18 April 2024 Thursday

കേരള ഹര്‍ത്താല്‍: ജില്ലയില്‍ ഒരുക്കം പൂര്‍ത്തിയായി

ckmnews

ബി.ജെപി സര്‍ക്കാറി‍െന്‍റ ജനവിരുദ്ധ തൊഴിലാളി -കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ഈ മാസം 27ന് രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ നടക്കുന്ന ഭാരത് ബന്ദി​െന്‍റ ഭാഗമായി കേരളത്തില്‍ രാവിലെ ആറുമുതല്‍ വൈകീട്ട്​ ആറുവരെ കേരള ഹര്‍ത്താല്‍ നടത്തുമെന്ന് സംയുക്ത ​ട്രേഡ്​ യൂനിയന്‍ സമിതി ജില്ല കമ്മിറ്റി വാര്‍ത്തസമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു. ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കാനും വാഹനങ്ങള്‍ ഓടിക്കാതെയും ഹര്‍ത്താലില്‍ പങ്കെടുക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. പോസ്​റ്റര്‍, സ്​റ്റിക്കര്‍ പ്രചാരണങ്ങളും തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും യോഗങ്ങളും നടക്കുകയാണ്. ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും 24,25 തീയതികളില്‍ വിളംബര പ്രകടനങ്ങള്‍, പന്തംകൊളുത്തി പ്രകടനങ്ങള്‍ എന്നിവ നടത്തും.


27ന് തൊഴിലാളികളും കുടുംബാംഗങ്ങളും രാവിലെ 10.30 മുതല്‍ 11.30 വരെ സമയം റോഡിലിറങ്ങി ശ്യംഖല തീര്‍ക്കും. കോവിഡ് മാനദണ്ഡം പാലിച്ച അഞ്ചുപേര്‍ വീതം റോഡരികില്‍ കൊടികളും പ്ലക്കാര്‍ഡുകളുമായി അണിനിരക്കും.


കര്‍ഷക വിരുദ്ധവും കോര്‍പറേറ്റ് അനുകൂലവുമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുക, വൈദ്യുതി (ഭേദഗതി) ബില്‍- 2021 പിന്‍വലിക്കുക, എല്ലാ കാര്‍ഷിക വിളകള്‍ക്കും മിനിമം താങ്ങുവില നിയമപരമായി ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം. ബി.എം.എസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂനിയനുകളും ഒറ്റക്കെട്ടായാണ് ബന്ദ് ആഹ്വാനം ചെയ്തത്. വാര്‍ത്തസമ്മേളനത്തില്‍ ട്രേഡ് യൂനിയന്‍ നേതാക്കളായ ടി.കെ. രാജന്‍, കെ.വി. കൃഷ്ണന്‍, ടി.വി. കുഞ്ഞിരാമന്‍, ഷെരീഫ് കൊടവഞ്ചി, കരിവെള്ളൂര്‍ വിജയന്‍, പി.പി. രാജു, സി.എം.എ. ജലീല്‍, സി.വി. ചന്ദ്രന്‍, നാഷനല്‍ അബ്​ദുല്ല എന്നിവര്‍ പങ്കെടുത്തു.