25 April 2024 Thursday

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടി പരിധിയില്‍ വരുമോയെന്ന് ഇന്നറിയാം; നിര്‍ണായക യോഗം

ckmnews

പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാനുള്ള നീക്കം സജീവമായിരിക്കെ നിര്‍ണായകമായ ജിഎസ്ടി കൗണ്‍സില്‍ യോഗം രാവിലെ 11 മുതല്‍ ലക്നൗവില്‍ ചേരും. കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍റെ അധ്യക്ഷതയിലാണ് 45മത് കൗണ്‍സില്‍ യോഗം. പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്നത് പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. 


നിലവിലെ വില സാഹചര്യംവച്ച് ജിഎസ്ടിയുടെ പരിധിയില്‍ വന്നാല്‍ പെട്രോളിന് ലീറ്ററിന് 75 രൂപയും ഡീസലിന് ലീറ്ററിന് 68 രൂപയുമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാര്‍ഹിക, വാണിജ്യ ആവശ്യത്തിന് പൈപ്പിലൂടെ ലഭിക്കുന്ന പ്രകൃതി വാതകം, വാഹനങ്ങള്‍ക്കുള്ള സിഎന്‍ജി എന്നിവ 5,18,28 പരിധിയിലേയ്ക്ക് കൊണ്ടുവന്നേക്കും. വിമാന ഇന്ധന നികുതി നിയന്ത്രിക്കണമെന്ന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ആവശ്യപ്പെട്ടിട്ടുണ്ട്. 


കനത്ത വരുമാന നഷ്ടമുണ്ടാകുമെന്നതിനാല്‍ കേരളം അടക്കം ബിജെപി ഇതരപ്പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എതിര്‍ക്കും. വിവിധ സെസുകള്‍ പിന്‍വലിച്ചാല്‍ തന്നെ പെട്രോളിന് 26 രൂപയും ഡീസലിന് 29 രൂപയും കുറയുമെന്ന് കേരളം ചൂണ്ടിക്കാട്ടുന്നു.