28 March 2024 Thursday

സ്കൂൾ തുറക്കൽ അതീവ ശ്രദ്ധയോടെ; അധ്യാപക-വിദ്യാർത്ഥി-തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ച് സർക്കാർ

ckmnews

തിരുവനന്തപുരം: സ്കൂൾ തുറക്കലിന് മുന്നോടിയായി സംസ്ഥാന സ‍ർക്കാർവിളിച്ചുചേർത്ത വിപുലമായ യോഗങ്ങൾ ഇന്ന് തുടങ്ങും. രാവിലെ പത്തരക്ക് ക്വാളിറ്റി ഇംപ്രൂവ്മെൻറ് പ്രോഗ്രാമിന്‍റെ ഭാഗമായുള്ള അധ്യാപക സംഘടനാ പ്രതിനിധികളുമായി  വിദ്യാഭ്യാസമന്ത്രി ചർച്ച നടത്തും. മറ്റ് അധ്യാപക സംഘടനകളുമായി രണ്ടരക്ക് ചർച്ച നടത്തും. നാലു മണിക്ക് യുവജന സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്. നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായാണ് സംസ്ഥാന സർക്കാർ  വിദ്യാർത്ഥി-അധ്യാപക-തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചത്. ശനിയാഴ്ച രാവിലെ വിദ്യാർത്ഥി സംഘടനാ യോഗവും  ഉച്ചയ്ക്ക് സ്കൂൾ തൊഴിലാളി സംഘടനാ യോഗവും നടക്കും. ശനിയാഴ്ച്ച വൈകിട്ട് മേയർമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവരുടെ യോഗം ചേരും. ഞായറാഴ്ച എഇഒ, ഡിഇഒമാരുടെ യോഗവും സർക്കാർ വിളിച്ചിട്ടുണ്ട്. അതേസമയം സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി കൂടുതൽ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂൾ വാഹനങ്ങളുടെ ഒരു വർഷത്തെ റോഡ് നികുതി ഒഴിവാക്കി. സ്വകാര്യ ബസ്സുകൾ ടെമ്പോ ട്രാവലറുകൾ  എന്നിവക്ക് നികുതി അടക്കാൻ ഡിസംബർ വരെ കാലാവധി നീട്ടിനൽകാനും തീരുമാനിച്ചതായി മന്ത്രി ആൻറണി രാജു അറിയിച്ചു.