28 March 2024 Thursday

വന്നീകരണം നടക്കുന്നില്ല നാടും നഗരവും കയ്യടക്കി തെരുവ് നായ്ക്കള്‍ തെരുവ് നായ്ക്കളില്‍ പകര്‍ച്ച രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതും പരിഭ്രാന്തി പരത്തുന്നു

ckmnews

വന്നീകരണം നടക്കുന്നില്ല

നാടും നഗരവും കയ്യടക്കി തെരുവ് നായ്ക്കള്‍ 


തെരുവ് നായ്ക്കളില്‍ പകര്‍ച്ച രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതും പരിഭ്രാന്തി പരത്തുന്നു


ചങ്ങരംകുളം:നാടും നഗരവും കയ്യടക്കി ജില്ലയില്‍ വര്‍ദ്ധിച്ച് വരുന്ന തെരുവ് നായ്ക്കള്‍ പൊതുജനങ്ങള്‍ക്ക് ഭീഷണിയാവുന്നു.കഴിഞ്ഞ രണ്ട് വര്‍ഷമായി ലോക്ക്ഡൗണ്‍ വേളയില്‍ വന്ധീകരപ്രവൃത്തികള്‍ കൂടി നടക്കാതെ വന്നതോടെയാണ് തെരുവ് നായ്ക്കള്‍ വര്‍ദ്ധിച്ച് തുടങ്ങിയത്.നായകള്‍ റോഡുകള്‍ കയ്യടക്കിയതോടെ ബൈക്കുകള്‍ അപകടത്തില്‍ പെടുകയും ബൈക്ക് യാത്രികര്‍ക്ക് പരിക്കേല്‍ക്കുകയും പതിവായിട്ടുണ്ട്.വലിയ വാഹനങ്ങള്‍ ഇടിച്ച് പലപ്പോഴും തെരുവ് നായകള്‍ റോഡില്‍ ചത്ത് വീഴുന്നതും പതിവ് കാഴ്ചയാണ്.അടുത്തിടെയായി തെരുവ് നായ്ക്കളില്‍ പകര്‍ച്ച രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതാണ് ജനങ്ങളെ കൂടുതല്‍ ഭീതിയിലാക്കുന്നത്.പല തരത്തിലുള്ള രോഗ ലക്ഷണങ്ങളാണ് ഏതാനും മാസങ്ങളായി റോഡുകള്‍ കയ്യടക്കിയ തെരുവ് നായകളില്‍ കണ്ട് വരുന്നത്.രോമങ്ങള്‍ കൊഴിഞ്ഞ് പോവുകയും,നടക്കാന്‍ കഴിയാത്ത രീതിയില്‍ കുഴഞ്ഞ് വീഴുകയും ചെയ്യുന്നവ റോഡരികില്‍ തന്നെ ചത്ത് വീഴുന്നതും വര്‍ദ്ധിച്ച് വരികയാണ്.

മൃഗങ്ങളില്‍ ചില കാലങ്ങളില്‍ വരുന്ന വൈറസ് രോഗങ്ങളായ ഡിസ്റ്റംബര്‍ ,പാര്‍വോ തുടങ്ങിയ പകര്‍ച്ച രോഗങ്ങളാണ് ഇപ്പോള്‍ തെരുവ് നായകളില്‍ വ്യാപകമായി കണ്ട് വരുന്നതെന്ന് പ്രകൃതി സ്നേഹിയും തെരുവ് നായ സംരക്ഷകനുമായ ശ്രീജേഷ് പന്താവൂര്‍ പറയുന്നു.വിദേശ ഇനം നായകളില്‍ മാത്രം കണ്ട് വന്നിരുന്ന പാര്‍വോ എന്ന രോഗം വിദേശ നായകളെ തെരുവില്‍ ഉപേക്ഷിക്കാന്‍ തുടങ്ങിയതോടെയാണ് തെരുവ് നായകളിലും പകര്‍ന്ന് തുടങ്ങിയിരിക്കുന്നത്.ഇത്തരം പകര്‍ച്ച രോഗങ്ങള്‍ക്ക് പ്രതിരോധ മരുന്നുകള്‍ ഉണ്ടെങ്കിലും വീട്ടില്‍ വളര്‍ത്തുന്ന നായകളെ തെരുവില്‍ ഉപേക്ഷിക്കുന്നതോടെ ഇവര്‍ക്ക് ആവശ്യമായ പ്രതിരോധ കുത്തിവെപ്പുകള്‍ നടക്കാതെ വരികയും തെരുവ് നായകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതോടെ രോഗം തെരുവ് നായകളിലേക്ക് കൂടി പകരുന്നതായും ശ്രീജേഷ് പറയുന്നു. വര്‍ഷങ്ങളായി നടക്കുന്ന വന്ധീകരണ പ്രവര്‍ത്തികള്‍ ഏതാനും വര്‍ഷമായി  നിര്‍ത്തി വെച്ചത് തെരുവ് നായകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്.സര്‍ക്കാര്‍ സംവിധാനങ്ങള്‍  അടിയന്തിര ഇടപെടലുകള്‍ നടത്തി വന്ധീകരണ പ്രവര്‍ത്തികള്‍ നടത്തിയില്ലെങ്കില്‍ തെരുവുകള്‍ തോറും നായകള്‍ ചത്തൊടുങ്ങുകയും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കും സാമൂഹ്യ പ്രത്യാഘാതങ്ങള്‍ക്കും ഇത് ഇടവരുത്തുമെന്നും ശ്രീജേഷ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.500 ലതികം തെരുവ് നായക്കുഞ്ഞുങ്ങളെയാണ് ഏതാനും മാസങ്ങള്‍ക്കുള്ളിലായി ശ്രീജേഷും സുഹൃത്തുക്കളും ചേര്‍ന്ന് ദത്തെടുത്ത് പല കുടുംബങ്ങള്‍ക്കായി വളര്‍ത്തുന്നതിനായി ഏല്‍പിച്ചത്.എന്നാല്‍ തെരുവ് നായകളുടെ ക്രമാതീതമായ വര്‍ദ്ധന മൂലം മുഴുവന്‍ തെരുവ് നായകളെയും സംരക്ഷിക്കുക അസാധ്യമാണെന്നുമാണ് തെരുവ് നായകളെ സംരക്ഷിക്കുന്നവര്‍ പറയുന്നത്,പ്രത്യേക സാഹചര്യത്തില്‍ തെരുവ് നായകളില്‍ പകര്‍ച്ചവ്യാധി തടയുന്നതിന് ആവശ്യമായ നടപടികളും,വന്ധീകരണ പ്രവര്‍ത്തികളും കാര്യക്ഷമമാക്കി അടിയന്തിരമായി പൊതുജന സുരക്ഷ ഉറപ്പ് വരുത്തേണ്ട നടപടികള്‍ അധികൃതര്‍ കൈകൊള്ളണമെന്ന ആവശ്യവും ശക്തമാണ്