23 April 2024 Tuesday

കോവിഡ് കേന്ദ്രത്തിലെ പരിചയം പ്രണയമായി; 17 വയസ്സുകാരി ജീവനൊടുക്കി, ഡ്രൈവർ അറസ്റ്റിൽ

ckmnews

തിരുവനന്തപുരം ∙ കിളിമാനൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തിൽ, സുഹൃത്തായ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് പോങ്ങനാട് സ്വദേശി ജിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. മുളമന വിഎച്ച്എസ്എസ് പ്ലസ് ടു വിദ്യാർഥിനി, കിളിമാനൂർ വാലഞ്ചേരി കണ്ണയംകോട് വി.എസ്.മൻസിലിൽ എ.ഷാജഹാൻ–സബീനബീവി ദമ്പതികളുടെ മകൾ അൽഫിയ (17) ആണ് വ്യാഴാഴ്ച മരിച്ചത്.പ്രണയത്തില്‍നിന്നു ജിഷ്ണു പിന്മാറിയതാണ് ആൽഫിയ ജീവനൊടുക്കാന്‍ കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കോവിഡ് ബാധിച്ച് പ്രാഥമിക ചികിത്സാകേന്ദ്രത്തിൽ 17 ദിവസം ചികിത്സയിൽ കഴിയുമ്പോഴാണ് ജിഷ്ണുവുമായി അൽഫിയ പരിചയത്തിലാകുന്നത്. ഞായറാഴ്ച, വിഷം കഴിക്കുന്ന ചിത്രം അടക്കം ആൽഫിയ ജിഷ്ണുവിന് വാട്സാപ് സന്ദേശം അയച്ചിരുന്നു. എന്നാൽ ജിഷ്ണു ഇതു രഹസ്യമാക്കിവച്ചു.ഛർദിയും ക്ഷീണവും മൂലം ഇതിനിടെ അൽഫിയയെ നാല് ആശുപത്രികളിലെത്തിച്ചു ചികിത്സ തേടി. ഇവിടെയൊക്കെ വിഷം ഉള്ളിലെത്തിയ വിവരം അറിയാതെയായിരുന്നു ചികിത്സ. ഇടയ്ക്ക് ഒരു ദിവസം അൽഫിയ സ്കൂളിൽ പരീക്ഷ എഴുതി. ‌അൽഫിയ വിഷം കഴിച്ച വിവരം മാതാപിതാക്കൾ അറിഞ്ഞത് നാലാം ദിവസം ഫോൺ പരിശോധിച്ചപ്പോഴാണ്. വൈകാതെ മരണം സംഭവിച്ചു. പിതാവ് നൽകിയ പരാതിയി‌ലാണ് പൊലീസ് കേസെടുത്തത്.