16 April 2024 Tuesday

കുറ്റിപ്പുറം കുഞ്ഞിപ്പാത്തുമ്മ കൊലപാതകം അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

ckmnews

കുറ്റിപ്പുറം കുഞ്ഞിപ്പാത്തുമ്മ കൊലപാതകം അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു


കുറ്റിപ്പുറം:കുഞ്ഞിപ്പാത്തുമ്മ കൊലപാതകക്കേസില്‍  അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.കുറ്റിപ്പുറം നടുവട്ടം വെള്ളറമ്പില്‍ ഒറ്റക്ക് താമസിച്ചിരുന്ന കുഞ്ഞിപ്പാത്തുമ്മ എന്ന  വൃദ്ധയെ രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പണം കവര്‍ന്ന കേസിലെ പ്രതി കുഞ്ഞിപ്പാത്തുമ്മയുടെ സമീപവാസി കൂടിയായ ചീരന്‍കുളങ്ങര മുമ്മദ് ഷാഫി (26)നെതിരെയുള്ള കുറ്റപത്രമാണ് കുറ്റിപ്പുറം പോലീസ്  തിരൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് മുമ്പാകെ സമര്‍പ്പിച്ചത്.2021 ജൂണ്‍ 18നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.പലരില്‍ സഹായം തേടി ഒറ്റക്ക് ജീവിച്ച് വന്ന കുഞ്ഞിപ്പാത്തുമ്മ പലരില്‍ നിന്നുമായി കൈനീട്ടി വാങ്ങുന്ന പണം ഒറ്റക്ക് താമസിക്കുന്ന വീട്ടില്‍ കാലങ്ങളായി സൂക്ഷിച്ച് വന്നിരുന്നു.സഭവം അറിയാവുന്ന സമീപവാസി കൂടിയായ പ്രതി പണത്തിന് ആവശ്യം വന്നതോടെ അര്‍ത്ഥരാത്രി കുഞ്ഞിപ്പാത്തുമ്മയെ വീട്ടില്‍ കയറി തലക്കടിച്ച് കൊലപ്പെടുത്തി പണം കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു.തെളിവുകള്‍ ഒന്നും തന്നെ ഇല്ലാത്ത രീതിയില്‍ നടത്തിയ കൊലപാതകത്തിന് ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന്റെ മേല്‍നോട്ടത്തില്‍ തിരൂര്‍ ഡിവൈഎസ്പി സുരേഷ്ബാബുവിന്റെയും വളാഞ്ചേരി സിഐ പിഎം ബഷീറിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കൊല നടന്ന് മൂന്നാമത്തെ ദിവസം തന്നെ ശാസ്ത്രീയമായ അന്വേഷണങ്ങള്‍ഖ്കൊടുവില്‍ പ്രതിയെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധവും,കുഞ്ഞിപ്പാത്തുമ്മയില്‍ നിന്ന് കവര്‍ന്ന പണവും പ്രതിയില്‍ നിന്ന് അന്വേഷണസംഘം കണ്ടെടുത്തു.പിഎം ബഷീറിന് ശേഷം വളാഞ്ചേരി ഇന്‍സ്പെക്ടര്‍ എസ് അഷറഫും പിന്നീട് കുറ്റിപ്പുറം  ഇന്‍സ്പെക്ടര്‍ ശശീന്ദ്രന്‍ മേലയിലും തുടന്വേഷണം നടത്തിയാണ് മൂന്ന് മാസത്തിനകം തന്നെ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.നേരത്തെ പിടിയിലായ പ്രതി ഇപ്പോഴും റിമാന്റില്‍ കഴിയുകയാണ്.കുഞ്ഞിപ്പാത്തുമ്മയുടെ കൊലപാതകത്തിന് പുറമെ തൊട്ടടുത്ത ദിവസം തന്നെ സ്റ്റേഷന്‍ പരിധിയില്‍ മറ്റൊരു വൃദ്ധയെയും സമാനമായ രീതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.ഒറ്റക്ക് താമസിച്ചിരുന്ന വൃദ്ധയുടെ സ്വര്‍ണ്ണം നഷ്ടപ്പെട്ടിരുന്നു.സ്വര്‍ണ്ണം കവരാനായി സമാനമായ രീതിയില്‍ കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണ് പോലീസ്.ഈ കേസിന്റെ അന്വേഷണം പാതി വഴിയിലാണ്