20 April 2024 Saturday

പൊന്നാനിയിൽ ചെമ്മീൻ ചാകര; വിറ്റത് 20 രൂപയ്ക്ക്, ഓരോ മണിക്കൂറിലും വിലയിടിഞ്ഞു..

ckmnews

പൊന്നാനി ∙ മത്സ്യത്തൊഴിലാളികളുടെ മനസ്സും ഹാർബറും നിറഞ്ഞു.. കാലങ്ങൾക്കു ശേഷം പൊന്നാനിയിൽ വീണ്ടും ചെമ്മീൻ ചാകര.. കടലിലിറങ്ങിയ ബോട്ടുകാർക്കെല്ലാം വല നിറയെ ചെമ്മീൻ കിട്ടി. രണ്ടാഴ്ച മുൻപ് ചാകരയോളം കോളുണ്ടായിരുന്നെങ്കിലും ഇന്നലെയാണ് ശരിക്കും ചാകരയുണ്ടായത്. തീരമണയുന്ന ഓരോ ബോട്ടിൽ നിന്നും കൊട്ടക്കണക്കിന് ചെമ്മീൻ ഹാർബറിലേക്ക് കൊണ്ടുവന്നു കൂട്ടുകയായിരുന്നു.കുന്നോളം ഉയരത്തിൽ ഹാർബറിലെ ലേല ഹാളിൽ ചെമ്മീൻ കൂട്ടിയിട്ടിരുന്നു. രാവിലെ മുതൽ തന്നെ കരയിലുള്ളവർക്ക് ചാകരക്കോളിന്റെ സൂചന കിട്ടി. ആദ്യ ബോട്ടുകൾ അടുത്തു തുടങ്ങിയപ്പോൾ തന്നെ ഹാർബർ ചെമ്മീൻ കൊണ്ട് നിറഞ്ഞു. ചാകരയെന്ന് ഉറപ്പിച്ചതോടെ വിലയും ഇടിഞ്ഞു. 30 കിലോ തൂക്കം വരുന്ന ഒരു കൊട്ട ചെമ്മീൻ ആയിരം രൂപയിൽ താഴെയാണ് ലേലത്തിൽ വിറ്റഴിച്ചത്. ഓരോ മണിക്കൂറിലും വിലയിടിഞ്ഞുകൊണ്ടേയിരുന്നു.


അവസാനമടുത്ത ബോട്ടുകളുടെ അവസ്ഥ ദയനീയമായിരുന്നു. ബോട്ട് നിറയെ മീനുണ്ടായിട്ടും പ്രതീക്ഷിച്ച തുക കിട്ടാതെ വിൽക്കേണ്ടി വന്നു. ഇന്നലെ വൈകുന്നേരത്തോടെ 30 രൂപയിലേക്കും 20 രൂപയിലേക്കും ഹാർബറിലെ ചെമ്മീൻ വില ഇടിഞ്ഞു. ചില്ലറ മാർക്കറ്റുകളിൽ നല്ല ലാഭത്തിന് വിൽപന നടക്കുന്നുണ്ടെങ്കിലും ബോട്ടുകാർക്ക് തുച്ഛം കാശ് മാത്രമാണ് കിട്ടിയത്. ഇതര സംസ്ഥാനങ്ങളിലേക്കും ലോഡ് കണക്കിനു ചെമ്മീൻ കയറ്റി അയച്ചു.