24 April 2024 Wednesday

കെട്ടിടം നിർമ്മാണം എങ്ങുമെത്തിയില്ല;കുടിയിറക്കുഭീഷണിയിൽ ചങ്ങരംകുളം സബ് ട്രഷറി

ckmnews

കെട്ടിടം നിർമ്മാണം എങ്ങുമെത്തിയില്ല;കുടിയിറക്കുഭീഷണിയിൽ ചങ്ങരംകുളം സബ് ട്രഷറി 


ചങ്ങരംകുളം:ഒട്ടേറെ പെൻഷൻകാരടക്കം നിരവധി ഇടപാടുകാരുള്ള ചങ്ങരംകുളം സബ് ട്രഷറി കുടിയിറക്കുഭീഷണിയിൽ. സ്വന്തം കെട്ടിടം പണിയാൻ ട്രഷറിക്കു സൗജന്യമായി ഭൂമി നൽകാൻ വർഷങ്ങൾക്ക് മുൻപ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് തീരുമാനമെടുത്തിരുന്നു. എന്നാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ എടുത്ത  കാലതാമസമാണ് ഇപ്പോൾ തിരിച്ചടിയായത്.ചങ്ങരംകുളത്ത് ഒരു കെട്ടിടത്തിന്റെ മുകൾനിലയിൽ പ്രവർത്തിച്ചിരുന്ന സബ് ട്രഷറി നാട്ടുകാരുടെ ഇടപെടലിനെത്തുടർന്നാണ് നിലവിലെ കെട്ടിടത്തിലേക്കു മാറ്റിയത്.ജീവനക്കാർക്കിരിക്കാനുള്ള കൗണ്ടറും മറ്റു സൗകര്യങ്ങളുമൊരുക്കിയപ്പോൾ ഇവിടെയെത്തുന്നവർക്ക് നിൽക്കാനും ഇരിക്കാനുമൊക്കെയായി വരാന്തപോലുള്ള ഒരു ഭാഗം മാത്രമാണ് അവശേഷിച്ചത്.കോവിഡ് കാലത്തൊക്കെ 60 മുതൽ 80 വരെ പ്രായമുള്ള നിരവധിപേർ ഒന്നിച്ച് പെൻഷൻ വാങ്ങാനെത്തിയപ്പോൾ സാമൂഹിക അകലം പാലിക്കാൻപോലും പറ്റാത്ത അവസ്ഥയായിരുന്നു ഇവിടെ.ഈ ദുരവസ്ഥയ്ക്ക് പരിഹാരംകാണണമെന്ന് പെൻഷനേഴ്‌സ് യൂണിയൻ നൽകിയ നിവേദനത്തെത്തുടർന്നാണ് ആറ്റുണ്ണി തങ്ങൾ പെരുമ്പടപ്പ് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റായ കാലത്ത് ചങ്ങരംകുളം പോലീസ്‌സ്റ്റേഷനു സമീപം ബ്ലോക്കിന്റെ അധീനതയിലുള്ള പത്തുസെന്റ് ട്രഷറിക്ക് കെട്ടിടത്തിനായി വിട്ടുകൊടുക്കാൻ തീരുമാനിച്ചത്.എന്നാൽ പൊതു ആവശ്യങ്ങൾക്കായി വകുപ്പുകൾ തമ്മിലുള്ള ഭൂമികൈമാറ്റത്തിന് ജില്ലാ കളക്ടർക്കാണ് അധികാരമെന്നതിനാൽ ഫയൽ തദ്ദേശവകുപ്പ് കളക്ടർക്ക് കൈമാറി.പിന്നീട് ഇതിന് ഗ്രാമവികസന വകുപ്പിന്റെ അനുവാദവും റവന്യൂവകുപ്പ് ഭൂമി പുറംപോക്കായി പോക്കുവരവുവരുത്തിയതിന്റെ രേഖകളും വേണമെന്നു കണ്ടെത്തി.താലൂക്ക് സർവേയർ സർവേ നടത്തി ഭൂമി രേഖപ്പെടുത്തി സ്‌കെച്ച് നൽകുന്നതടക്കമുള്ള നടപടികളെല്ലാം പൂർത്തിയാക്കി രണ്ടുവർഷത്തിലേറെ കഴിഞ്ഞിട്ടും ഭൂമി ട്രഷറി വകുപ്പിന്റെ കൈകളിലെത്തിയിട്ടില്ല. ഇതു പൂർത്തിയായാൽ മാത്രമേ അവർക്ക് ഇവിടെ കെട്ടിടം പണിയാനാകൂ.

ഇതിനിടെ നിലവിലെ വാടകക്കെട്ടിടത്തിന്റെ ഉടമ പ്രവാസജീവിതമവസാനിപ്പിച്ച് നാട്ടിൽ താമസമാക്കിയതോടെ അദ്ദേഹത്തിന് സ്വന്തമായി ബിസിനസ് നടത്താൻ ഈ സ്ഥലം ആവശ്യമാണെന്നും ഒഴിഞ്ഞുതരണമെന്നും ആവശ്യപ്പെട്ടതോടെയാണ് ട്രഷറി അധികൃതർ വെട്ടിലായത്. എന്നാൽ ഇക്കാര്യത്തിൽ ബ്ലോക്ക്പഞ്ചായത്ത് അന്തിമ തീരുമാനമൊന്നുമെടുത്തിട്ടില്ലെന്നും അടുത്ത ഭരണസമിതിയോഗം തീരുമാനമെടുക്കുമെന്നുമാണ് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു പറയുന്നത്. സ്വന്തം കെട്ടിടമാകാൻ കാലതാമസമാകുമെന്നതിനാൽ തത്കാലം വേറെ വാടകക്കെട്ടിടത്തിലേക്കു മാറേണ്ടിവരുമെന്നാണ് ജില്ലാ ട്രഷറി ഓഫീസ് അധികൃതർ പറയുന്നു.