28 March 2024 Thursday

മാരുതി വാനിനെ വീടാക്കി നവദമ്പതികളുടെ വേറിട്ട ഇന്ത്യാ യാത്ര"

ckmnews


പെരുമ്പിലാവ്:നവ ദമ്പതികളുടെ വേറിട്ട ആദ്യ വാൻ ജീവിതയാത്രക്ക് ഫ്ലാഗ് ഓഫ് നല്‍കി.രാജ്യമൊട്ടാകെയുള്ള ആറു മാസത്തെ  വേറിട്ട വാൻ ഇന്ത്യ ജീവിയാത്രക്ക് പുറപ്പെട്ട ഒറ്റപ്പിലാവ് കോട്ടപ്പുറത്ത് അഖിൽ ഷംസിയ ദമ്പതികളുടെ വാൻ യാത്രയുടെ ഫ്ലാഗ് ഓഫ് ആണ് പെരുമ്പിലാവ് ജംഗ്ഷനിൽ വെച്ച്  കുന്നംകുളം എംഎൽഎ എ സി  മൊയ്തീൻ നിർവ്വഹിച്ചു. ചടങ്ങിൽ കടവല്ലൂർ പഞ്ചായത്ത്   പ്രസിഡൻ്റ് പി ഐ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. കോവിഡ് സാഹചര്യത്തിൽ പൊതു സമൂഹത്തിൽ അകലം പാലിച്ചും കോവിഡ് പ്രോട്ടോകോൾ പാലിച്ചും  ഇന്ത്യയിലെ 28 സംസ്ഥാനങ്ങളും 6 കേന്ദ്ര ഭരണ പ്രദേശങ്ങളും നേപ്പാളും ഭൂട്ടാനും ഉൾപ്പെടെ ആറു മാസക്കാലത്തിനിടെ യാത്ര ചെയ്യുവാനാണ് ഇവരുടെ തീരുമാനം.ഇതിനായി മാരുതി ഓംനി വാനിൽ സാധാരണ ഒരു  വീടിൻ്റെ റൂമിൽ സജീകരിച്ച മാതൃകയിലുള്ള  എല്ലാ സംവിധാനവും ഒരുക്കിയിട്ടുള്ളതാണ് ഇവരുടെ വാൻ.വിവാഹം കഴിഞ്ഞു മാസങ്ങൾ മാത്രം പിന്നിട്ട  ദമ്പതികൾ ഇങ്ങനെയൊരു യാത്രക്ക്  തയ്യാറെടുക്കുന്നത് കേരള ചരിത്രത്തിൽ ആദ്യമാണെത്രെ.ഇവരെ യാത്രയാക്കാനായി നടന്ന ചടങ്ങിൽ അഖിലിൻ്റെ പിതാവ് ആസിഫ് , മുൻ പഞ്ചായത്തംഗങ്ങളായ കെ.ഇ. സുധീർ , കെ. കൊച്ചനിയൻ , പൊതുപ്രവർത്തകൻ എം.എ. കമറുദീൻ, എം.എ. അഹമ്മദുണ്ണി , ഒ. മായിൻ മാസ്റ്റർ എന്നിവരും ഉണ്ടായിരുന്നു.ഒരു വാനിനെ വീടാക്കിയാണ് ഇവരുടെ യാത്ര. വ്യത്യസ്തമായ കാഴ്ച്ചകളും പ്രകൃതിയും സംസ്കാരങ്ങളും ഉൾപ്പെടുത്തി നമ്മുടെ കേരളീയർക്ക് മുന്നിൽ യാത്രയിലെ കാഴ്ച്ചകളുടെ വിസ്മയം അവർ ട്രാവൽ ലൈഫ് ബൈ അഖീൽ ആൻ്റ് ഷംസി എന്ന യൂറ്റൂമ്പ് ചാനലിലൂടെ  ദിവസവും പ്രേക്ഷകർക്ക് എത്തിക്കുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.