28 March 2024 Thursday

ഫെയ്‌സ്ബുക്കില്‍ പരിചയപ്പെട്ടു, വിവാഹവാഗ്ദാനം നല്‍കി; യുവാവിനെ കബളിപ്പിച്ച് യുവതി തട്ടിയത് 11 ലക്ഷം

ckmnews

പന്തളം : ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെപ്പറ്റിച്ച് 11 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത യുവതിയും ഭർത്താവും അറസ്റ്റിൽ. കൊട്ടാരക്കര പുത്തൂർ പവിത്രേശ്വരം എസ്.എൻ. പുരം ബാബുവിലാസത്തിൽ പാർവതി ടി.പിള്ള (31), ഭർത്താവ് സുനിൽലാൽ (43) എന്നിവരാണ് പന്തളം പോലീസിന്റെ പിടിയിലായത്. പന്തളത്ത് വാടകയ്ക്ക് താമസിക്കുന്ന കുളനട സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.


2020 ഏപ്രിലിലാണ് തട്ടിപ്പിന്റെ തുടക്കം. ഫെയ്‌സ്ബുക്കിലൂടെയാണ് ഇവർ പരിചയപ്പെട്ടത്. അവിവാഹിതയായ താൻ പുത്തൂർ പാങ്ങോട് സ്വകാര്യ സ്‌കൂളിൽ അധ്യാപികയാണെന്നാണ് തട്ടിപ്പിനിരയായ യുവാവിനെ പാർവതി സ്വയം പരിചയപ്പെടുത്തിയത്. എസ്.എൻ. പുരത്തുള്ള സുനിൽലാലിന്റെ വീട്ടിൽ പേയിങ്‌ ഗസ്റ്റായി താമസിക്കുകയാണെന്നും അറിയിച്ചു. സൗഹൃദം തുടർന്നതോടെ പാർവതി വിവാഹവാഗ്ദാനം നല്കി. തനിക്ക്‌ 10 വയസ്സുള്ളപ്പോൾ മാതാപിതാക്കൾ മരിച്ചു. സ്വത്തിന്റെ പേരിൽ കേസ് നടക്കുകയാണെന്നും വിശ്വസിപ്പിച്ചു.


കേസ് നടത്തിപ്പിനും മറ്റു ചെലവുകൾക്കും ചികിത്സാച്ചെലവിനെന്നും പറഞ്ഞാണ് പണം കൂടുതലും വാങ്ങിയത്. പാർവതിയുടെ യാത്ര ആവശ്യത്തിന് ഇന്നോവ കാർ വാടകയ്ക്കെടുത്തതിന് 8,000 രൂപയും യുവാവ് നൽകി. മൊത്തം 11,07,975 ലക്ഷം രൂപയാണു തട്ടിയെടുത്തത്. യുവാവിന്റെ പത്തനംതിട്ട ശാഖയിലെ ബാങ്ക് അക്കൗണ്ടിലൂടെയാണു പണം കൈമാറിയത്. ഇതിനിടെ യുവാവിനെയുംകൂട്ടി പാർവതി എറണാകുളത്തുള്ള ബന്ധുവീട്ടിലും പോയിരുന്നു. വിവാഹത്തിന്റെ കാര്യം പറഞ്ഞപ്പോൾ യുവതി ഒഴിഞ്ഞുമാറിയതോടെ വീടന്വേഷിച്ച് എത്തിയപ്പോഴാണ് കബളിക്കപ്പെടുകയായിരുന്നുവെന്ന് യുവാവ് മനസ്സിലാക്കിയത്. തുടർന്ന് പന്തളം പോലീസിൽ പരാതി നല്കി. ദമ്പതിമാർക്ക് ഒരു മകളുണ്ട്. അറസ്റ്റിലായ ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പന്തളം എസ്.എച്ച്.ഒ. എസ്.ശ്രീകുമാർ, എസ്.ഐ. ടി.കെ.വിനോദ്കുമാർ, എസ്.സി.പി.ഒ. കെ.സുശീൽകമാർ, സി.പി.ഒ.മാരായ കൃഷ്ണദാസ്, പ്രസാദ്, വനിതാ സി.പി.ഒ. മഞ്ജുമോൾ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണവും അറസ്റ്റും നടന്നത്.