19 April 2024 Friday

പനമരം നെല്ലിയമ്പം വൃദ്ധ ദമ്പതികളുടെ കൊലപാതകം; പ്രതി 'അർജുൻ' തന്നെ, അറസ്റ്റ് രേഖപ്പെടുത്തി

ckmnews

വയനാട്: പനമരം നെല്ലിയമ്പത്തെ വൃദ്ധ ദമ്പതികളുടെ കൊലപാതകത്തിൽ പ്രതി പിടിയിലായി. ചോദ്യം ചെയ്യലിനിടെ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച അർജുൻ തന്നെയാണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. 

അർജുൻ മോഷണ ശ്രമത്തിനിടെയാണ് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയതെന്നാണ് സൂചന. പ്രദേശവാസിയുടെ മൊബൈൽ മോഷ്ടിച്ചതിനും അർജുനെതിരെ കേസ് എടുത്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ബംഗളൂരുവിലും ചെന്നൈയിലും ഹോട്ടലുകളിലും റിസോർട്ടുകളിലും ജോലി ചെയ്തിരുന്ന അർജുൻ ലോക്ഡൗൺ സമയത്താണ് നാട്ടിലെത്തിയത്. കൊവിഡിൽ ജോലി പോയതോടെ നാട്ടിൽ കൂലിവേലകൾ ചെയ്യുകയായിരുന്നു. 

കൊല്ലപ്പെട്ട റിട്ട. അധ്യാപകരായ കേശവൻ്റെയും ഭാര്യ പത്മാവതിയുടെയും അയൽവാസിയാണ് നെല്ലിയമ്പം കുറുമ കോളനിയിലെ അർജുൻ. ചോദ്യം ചെയ്യലിനിടെ എലി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച അർജുൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഈ മാസം പത്തിന് രാവിലെയാണ് മാനന്തവാടി ഡിവൈഎസ്പി ഓഫീസിലേക്ക് അർജുനെ പൊലീസ് വിളിച്ചു വരുത്തിയത്. ചോദ്യം ചെയ്യുന്നതിനിടെ അർജുൻ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടുകയും അടി വസ്ത്രത്തിൽ ഒളിപ്പിച്ച എലി വിഷം  ഉപയോഗിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയായിരുന്നു എന്നുമാണ് പൊലീസ് പറഞ്ഞത്. അർജുനെ ആദ്യം മാനന്തവാടി മെഡിക്കൽ കോളേജിലും തുടർന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. അർജുൻ പ്രതിയാണെന്ന് കരുതുന്നില്ലെന്നും കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്നുമായിരുന്നു നാട്ടുകാർ അന്ന് പറഞ്ഞത്.

കഴിഞ്ഞ ജൂൺ പത്തിന് രാത്രിയാണ് റിട്ട. അധ്യാപകൻ കേശവൻ മാസ്റ്ററും ഭാര്യ പത്മാവതിയും കുത്തേറ്റ് മരിച്ചത്. കേസ് അന്വേഷണത്തിൻ്റെ ഭാഗമായി മൂന്ന് മാസത്തിനിടെ മുന്നോറോളം പേരെയാണ് പൊലീസ് ചോദ്യം ചെയ്തത്.