25 April 2024 Thursday

പൊന്നാനിയിൽ സുരക്ഷിത ഭവന സമുച്ചയങ്ങളിലേക്ക് 128 കുടുംബങ്ങൾ ഗൃഹപ്രവേശനം ചെയ്തു

ckmnews

പൊന്നാനിയിൽ സുരക്ഷിത ഭവന സമുച്ചയങ്ങളിലേക്ക് 128 കുടുംബങ്ങൾ ഗൃഹപ്രവേശനം ചെയ്തു

പൊന്നാനി: തീരത്തെ വാരിയെടുക്കുന്ന കടലാക്രമണത്തിന്റെയോ വീശിയടിക്കുന്ന ശക്തമായ കടല്‍ കാറ്റിനെയോ ഭയക്കാതെ അന്തിയുറങ്ങാന്‍ സര്‍ക്കാര്‍ ഒരുക്കിയ പൊന്നാനിയിലെ സുരക്ഷിത ഭവന സമുച്ചയങ്ങളിലേക്ക് 128 കുടുംബങ്ങള്‍ ഇന്ന് ഗൃഹപ്രവേശനം ചെയ്തു. 

പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച പൊന്നാനി മത്സ്യത്തൊഴിലാളി ഫ്‌ളാറ്റ് സമുച്ചയത്തിന്റെ താക്കോല്‍ദാനത്തിന്റെയും ഗൃഹപ്രവേശനത്തിന്റെയും ഉദ്ഘാടനം   മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി  നിര്‍വഹിച്ചു. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായി. ഫ്‌ളാറ്റുകളുടെ താക്കോല്‍ദാനം പി. നന്ദകുമാര്‍ നിര്‍വഹിച്ചു. വ്യക്തിഗത ഭവനങ്ങളുടെ താക്കോല്‍ നല്‍കല്‍ ഇ.ടി മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു. പരിപാടിയില്‍ മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയായി.

തീരദേശത്തെ വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്റര്‍ പരിധിക്കുള്ളില്‍ അധിവസിക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും സുരക്ഷിത മേഖലയില്‍ ഭവനം ഒരുക്കുന്ന ബൃഹത് പദ്ധതിയാണ് പുനര്‍ഗേഹം.  13.7 കോടി ചെലവഴിച്ചാണ് പൊന്നാനിയില്‍ 128 കുടുംബങ്ങള്‍ക്കായി ആധുനിക ഫ്‌ളാറ്റ് സമുച്ചയം ഒരുക്കിയിരിക്കുന്നത്. ഹാര്‍ബറിന്റെ രണ്ടേക്കര്‍ സ്ഥലത്ത് 16 ബ്ലോക്കുകളിലായി 530    സ്‌ക്വയര്‍ ഫീറ്റിലാണ് ഫ്‌ളാറ്റുകള്‍ ഒരുക്കിയിരിക്കുന്നത്. രണ്ട് ബെഡ് റൂം, ലിവിങ് റൂം, അടുക്കള, ഡൈനിംഗ് ഹാള്‍, ബാത്ത് റൂം എന്നീ സൗകര്യങ്ങളാണ് ഒരു ഫ്‌ളാറ്റില്‍ ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്ക് പഠിക്കാനുളള സൗകര്യവും മത്സ്യത്തൊഴിലാളികള്‍ക്ക് ഉപകരണങ്ങള്‍ സൂക്ഷിക്കാനും സജ്ജീകരണങ്ങളുണ്ട്.

പുനര്‍ഗേഹം പദ്ധതിയിലൂടെ ഭവന നിര്‍മാണത്തിനായി വ്യക്തിഗതമായി 269 പേര്‍ ഭൂമി വില നിശ്ചയിച്ചിട്ടുണ്ട്. 126 പേര്‍ ഭൂമി രജിസ്റ്റര്‍ ചെയ്തു. 42 പേര്‍ ഭവന നിര്‍മാണം പൂര്‍ത്തിയാക്കി. പുനര്‍ഗേഹം പദ്ധതിയിലൂടെ പൊന്നാനിയില്‍ 100 കുടുംബങ്ങള്‍ക്കുള്ള ഫ്‌ളാറ്റ് സമുച്ചയം കൂടി നിര്‍ദ്ദിഷ്ട പദ്ധതി സ്ഥലത്ത് നിര്‍മിക്കാനാണ് ലക്ഷ്യം. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിര്‍മ്മാണം.

പരിപാടിയില്‍ ഫീഷറീസ് ഡയറക്ടര്‍ ആര്‍. ഗിരിജ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടിങ്കു ബിസ്വാള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  എം.കെ റഫീഖ, ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, പൊന്നാനി നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം,  പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷംസു കല്ലാട്ടയില്‍, ബിനിഷ മുസ്തഫ, പൊന്നാനി നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ കെ.എം മുഹമ്മദ് ഇസ്മായില്‍, കേരള മത്സ്യത്തൊഴിലാളി കടാശ്വാസ  കമ്മീഷന്‍ അംഗം  കൂട്ടായി ബഷീര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് ചീഫ് എഞ്ചിനീയര്‍ ജോമോന്‍ കെ.ജോര്‍ജ്ജ്, കോഴിക്കോട് നോര്‍ത്ത് സോണ്‍ ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ അനില്‍ കുമാര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് സൂപ്രണ്ടിങ് എഞ്ചിനീയര്‍ കുഞ്ഞിമമ്മു പറവത്ത്,  ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.ചിത്ര തുടങ്ങിയവരും വിവിധ രാഷ്ട്രീയ പ്രതിനിധികളും പങ്കെടുത്തു.