25 April 2024 Thursday

സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കോവിഡ്:രോഗം ബാധിച്ചവര്‍ പുറത്ത് നിന്ന് വന്നവര്‍

ckmnews

സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 55 പേരും കേരളത്തിന് പുറത്ത് നിന്നും വന്നവരാണ്. 27 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. കാസര്‍കോട് 14, മലപ്പുറം 14, തൃശ്ശൂര്‍ 9, കൊല്ലം 5, പത്തനംതിട്ട നാല്, തിരുവനന്തപുരം മൂന്ന്, എറമാകുളം മൂന്ന്, ആല്പ്പുഴ രണ്ട്, പാലക്കാട് രണ്ട് ഇടുക്കി ഒന്ന് എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.


ര്‍കോഴിക്കോട് ചികിത്സയിലിരുന്ന സുലേഖ മരിച്ചു. ഇതോടെ കേരളത്തില്‍ കൊവിഡ് മരണം പത്തായി. 18 പേരുടെ പരിശോധന ഫലം ഇന്ന് നെഗറ്റീവ് ആയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇതുവരെ 1326 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 708 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ

139661 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.


വീടുകളിലും സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 138397 പേര്‍ ഉണ്ട്. 1246 പേര്‍ ആശുപത്രികളിലാണ്. 174 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 68979 സാമ്ബിളുകള്‍ പരിശോധനക്കയച്ചു. 65273 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. മുന്‍ഗണനാ വിഭാഗത്തിലെ 13470 സാമ്ബിളുകള്‍ ശേഖരിച്ചു. 13037 നെഗറ്റീവാണ്. ആകെ 121 ഹോട്ട്സ്പോട്ടുകള്‍ ഉണ്ട് ഇപ്പോള്‍. പുതുതായി പാലക്കാട് കണ്ണൂര്‍ ജില്ലകളില്‍ അഞ്ച് ഹോട്ട്സ്പോട്ടുകള്‍. ഒന്‍പത് മലയാളികള്‍ വിദേശത്ത് ഇന്ന് മരിച്ചു. 210 പേര്‍ ഇങ്ങനെ ഇതുവരെ മരിച്ചു. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലും മലയാളികള്‍ മരിക്കുന്നു. മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കാണാനാവാത്ത സ്ഥിതിയാണ്. വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നു.


മെയ് നാലിന് ശേഷം ഉണ്ടായ കേസുകളില്‍ 90 ശതമാനവും പുറത്ത് നിന്ന് വന്നവരാണ്. മെയ് നാലിന് മുന്‍പ് അത് 67 ശതമാനമായിരുന്നു. മെയ് 29 ന് ശേഷം ശരാശരി മൂവായിരം ടെസ്റ്റുകള്‍ നടത്തുന്നുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ഫ്യുവിന് സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തും. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തി ജോലി ചെയ്ത് മടങ്ങുന്ന തൊഴിലാളികള്‍ക്ക് 15 ദിവസ കാലാവധിയുള്ള താത്കാലിക പാസ് നല്‍കും. 3075 മാസ്ക് ധരിക്കാത്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്വാറന്റൈന്‍ ലംഘിച്ച ഏഴ് പേര്‍ക്കെതിരെ ഇന്ന് കേസെടുത്തു.


ലോക്ക്ഡൗണില്‍ നിന്ന് പുറത്തുകടക്കാനുള്ള നിര്‍ദ്ദേശം കേന്ദ്രം പുറപ്പെടുവിച്ചു. ചിലകാര്യങ്ങളില്‍ നിയന്ത്രണം തുടരാനോ കര്‍ക്കശമാക്കാനോ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്. രോഗവ്യാപന സ്ഥിതിയനുസരിച്ച്‌ മാറ്റം വരുത്തണം. കേന്ദ്ര നിര്‍ദ്ദേശം സംസ്ഥാനം പരിശോധിച്ചു. കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂട്ടംകൂടുന്നത് അനുവദിക്കില്ല. രോഗവ്യാപനം തടയണം. സംഘം ചേരല്‍ അനുവദിച്ചാല്‍ റിവേഴ്സ് ക്വാറന്റൈന്‍ പരാജയപ്പെടും. പ്രായമായവര്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നത് അപകടകരമാകും.


