20 April 2024 Saturday

ഇതര സംസ്ഥാന തൊഴിലാളികളെ എത്തിച്ച ബസ്സിൽ കഞ്ചാവ് കടത്തിയ സംഭവം; മുഖ്യപ്രതി കീഴടങ്ങി

ckmnews

കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികളെ എത്തിച്ച ബസ്സിൽ കഞ്ചാവ് കടത്തിയ സംഭവത്തിൽ മുഖ്യപ്രതി കീഴടങ്ങി. ആലുവ സ്വദേശി സലാം ആണ് കീഴടങ്ങിയത്. ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മുമ്പാകെയാണ് കീഴടങ്ങിയത്. പ്രതിയെ പാലക്കാട് എക്സൈസിന് കൈമാറി. അതിഥി തൊഴിലാളികളുമായി വന്ന ബസ്സിൽ 150 കിലോ കഞ്ചാവാണ് പിടിച്ചത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റായിരുന്നു കഞ്ചാവ് പിടിച്ചത്. സംഭവത്തിൽ നേരത്തെ അഞ്ച് പേർ പിടിയിലായിരുന്നു.

ബസ് ഡ്രൈവർ സഞ്ജയിനെയും കഞ്ചാവ് വാങ്ങാനെത്തിയ എറണാകുളം സ്വദേശികളായ നാല് പേരുമാണ് നേരത്തെ പിടിയിലായത്. സുരേന്ദ്രൻ, അജീഷ്, നിതീഷ് കുമാർ, പാരിഷ് മാഹിൻ എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. രണ്ട് വാഹനങ്ങളിലായാണ് ഇവർ ബസ്സിൽ നിന്ന് കഞ്ചാവ് ശേഖരിക്കാൻ വന്നത്. പശ്ചിമ ബംഗാളിൽ നിന്നും തൃശൂർ/എറണാകുളം ജില്ലയിലേക്ക് തൊഴിലാളികളെ കൊണ്ടുവന്ന ബസ്സിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. സലാമിന് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നത്. വിശാഖപട്ടണത്തെ കാക്കിനട എന്ന സ്ഥലത്ത് നിന്നുമാണ് കഞ്ചാവ് കയറ്റിയത്.