24 April 2024 Wednesday

കേരളീയ വാദ്യകലാ ചരിത്രത്തിന്റെ നാല് നൂറ്റാണ്ട് സോപാനം സ്കൂള്‍ ഒരുക്കുന്ന ചരിത്രപുസ്തകം അവസാന ഘട്ടത്തിലേക്ക് 9000 കലാകാരന്‍മാരുടെ വിവര ശേഖരണം പൂര്‍ത്തിയാക്കി

ckmnews

കേരളീയ വാദ്യകലാ ചരിത്രത്തിന്റെ നാല് നൂറ്റാണ്ട്


സോപാനം സ്കൂള്‍ ഒരുക്കുന്ന ചരിത്രപുസ്തകം അവസാന ഘട്ടത്തിലേക്ക് 9000 കലാകാരന്‍മാരുടെ വിവര ശേഖരണം പൂര്‍ത്തിയാക്കി


ചങ്ങരംകുളം:കേരളീയ  വാദ്യപാരമ്പര്യത്തെ കുറിച്ച് ഒരു ചരിത്ര പുസ്തകം തയ്യാറാക്കുകയാണ് മലപ്പുറം ജില്ലയിലെ എടപ്പാളിൽ സ്ഥിതിചെയ്യുന്ന സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം.കേരളീയ വാദ്യകലയുടെ 4 നൂറ്റാണ്ട് എന്ന ചരിത്രപുസ്തകത്തിന്റെ പ്രവൃത്തികള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.ഷഡ്കാല ഗോവിന്ദമാരാർ അടക്കമുള്ളവരുടെ കാലഘട്ടം മുതല്‍ ഇന്നത്തെ ഇളം തലമുറയെ വരെ ഉള്‍പ്പെടുത്തി കേരളീയ വാദ്യകലകളുടെ ചരിത്രത്തെ അനാവരണം ചെയ്യുകയെന്ന മഹത്തായ ദൗത്യമാണ് പുസ്തകത്തിലൂടെ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം ലക്ഷ്യമിടുന്നത്.കേരളീയ വാദ്യകലകളായ ചെണ്ട, തിമില, മദ്ദളം, ഇടയ്ക്ക, കൊമ്പ്, ഇലത്താളം, കുറുംകുഴല്‍, സോപാന സംഗീതം എന്നിവയെക്കുറിച്ചറിയാനും  ഗവേഷണം നടത്താനുമുതകുന്ന അതിബൃഹത്തായ ഗ്രന്ഥമാണ് അണിയറയിലൊരുങ്ങുന്നത്.കലാസപര്യകള്‍ക്കു വേണ്ടി ജീവന്‍ നല്‍കിയ മഹാരഥന്‍മാരുടെ ജീവിത ചരിത്രത്തോടൊപ്പം വാദ്യകലകളുടെ ഒരു നേര്‍ക്കാഴ്ച കൂടിയാവും ഈ ഗ്രന്ഥം.


പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍, കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരി, ആലങ്കോട് ലീലാകൃഷ്ണന്‍, പ്രകാശ് മഞ്ഞപ്ര, സന്തോഷ് ആലങ്കോട് തുടങ്ങിയവരാണ് ഈ ചരിത്രദൗത്യത്തിന് നേതൃത്വം നൽകുന്നത്. ഡോക്ടര്‍ ചാത്തനാത്ത് അച്ച്യുതനുണ്ണി,ഡോക്ടര്‍ രാജൻ ഗുരുക്കൾ, പ്രൊഫസര്‍ വെളുത്താട്ട് കേശവൻ,ഡോക്ടര്‍  എം.ജി. ശശിഭൂഷൺ, ഡോക്ടര്‍ രാഘവൻ പയ്യനാട്, ഡോക്ടര്‍ ശശിധരൻ ക്ളാരി, പത്മശ്രീ പെരുവനം കുട്ടൻ മാരാർ, കലാമണ്ഡലം ഉണ്ണികൃഷ്ണൻ, തിച്ചൂർ മോഹനൻ,തൃപ്പൂണിത്തുറ കൃഷ്ണദാസ്,ബാലുശ്ശേരി കൃഷ്ണദാസ്,കലാമണ്ഡലം ഹരിഹരൻ,സന്തോഷ് കൈലാസ്, കുറുങ്ങാട് വാസുദേവൻ നമ്പൂതിരി, ഉണ്ണി ശുകപുരം തുടങ്ങിയവർ ഉൾപ്പെടുന്ന ഉപദേശക സമിതിയുടേയും,ഇവർക്ക് പുറമേ കല,സാഹിത്യം, ചരിത്രം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള പണ്ഡിതന്മാരുടെ സേവനവും ഈ ഗ്രന്ഥരചനയുടെ പിറകിലുണ്ട്. ഇതിലേക്ക് കേരളത്തിലെ  എല്ലാ വാദ്യ കലാകാരന്മാരുടെയും, മൺമറഞ്ഞ ഗുരുനാഥന്മാരുടെയും വിവരങ്ങളാണ് സംഘാടകര്‍  ശേഖരിച്ച് വരുന്നത്. ഇതുവരെ 9000 കലാകാരന്മാരുടെ വിവരശേഖരണം നടത്തിക്കഴിഞ്ഞു.ഓരോരുത്തരേയും നേരിട്ട് വിളിച്ചാണ് വിവരങ്ങൾ ശേഖരിക്കുന്നത്. 10 വർഷത്തെ വാദ്യ പരിചയമുള്ള കലാകാരന്മാരെയും കലാകാരികളെയുമാണ് ഗ്രന്ഥത്തിൽ ഉൾപ്പെടുത്തുന്നത്. ഓരോരുത്തരുടേയും ഫോട്ടോ സഹിതമുള്ള വിശദവിവരങ്ങളാണ് ചരിത്ര പുസ്തകത്തില്‍ രേഖപ്പെടുത്തുക. 


ഇതൊരു ചരിത്ര രേഖയാണ്.വരും കാലങ്ങളിൽ കേരളത്തിൻ്റെ വാദ്യചരിത്രത്തെ കുറിച്ച് പഠിക്കുകയും, ഗവേഷണം നടത്തുകയും ചെയ്യുന്ന ചരിത്രവിദ്യാർത്ഥികൾ ഈ ഗ്രന്ഥമായിരിക്കും അടിസ്ഥാനമായി ഉപയോഗിക്കുക എന്ന് സംഘാടകര്‍ പറയുന്നു. ഗ്രന്ഥത്തിൽ ഉൾപ്പെടുന്ന ഓരോ കലാകാരനും കലാകാരിയും വരുംകാലത്തെ ചരിത്ര അടയാളമായി മാറും.വർഷങ്ങളായി വാദ്യരംഗത്ത് പരിചയമുള്ള എല്ലാവരും ഈ ചരിത്ര പുസ്തകത്തിന്റെ ഭാഗമാകുന്നുണ്ടെന്നും വാദ്യകലകളെ കുറിച്ച് ഏതെങ്കിലും തലത്തിലുള്ള പുതിയ റിവുകള്‍ ഉണ്ടെങ്കില്‍ തങ്ങളുടെ ഈ ചരിത്ര ദൗത്യത്തിന് കൈമാറണമെന്നും പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കുന്ന സന്തോഷ് ആലംകോട് പറഞ്ഞു