28 March 2024 Thursday

മഞ്ചേരിയിലെ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ckmnews

മലപ്പുറം:  മഞ്ചേരിയിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിട്ടത്തിൽ നിന്നും വീണു മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായികുടുംബം രംഗത്ത്. മഞ്ചേരി ഏറനാട് നോളേജ് സിറ്റി സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വർഷ ബിടെക് വിദ്യാർത്ഥിയായ മുഹമ്മദ് ഷെർഹാൻ്റെ മരണത്തിലാണ് പിതാവ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. 

പട്ടർക്കുളം ഏരിക്കുന്നൻ തുപ്പത്ത് അബ്ദു സലാമിൻ്റെ മുഹമ്മദ് ഷെർഹാൻ കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കോളേജ് ഹോസ്റ്റൽ കെട്ടിട്ടത്തിൽ നിന്നും വീണത്. കോളേജ് ജീവനക്കാർ ചേർന്ന് ഷെർഹാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിൽ തുടരുന്നതിനിടെ ഞായറാഴ്ച രാവിലെ  മരണപ്പെട്ടു. ലിഫ്റ്റ് സ്ഥാപിക്കാനായി കെട്ടിട്ടത്തിലുണ്ടാക്കിയ വിടവിലൂടെയാണ് ഷെർഹാൻ താഴേക്ക് പതിച്ചത്. കെട്ടിട്ടത്തിൻ്റെ മൂന്നാം നിലയിൽ നിന്നും താഴേ ബേസിലേക്ക് ഷെർഹാൻ പതിക്കുകയായിരുന്നു. 

അതേസമയം ഷെർഹാൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന കുടുംബത്തിൻ്റെ ആരോപണം കോളേജ് അധികൃതർ തള്ളി. അബദ്ധത്തിൽ ഷെർഹാൻ താഴേക്ക് പതിച്ചതാണെന്നും സംഭവത്തിൽ ദുരൂഹതയില്ലെന്നുമാണ് കോളേജ് അധികൃതർ പറയുന്നത്. ഷെർഹാൻ്റെ മരണത്തിൽ കുടുംബത്തിന് പരാതികളുണ്ടെങ്കിൽ പൊലീസ് അന്വേഷണത്തിലൂടെ ദുരൂഹതകൾ നീക്കട്ടേയെന്നും കോളേജ് അധികൃതർ പറയുന്നു. സെമസ്റ്റർ പരീക്ഷകൾക്ക് മുന്നോടിയായി നടത്തുന്ന പ്രത്യേക പരിശീലനത്തിനായാണ് വിദ്യാർത്ഥികൾ ഹോസ്റ്റലിൽ എത്തിയത്