‍ന്ന വെള്ളഷര്‍ട്ടാണ്. പെണ്‍കുട്ടികള്‍ക്ക് കേരളസാരിക്ക് ഇളംമഞ്ഞ കലര്‍ന്ന വെള്ള ബ്ലൗസാണ് നിര്‍ദേശിച്ചിരിക്കുന്നത്.


50 കുട്ടികളെയാണ് ചടങ്ങിനായി തിരഞ്ഞെടുത്തിരിക്കുന്നത്. അലോപ്പതി, ആയുര്‍വേദം, ഹോമിയോ, നഴ്സിങ്, ഫാര്‍മസി, ലബോറട്ടറി ടെക്നോളജി തുടങ്ങിയ മേഖലകളില്‍നിന്ന് 15,000 ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികളാണ് ഇക്കുറി പുറത്തിറങ്ങുന്നത്. തത്സമയസംപ്രേഷണം സര്‍വകലാശാലയുടെ വെബ്സൈറ്റിലെ യു ട്യൂബ് ലിങ്കിലൂടെ ഉണ്ടാവും.