23 April 2024 Tuesday

ഫോണ്‍വഴി പരിചയപ്പെട്ട പെൺകുട്ടിയെ കബളിപ്പിച്ച് 85000 രൂപ തട്ടി; വയനാട് സ്വദേശി പിടിയിൽ

ckmnews

ആലപ്പുഴ: വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്ന വിവരം മറച്ചുവെച്ച് പെൺകുട്ടിയുമായി അടുപ്പത്തിലായ ശേഷം പണം തട്ടിയെടുത്തയാൾ അറസ്റ്റിൽ. വയനാട് സ്വദേശി രഞ്ജിത്ത് എന്നയാളാണ് അറസ്റ്റിലായത്. ചെങ്ങന്നൂർ സ്വദേശിനിയായ പെൺകുട്ടിയെയാണ് ഇയാൾ കബളിപ്പിച്ചത്. പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.ഫോൺ വഴിയാണ് രഞ്ജിത്ത് പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. ദിവസവും ഇവർ ഫോണിൽ സംസാരിക്കാൻ തുടങ്ങിയതോടെ, ഇരുവരും പ്രണയത്തിലായി. ഇതേത്തുടർന്ന് ഇരുവരും നേരിൽ കാണാനും, വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നു. അതിനിടെയാണ് ചില സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്ന് പറഞ്ഞ് യുവാവ് പെൺകുട്ടിയോട് പണം ആവശ്യപ്പെട്ടത്. കൈവശമുണ്ടായിരുന്ന സ്വർണവും വല്യമ്മയുടെ സ്വർണവും പണയം വെച്ച് രണ്ടു തവണയായി 85000 രൂപ പെൺകുട്ടി രഞ്ജിത്തിന്‍റെ അക്കൌണ്ടിലേക്ക് അയച്ചു നൽകിയിരുന്നു.വീട്ടുകാർ അറിയാതെയാണ്, പെൺകുട്ടി ഒരു സുഹൃത്ത് മുഖേന ഇത്രയും പണം കൈമാറിയത്. പണം നൽകിയ വിവരം വീട്ടുകാർ അറിയുമോയെന്ന് കാര്യത്തിൽ പെൺകുട്ടി കടുത്ത മാനസികസമ്മർദ്ദത്തിന് ഇരയായി. ഇതിനിടെയാണ് അമിതമായ അളവിൽ ഗുളിക കഴിച്ച് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയിൽ നിന്ന് പൊലീസ് വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയും, രഞ്ജിത്തിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.