25 April 2024 Thursday

സംസ്ഥാനത്ത് ഇന്ന് ഹർത്താൽ ; KSRTC , ഓട്ടോ - ടാക്സി സർവീസുകൾ ഇല്ല , പരീക്ഷകൾ മാറ്റിവച്ചു

ckmnews

തിരുവനന്തപുരം: തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിന് സംസ്ഥാനത്ത് തുടക്കം. കോണ്‍ഗ്രസിന്റെയും ഇടതുപാര്‍ട്ടികളുടെയും പിന്തുണയോടെയാണ് ഹര്‍ത്താല്‍ പുരോഗമിക്കുന്നത്.ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ ഇന്ന് കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ ഇല്ല. സര്‍വകലാശാലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. ഓട്ടോ-ടാക്‌സി സര്‍വീസുകളും ഉണ്ടാകില്ല. സ്വകാര്യവാഹനങ്ങള്‍ തടയില്ലെന്ന് സമരാനുകൂലികള്‍ വ്യക്തമാക്കി.


യാത്രക്കാരുടെ തിരക്ക് ഉണ്ടാകാന്‍ സാദ്ധ്യത കുറവായതിനാലും ജീവനക്കാരുടെ അഭാവം കണക്കിലെടുത്തുമാണ് കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ നടത്താത്തത്. അവശ്യ സര്‍വീസുകള്‍ വേണ്ടിവന്നാല്‍ പോലീസിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുമെന്നും കെഎസ്‌ആര്‍ടിസി അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ അതാത് യൂണിറ്റിന്റെ പരിധിയില്‍ വരുന്ന ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച്‌ പരിമിതമായ ലോക്കല്‍ സര്‍വീസുകള്‍ നടത്തും. പോലീസിന്റെ അകമ്ബടിയോടെയായിരിക്കും സര്‍വീസുകള്‍. ദീര്‍ഘദൂര സര്‍വീസുകള്‍ വൈകിട്ട് ആറിന് ശേഷം ഉണ്ടായിരിക്കുമെന്നും കെഎസ്‌ആര്‍ടിസി വ്യക്തമാക്കി.


കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് തിങ്കളാഴ്ച സംസ്ഥാനത്ത് എല്‍ഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാനാണ് ഹര്‍ത്താലെന്നാണ് ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്റെ വാദം. അതേസമയം താത്പര്യമുള്ളവര്‍ക്ക് ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി അറിയിച്ചിട്ടുണ്ട്.