19 April 2024 Friday

പ്രണയ ബന്ധങ്ങളുടെ പേരില്‍ കൊല്ലപ്പെടുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടുന്നു:നാല് വര്‍ഷത്തെ കണക്കുകള്‍ ഞെട്ടിക്കുന്നത്

ckmnews

തിരുവനന്തപുരം ∙ സംസ്ഥാനത്ത് കഴിഞ്ഞ 4 വർഷത്തിനിടെ പ്രണയ ബന്ധങ്ങളുടെ പേരിൽ കൊല്ലപ്പെട്ടത് 12 വനിതകളെന്ന് ആഭ്യന്തര വകുപ്പിന്റെ കണക്ക്. ജൂലൈ 30ന് ഹൗസ് സർജൻ ഡോ. പി.വി.മാനസയെ വെടിവച്ചു കൊലപ്പെടുത്തി തലശേരി സ്വദേശി രഖിൽ ജീവനൊടുക്കിയതാണ് ഒടുവിലത്തെ സംഭവം. പ്രണയാഭ്യർഥന നിരസിച്ചതാണ് കോട്ടയത്ത് വിദ്യാർഥിയെ സഹപാഠി കൊലപ്പെടുത്തിയതിനു പിന്നിലെന്നാണ് പ്രാഥമിക വിവരം.2017– 3, 2018– 0, 2019– 5, 2020– 2, 2021– 2 എന്നിങ്ങനെയാണ് സമീപ വർഷങ്ങളിൽ കൊല്ലപ്പെട്ട വനിതകളുടെ കണക്ക്. പൊലീസ് കണക്കിൽപ്പെടാത്ത നിരവധി കൊലപാതകങ്ങളുണ്ടാകുമെന്ന് സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനകൾ പറയുന്നു. പ്രണയബന്ധങ്ങളുടെ പേരിൽ ആത്മഹത്യ ചെയ്യുന്ന സ്ത്രീകളുടെ എണ്ണവും വർധിക്കുകയാണ്. 2017ൽ– 80, 2018– 76, 2019– 88, 2020– 96 എന്നിങ്ങനെയാണ് ആത്മഹത്യ ചെയ്തവരുടെ എണ്ണം.പല സംഭവങ്ങളിലും പല കാരണങ്ങളുണ്ടാകാമെന്ന് മനഃശാസ്ത്ര വിദഗ്ധർ പറയുന്നു. ഇഷ്ടപ്പെടുന്ന ആൾ അകന്നുപോകുമ്പോൾ വൈകാരികമായി പ്രതികരിക്കുന്നതാണ് പ്രധാന കാരണം. താൻ പ്രണയിച്ച ആൾ തന്റേതു മാത്രമാകണമെന്നും മറ്റാർക്കും കിട്ടരുതെന്നും കരുതുന്നവരുണ്ട്. വ്യക്തിത്വ വൈകല്യവും സംശയവും മറ്റു മാനസിക പ്രശ്നങ്ങളും ജനിതക കാരണങ്ങളും പ്രതികാര കൊലപാതകങ്ങൾക്കു പിന്നിൽ പ്രവർത്തിക്കാറുണ്ടെന്നു വിദഗ്ധർ പറയുന്നു.