28 March 2024 Thursday

ഓൺലൈനിൽ അശ്ലീലദൃശ്യങ്ങൾ സ്ഥിരമായി കാണുന്നവരുടെ വിവരങ്ങളെടുത്ത് പൊലീസ് , 31 കാരനെ സ്പെഷ്യൽ ടീം പിടികൂടി

ckmnews

  മലപ്പുറം: ഓപ്പറേഷന്‍ പി ഹണ്ട് പരിശോധനയില്‍ വഴിക്കടവ് വെള്ളക്കട്ടയിലെ ചീനിക്കല്‍ അബ്ദുല്‍ വദൂദിനെ (31) വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു.ഓണ്‍ലൈനില്‍ അശ്ലീലദൃശ്യങ്ങള്‍ സ്ഥിരമായി കാണുന്നവരെ പിടികൂടുന്നതിനായി സൈബര്‍ സെല്ലിന്റെ കീഴില്‍ സ്‌പെഷ്യല്‍ ടീം രൂപികരിച്ച്‌ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരിട്ടായിരുന്നു ഞായറാഴ്ച രാവിലെ മുതല്‍ നടത്തിയ റെയ്ഡ്. പൊലീസ് നടത്തിയ തിരച്ചിലില്‍ മൊബൈല്‍ ഫോണ്‍ വഴി അശ്ലീല വെബ്‌സൈറ്റില്‍ ദൃശ്യങ്ങള്‍ പതിവായി കണ്ടതായും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിച്ചതായും കണ്ടെത്തി.


ഇത്തരം ദൃശ്യങ്ങള്‍ പതിവായി കാണുന്നവരെയും ഡൗണ്‍ലോഡ് ചെയ്യുന്നവരെയും സൈബര്‍ സെല്‍ വഴി നിരീക്ഷിച്ചശേഷമാണ് പരിശോധന നടത്തിയത്. ഡൗണ്‍ലോഡ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ കുറേ നാളുകളായി സൈബര്‍ സെല്‍ ഇവരെ നിരീക്ഷിച്ചുവരുകയായിരുന്നു. പിടിച്ചെടുത്ത മൊബൈല്‍ഫോണ്‍ കൂടുതല്‍ പരിശോധനകള്‍ക്കായി ഫൊറന്‍സിക് വിഭാഗത്തിനു കൈമാറി. നിരോധിത സൈറ്റുകളില്‍നിന്ന് കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ കാണുകയോ ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ പോക്‌സോ കേസ് കൂടി ചാര്‍ജ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.


വഴിക്കടവ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.അബ്ദുള്‍ ബഷീറിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ തോമസ്‌കുട്ടി ജോസഫ്,സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഇ.എന്‍ സുധീര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കെ. പിബിജു, എസ്.പ്രശാന്ത് കുമാര്‍,സരിത സത്യന്‍ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്