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 50 പേരെന്ന പരിധി വച്ച്‌ വിവാഹ ചടങ്ങുകള്‍ അനുവദിക്കും. കല്യാണ മണ്ഡപങ്ങളിലും ഹാളുകളിലും 50 പേര്‍ എന്ന നിലയില്‍ വിവാഹത്തിന് മാത്രം അനുവാദം നല്‍കും. വിദ്യാലയങ്ങള്‍ ജൂലൈ മാസത്തിന് ശേഷമേ സാധാരണ നിലയില്‍ തുറക്കൂ. എട്ടാം തീയതിക്ക് ശേഷം അനുവദിക്കേണ്ട ഇളവുകളുടെ കാര്യത്തില്‍ അഭിപ്രായം കേന്ദ്രത്തെ അറിയിക്കും.


കണ്ടെയ്ന്‍മെന്റ് സോണില്‍ ജൂണ്‍ 30 വരെ പൂര്‍ണ്ണ ലോക്ക്ഡൗണ്‍. സംസ്ഥാനത്തേക്ക് അതിര്‍ത്തിക്ക് പുറത്ത് നിന്ന് വരുന്നവര്‍ സംസ്ഥാന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. അന്തര്‍ജില്ലാ ബസ് സര്‍വീസ് പരിമിതമായി അനുവദിക്കാം. രണ്ട് ജില്ലകള്‍ക്കിടയില്‍ ബസ് സര്‍വീസ് അനുവദിക്കാം. എല്ലാ സീറ്റിലും ഇരുന്ന് യാത്ര ചെയ്യാം.


കാറില്‍ ഡ്രൈവര്‍ക്ക് പുറമെ മൂന്ന് പേര്‍ക്ക് യാത്ര ചെയ്യാം. ഓട്ടോറിക്ഷയില്‍ രണ്ട് പേര്‍ക്ക് യാത്ര ചെയ്യാം. സിനിമാ ഷൂട്ടിങ് സുരക്ഷാ മാനദണ്ഡം പാലിച്ച്‌ നടത്താം. 50 പേരില്‍ കൂടുതല്‍ പാടില്ല. ചാനലുകളില്‍ ഇന്‍ഡോര്‍ ഷൂട്ടിങില്‍ പരമാവധി 25 പേര്‍ മാത്രമേ പാടുള്ളൂ.പൊതുമരാമത്ത് ജോലികള്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പത്ത് ദിവസത്തേക്ക് പാസ് നല്‍കും.


കേരളത്തിന്റെ കൊവിഡുമായി പരിശോധിക്കുമ്ബോള്‍ പ്രഥമ പരിഗണന പ്രതിരോധമാര്‍ഗ്ഗത്തിന്റെ പ്രത്യേകതയാണ്. പൊതുആരോഗ്യ സംവിധാനത്തിന് ഊന്നല്‍ നല്‍കുന്നതാണ് നമ്മുടെ പ്രതിരോധ പദ്ധതി.രോഗം രൂക്ഷമായി പടര്‍ന്നുപിടിച്ച മിക്ക ഇടത്തിലും ട്രേസ് ക്വാറന്റൈന്‍ ഘട്ടങ്ങള്‍ ഒഴിവാക്കി. ടെസ്റ്റിനും ട്രീറ്റ്മെന്റിനും മാത്രം ഊന്നല്‍ നല്‍കി. ഇതുകൊണ്ട് രോഗത്തെ ഫലപ്രദമായി തടയാനായില്ല. കേരളത്തിന് രോഗവ്യാപനം തടയാനായത് ഈ ഇടപെടല്‍ കൊണ്ടാണ്.


കേരളത്തിന്റെ ഏറ്റവും വലിയ ശക്തി വികേന്ദ്രീകൃതമായ പൊതുജനാരോഗ്യ സംവിധാനം. കൊവിഡ് 19 ന്റെ കേരളത്തിലെ ബേസിക് റീപ്രൊഡക്ടീവ് സംഖ്യ പരിശോധിച്ചാല്‍ മികവറിയാം. ഒരു രോഗിയില്‍ നിന്ന് എത്ര പേരിലേക്ക് രോഗം പകരുന്നുവെന്നതാണ് ഈ കണക്ക്. ലോകത്തില്‍ മൂന്നാണ് ഈ ശരാശരി കണക്ക്. ഒരാളില്‍ നിന്ന് മൂന്ന് പേരിലേക്ക് രോഗം പകരുന്നുവെന്നാണ്. കേരളത്തില്‍ ആദ്യ മൂന്ന് കേസ് വുഹാനില്‍ നിന്നെത്തി. ഇവരില്‍ നിന്ന് ഒരാളിലേക്ക് പോലും രോഗം പടരാതെ നോക്കാന്‍ നമുക്ക് സാധിച്ചു.


