29 March 2024 Friday

ചൈനയുടെ അധീനതയിലാണോ ഗൂഗിൾ?’; റിമൂവ് ചൈന ആപ്സ് നീക്കം ചെയ്തു

ckmnews



ജയ്പുർ∙ സ്മാർട്ട് ഫോണുകളിൽനിന്നു ചൈന നിർമിത ആപ്പുകൾ കണ്ടെത്തി ഇല്ലാതാക്കാനായി ഇന്ത്യൻ സ്റ്റാർട് അപ് കമ്പനി പുറത്തിറക്കിയ ആപ് ഗൂഗിൾ പ്ലേസ്റ്റോറിൽനിന്നു നീക്കം ചെയ്തു. ജയ്പുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വൺ ടച്ച് ആപ് ലാബ്സ് എന്ന സ്റ്റാർട് അപ് കമ്പനി പുറത്തിറക്കിയ ‘റിമൂവ് ചൈന ആപ്സ്’ എന്ന മൊബൈൽ ആപ്ലിക്കേഷനാണ് പ്ലേസ്റ്റോറിൽനിന്നു ഗൂഗിൾ എടുത്തു കളഞ്ഞത്. വൺ ടച്ച് ആപ് ലാബ്സ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.‘പ്രിയ സുഹൃത്തുക്കളേ, റിമൂവ് ചൈന ആപ്സ് എന്ന ആപ് ഗൂഗിൾ അവരുടെ പ്ലേസ്റ്റോറിൽനിന്ന് നീക്കം ചെയ്തു. കഴിഞ്ഞ രണ്ട് ആഴ്ച നിങ്ങളെല്ലാവരും നൽകിയ പിന്തുണയ്ക്കു നന്ദി. നിങ്ങളെല്ലാവരും അദ്ഭുതപ്പെടുത്തുന്നു’– എന്നാണ് വൺ ടച്ച് ലാബ്സ് അവരുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ അറിയിച്ചത്. ആപ് പ്ലേ സ്റ്റോറിൽനിന്ന് നീക്കം ചെയ്താലും ആപ്പിന്റെ പേരും അത് ഉണ്ടാക്കിയ രാജ്യത്തിന്റെ പേരും ഒരുമിച്ച് സേർച്ച് ചെയ്താൽ ഗൂഗിളിൽനിന്ന് വേഗത്തിൽ കണ്ടെത്താനാകുമെന്നും പറയുന്നു.ആപ് പ്ലേ സ്റ്റോറിൽ ലഭ്യമല്ലെന്ന് നിരവധി പേർ ട്വിറ്റർ സന്ദേശത്തിൽ പങ്കുവയ്ക്കുന്നു. ഗൂഗിൾ പോളിസികൾ ലംഘിച്ചതിനാലാണ് ആപ് പ്ലേസ്റ്റോറിൽനിന്നു നീക്കം ചെയ്തെന്നാണ് റിപ്പോർട്ട്. ഒരു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്താൽ ഉപഭോക്താവിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഫോണിന്റെ സെറ്റിങ്സിലോ പ്രവർത്തനങ്ങളിലോ മാറ്റം വരുത്തുവാൻ പാടില്ലെന്നാണു പ്ലേ സ്റ്റോർ പോളിസിയിൽ പറയുന്നത്. മാത്രമല്ല അതു മൂന്നാമതൊരു ആപ്ലിക്കേഷനെ നീക്കം ചെയ്യാനോ പ്രവര്‍ത്തനരഹിതമാക്കാനോ പ്രോത്സാഹിപ്പിക്കുകയും ചെയ്യരുത്.ആപ് പ്ലേസ്റ്റോറിൽനിന്നു നീക്കം ചെയ്ത ഗൂഗിളിന്റെ നടപടിയെ ചോദ്യം ചെയ്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ രംഗത്തുവന്നു. ഗൂഗിളിന്റെ സിഇഒ സുന്ദർ പിച്ചൈയെ ടാഗ് ചെയ്തും നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധം രേഖപ്പെടുത്തി. ഗൂഗിൾ ഇന്ത്യ‌യെ ചതിക്കുകയാണോയെന്നും ചൈനയുടെ അധീനതയിലാണോ ഗൂഗിൾ പ്രവർത്തിക്കുന്നത് എന്നും തുടങ്ങിയ ചോദ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ആപ് തിരികെ കൊണ്ടുവരണമെന്ന ആവശ്യവും ശക്തമാണ്. ചൈനയുടെ ടിക് ടോക് ആപ്പിനു ബദലായി ഇന്ത്യ നിർമിച്ച മിത്രോൻ ആപ്പും ഗൂഗിൾ പോളിസി ലംഘനം ആരോപിച്ച് നേരത്തെ നീക്കം ചെയ്തിരുന്നു.അതിർത്തിയിൽ ഇന്ത്യ – ചൈന സമ്മർദ്ദം രൂക്ഷമാകുന്നതിന്റെ ഭാഗമായി ചൈനയ്ക്കെതിരെ കനത്ത പ്രതിഷേധമാണു രാജ്യത്താകെ ഉയർന്നത്. ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ഇന്ത്യന്‍ സംരംഭകന്‍ സോനം വാങ്ചുക് കഴിഞ്ഞ ആഴ്ച ആഹ്വാനം ചെയ്തിരുന്നു. ടിക്ടോക് അടക്കമുള്ള ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ വ്യാപകമായതിനു പിന്നാലെയാണ് ജയ്പുർ കമ്പനി നിർമിച്ച ആപ് തരംഗമായത്. കഴിഞ്ഞ രണ്ട് ആഴ്ചയിക്കിടെ പത്തു ലക്ഷത്തിലധികം പേരാണ് ആപ് പ്ലേ സ്റ്റോറിൽനിന്നു ഡൗൺലോഡ് ചെയ്തത്.