ഇന്ത്യയില്‍ രോഗം പടരാന്‍ സാധ്യതയുണ്ടെന്ന് ജനുവരി 18 ന് ലോകാരോഗ്യ സംഘടന പറഞ്ഞു. 19 ന് സംസ്ഥാനം ഉത്തരവിറക്കി. 21 ന് സ്ക്രീനിങ്ങിന്‍റെ മാനദണ്ഡം തീരുമാനിച്ചു. 26 ന് ആദ്യ കേസ് രേഖപ്പെടുത്തി. അപ്പോഴേക്കും നമ്മള്‍ രോഗവ്യാപനം തടയാനുള്ള സംവിധാനം ഏര്‍പ്പെടുത്തി. അടുത്ത ഘട്ടത്തില്‍ കേരളത്തിലെ കൊവിഡ് കേസുകളില്‍ 75 ശതമാനം പുറത്ത് നിന്ന് വന്നതും 25 ശതമാനം സമ്ബര്‍ക്കത്തിലൂടെയും ഉണ്ടായി. ഈ സാഹചര്യത്തില്‍ കേരളത്തിലെ ബേസിക് റീപ്രൊഡക്ടീവ് നമ്ബര്‍ 0.45 ആക്കി നിലനിര്‍ത്താനായി. ലോകശരാശരി മൂന്നായിരുന്നു. ലോകത്ത് വളരെ കുറച്ച്‌ രാജ്യങ്ങള്‍ക്ക് മാത്രമേ ഈ നേട്ടം കൈവരിക്കാനായുള്ളൂ.


മറിച്ചായിരുന്നു അവസ്ഥയെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു. കൊവിഡിന്റെ സീരിയല്‍ ഇന്‍്റര്‍വെല്‍ അഞ്ച് ദിവസമാണ്. രോഗിയില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പടരാന്‍ വേണ്ട സമയമാണിത്. കേരളത്തിലേത് മൂന്നാണെന്ന് കരുതിയാല്‍ കേരളത്തിലെ 670 കേസുകള്‍ 14 ദിവസം കൊണ്ട് 25000 ആകേണ്ടതാണ്. ശരാശരി മരണനിരക്ക് ഒരു ശതമാനമെടുത്താല്‍ മരണനിരക്ക് 250 കവിയും. കേരളത്തില്‍ അതല്ല സംഭവിച്ചത്. അതിന് കാരണം രോഗം തടയാന്‍ വേണ്ട ട്രേസിങും ക്വാറന്റൈനും ഫലപ്രദമായി നടപ്പാക്കാനായതാണ്. വലിയ വിപത്തിനെ ഇങ്ങിനെയാണ് നാം തടഞ്ഞത്. അതുകൊണ്ട് ഹോം ക്വാറന്റൈനും കോണ്ടാക്‌ട് ട്രേസിങും ശക്തമായി മുന്നോട്ട് കൊണ്ടുപോകണം.


രോഗത്തിന്റെ സ്രോതസ് കണ്ടെത്താനാവാത്ത പോസിറ്റീവ് കേസുകള്‍ 30 ഓളം കണ്ടെത്തിയില്ലേയെന്ന് ചിലര്‍ ചോദിക്കുന്നു. അത് സമൂഹിക വ്യാപനത്തിന്റെ ലക്ഷണമല്ലേയെന്ന് ചോദിക്കപ്പെട്ടേക്കാം. ഈ 30 കേസുകളും സാമൂഹിക വ്യാപനമല്ല. എത്രയൊക്കെ ശ്രമിച്ചാലും രണ്ടാഴ്ചക്കുള്ളില്‍ അയാളുമായി ബന്ധപ്പെട്ട എല്ലാവരെയും പൂര്‍ണ്ണമായും കണ്ടെത്താനാവില്ല. കുറച്ചുപേരെയെങ്കിലും റൂ്ട്ടമാപ്പില്‍ ബന്ധപ്പെടാനാകാതെ പോയേക്കാം. അത് സാമൂഹിക വ്യാപനത്തിന്റെ ലക്ഷണമായി ഉറപ്പിക്കാനാവില്ല. അത്തരം സംഭവങ്ങള്‍ കൂടുതലായുണ്ടോയെന്ന് പരിശോധിക്കുകയും കൂടുതല്‍ ടെസ്റ്റ് നടത്തുകയും ചെയ്യും.


എവിടെ നിന്ന് രോഗം കിട്ടിയെന്നറിയാത്ത കേസുകളുടെ കൂട്ടം കേരളത്തില്‍ എവിടെയും ഉണ്ടായിട്ടില്ലെന്ന് പരിശോധിച്ച്‌ ഉറപ്പാക്കി. അതുകൊണ്ട് സാമൂഹിക വ്യാപനത്തില്‍ ഉള്‍പ്പെടുത്താനാവില്ല. ഈ 30 ഓളം കേസുകളും സാമൂഹിക വ്യാപനത്തിലേക്ക് പോയിട്ടില്ല. കൊവിഡിന്റെ മാത്രം പ്രത്യേകതയാണിത്. എല്ലാ രോഗങ്ങളിലും ഇങ്ങിനെയല്ല.


മഴക്കാലം തുടങ്ങുന്നതിനാല്‍ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി പുനരാരംഭിക്കും. കൊവിഡ് ഇതര രോഗങ്ങളുടെ ചികിത്സ ഉറപ്പാക്കും. മെഡിക്കല്‍ കോളേജുകളില്‍ കൂടുതല്‍ രോഗികള്‍ എത്തുന്നു. ചികിത്സ കഴിയുന്നതും പഴയ തരത്തില്‍ പുനരാരംഭിക്കാന്‍ ശ്രമം തുടങ്ങി. പുതുതായി രോഗവുമായി എത്തുന്നവര്‍, നേരത്തെ രോഗം ഉള്ള അടിയന്തിര ചികിത്സ വേണ്ടവര്‍, ഡയാലിസിസ് പോലെ പരിചരണം വേണ്ടവരുമുണ്ട്. ടെലിമെഡിസിന്‍ പദ്ധതി വ്യാപിപ്പിക്കും. സ്വകാര്യമേഖലയുമായി ചേര്‍ന്ന് താഴേത്തട്ടില്‍ മൊബൈല്‍ ക്ലിനിക്കുകള്‍ സ്ഥാപിക്കും. സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ ചികിത്സ കൂടുതലായി ലഭ്യമാക്കാന്‍ കര്‍മ്മ പരിപാടികള്‍ രൂപീകരിക്കും.


കൊവിഡ് മരണനിരക്കില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. മെയ് നാലിന് മൂന്ന് പേരായിരുന്നത് പത്തായി. ആശങ്ക അമിതമായി വേണ്ട. വിദേശത്ത് നിന്നെത്തുന്ന പ്രായമായവരും രോഗികളും കൊവിഡ് ബാധയോടെ എത്തി. അതില്‍ ചിലര്‍ മരിച്ചു. ഇത്തരത്തിലുള്ളവരുടെ എണ്ണം കുറയുന്നതോടെ ഇതില്‍ മാറ്റം വരും. രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. റിവേഴ്സ് ക്വാറന്റൈന്‍-സംരക്ഷണ സമ്ബര്‍ക്ക വിലക്ക് കൂടുതല്‍ ശക്തമാക്കണം.കൊവിഡ് ബാധിച്ച്‌ മരിച്ചവരെ സംസ്കരിക്കുന്നതിന് കേന്ദ്രം പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചു. നിപ്പയെ താരതമ്യം ചെയ്താല്‍ കൂടുതല്‍ ലഘൂകരിച്ച നിര്‍ദ്ദേശങ്ങളാണ്.


സംസ്ഥാനത്ത് ട്രെയിന്‍ യാത്ര ആകാമെന്ന് കാണുന്നു. റിട്ടേണ്‍ ടിക്കറ്റ് അടക്കം വരുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കില്ല. ജനശതാബ്ദി ഇന്ന് പുറപ്പെട്ടത് കോഴിക്കോട്ട് നിന്നാണ്. കണ്ണൂരില്‍ നിന്നുള്ള യാത്രക്കാരുടെ യാത്ര മുടങ്ങിയത് റെയില്‍വെയുടെ ശ്രദ്ധയില്‍പെടുത്തും. ഗള്‍ഫില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ ആളെയെത്തിക്കുന്നതിന് ചിലര്‍ കൂടുതല്‍ പണമീടാക്കുന്നതായി പരാതിയുണ്ട്. കേന്ദ്രം ഇപ്പോള്‍ നിശ്ചയിച്ച യാത്രാക്കൂലിയില്‍ വര്‍ധിക്കരുത്. മുന്‍ഗണനാ വിഭാഗത്തെ പരിഗണിക്കണം.


അതിഥി തൊഴിലാളികള്‍ക്കിടയില്‍ പ്രകോപനപരമായ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് തുടരുന്നു. അവരുടെ കാര്യത്തില്‍ സംസ്ഥാനത്തിന് തടസമില്ല. ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് ശുചീകരണം നടന്നു. പങ്കെടുത്ത എല്ലാവരെയും അഭിനന്ദിക്കുന്നു.


കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതി ചേര്‍ക്കുന്ന ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്.ടിവിയില്ലാത്ത കുട്ടികള്‍ക്ക് അയല്‍പക്ക പഠന കേന്ദ്രങ്ങളിലേക്ക് ടിവി വാങ്ങുന്നതിന് കെഎസ്‌എഫ്‌ഇ 75 ശതമാനം ചെലവ് വഹിക്കും. ടിവിയുടെ 25 ശതമാനം ചെലവും കേന്ദ്രം ഒരുക്കുന്ന ചെലവും തദ്ദേശ സ്ഥാപനങ്ങള്‍ കണ്ടെത്തണം. കുടുംബശ്രീ വഴി ലാപ്ടോപ്പ് വാങ്ങാനുള്ള ഒരു സ്കീം കെഎസ്‌എഫ്‌ഇ നടപ്പിലാക്കുന്നു.


ആദ്യ ആഴ്ചയില്‍ ട്രയല്‍ സംപ്രേഷണമാണ്. ജൂണ്‍ ഒന്നിലെ ക്ലാസുകള്‍ ജൂണ്‍ എട്ടിന് പുനസംപ്രേഷണം ചെയ്യും. ഉന്നത വിദ്യാഭ്യാസ മേഖലയിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങി. സാങ്കേതിക സംവിധാനങ്ങളുടെയും ഇന്റര്‍നെറ്റിന്റെയും ലഭ്യതയ്ക്കനുസരിച്ച്‌ ഓണ്‍ലൈന്‍ ക്ലാസ് നല്‍കും. ഇത് ലഭ്യമല്ലാത്ത കുട്ടികള്‍ക്ക് കോളേജിലോ മറ്റ് സ്ഥാപനങ്ങളിലോ സൗകര്യം ഒരുക്കും.


എസ്‌എസ്‌എല്‍സി-പ്ലസ് ടു പരീക്ഷകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. ലോക്ക് ഡൗണ്‍ ഘട്ടത്തില്‍ കുറ്റമറ്റ രീതിയില്‍ പരീക്ഷ നടത്തിയവരെയും കുട്ടികളെയും അഭിനന്ദിക്കുന്നു.കേരള സംസ്ഥാന പിന്നാക്ക വികസന കോര്‍പ്പറേഷന്‍ 650 കോടിയുടെ വായ്പാ പദ്ധതികള്‍ നടപ്പിലാക്കും. സംരംഭങ്ങള്‍ക്ക് പരമാവധി അഞ്ച് ലക്ഷം രൂപ ആറ് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ പ്രവര്‍ത്തന മൂലധന വായ്പ നല്‍കും. മൈക്രോ ക്രെഡിറ്റ്, മഹിളാ സമൃദ്ധി യോജന പദ്ധതികള്‍ പ്രകാരം അനുവദിക്കുന്ന വായ്പ മൂന്ന് കോടിയാക്കും. മൂന്ന് മുതല്‍ നാല് ശതമാനം വരെ വാര്‍ഷിക പലിശയ്ക്കാണ് ഇത് ലഭ്യമാക്കുക.


ആരാധനാലയങ്ങള്‍ തുറക്കുന്നത് പ്രതിപക്ഷത്തിന്‍റെ ആവശ്യമല്ല, വിശ്വാസികളുടെ ആവശ്യമാണ്. എട്ടാം തീയതിയിലെ കേന്ദ്ര നിര്‍ദ്ദേശം അനുസരിച്ച്‌ തീരുമാനമെടുക്കും. നമ്മുടെ നിലപാട് കേന്ദ്രത്തെ അറിയിക്കും. മതമേധാവികളുമായി ചര്‍ച്ച നടത്തും.