25 April 2024 Thursday

റോഡില്‍ നിയമം ലംഘിച്ചോ: നോട്ടീസും മെസേജും വന്നില്ലെങ്കിലും വെബ്‌സൈറ്റില്‍ പിഴ കൃത്യമുണ്ടാ

ckmnews

റോഡിലെ നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തിയ കാര്യം ഇപ്പോള്‍ നോട്ടീസ് വഴി വാഹനമുടമയെ അറിയിക്കുന്നില്ല. നിയമലംഘനങ്ങള്‍ പിടികൂടുന്നത് ഏറെക്കുറെ ഡിജിറ്റല്‍ ആക്കിയതോടെയാണ് മോട്ടോര്‍വാഹനവകുപ്പ് നോട്ടീസ് അയയ്ക്കാതായത്.


വാഹനമുടമയുടെ ഫോണിലേക്ക് പിഴചുമത്തിയത് സംബന്ധിച്ച സന്ദേശം ലഭിക്കും. എന്നാല്‍ വാഹനരേഖയ്‌ക്കൊപ്പം നല്‍കിയ ഫോണ്‍നമ്പറല്ല ഇതെങ്കില്‍ പിഴ ചുമത്തിയ വിവരം ഉടമ അറിയില്ല. പിന്നീട് വാഹനം വില്‍ക്കാനോ മോട്ടോര്‍വാഹനവകുപ്പിന്റെ സേവനങ്ങള്‍ക്കോ രേഖകള്‍ പരിശോധിക്കുമ്പോഴാകും വിവരം അറിയുക.


പ്രധാനപാതകളില്‍ അമിതവേഗത്തില്‍ വാഹനമോടിക്കുന്നവരെ ക്യാമറകള്‍ പിടികൂടുന്നുണ്ട്. ഇതിന്റെ പിഴ ചുമത്തിയ കാര്യം കാക്കനാട്ടെയും കോഴിക്കോട്ടെയും കണ്‍ട്രോള്‍റൂമുകളില്‍നിന്ന് ഉടമകള്‍ക്ക് അയയ്ക്കുന്നുണ്ടെന്നാണ് മോട്ടോര്‍വാഹനവകുപ്പ് പറയുന്നുണ്ട്. എന്നാല്‍ നോട്ടീസ് പലര്‍ക്കും കിട്ടുന്നില്ല. എസ്.എം.എസും ലഭിക്കുന്നില്ല. എന്നാല്‍, ഉടമയുടെ മേല്‍വിലാസത്തിലോ ഫോണ്‍നമ്പറിലോ മാറ്റമുണ്ടാകുന്ന കേസുകളില്‍ മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് കണ്‍ട്രോള്‍റൂം നല്‍കുന്ന വിശദീകരണം.


പിഴവിവരം അപ്പപ്പോള്‍ പരിവാഹന്‍ വെബ്‌സൈറ്റിലി(parivahan.gov.in)ടുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു. വെബ്‌സൈറ്റില്‍ കയറി ഓണ്‍ലൈന്‍ സര്‍വീസസ് എന്ന മെനുവിലെ 'വെഹിക്കിള്‍ സ്റ്റാറ്റസ്' നോക്കിയാല്‍ വിവരങ്ങളറിയാം. വാഹനം വാങ്ങുമ്പോള്‍ നല്‍കിയ രേഖകളിലെ മൊബൈല്‍ഫോണ്‍ നമ്പര്‍ മാറുന്നുണ്ടെങ്കില്‍ അത് യഥാസമയം പുതുക്കണം. അതിനും വെബ്‌സൈറ്റില്‍ സൗകര്യമുണ്ട്.


നോട്ടീസിന്റെ ആവശ്യമില്ല


പരിഷ്‌കരിച്ച മോട്ടോര്‍ വാഹനനിയമം അനുസരിച്ച് നിയമലംഘനങ്ങള്‍ക്ക് നോട്ടീസ് അയയ്‌ക്കേണ്ട ആവശ്യമില്ല. എസ്.എം.എസായോ മറ്റോ ഉടമയെ വിവരമറിയിച്ചാല്‍ മതി. അമിതവേഗത്തിന് ക്യാമറ പിടിക്കുന്ന കേസുകളൊഴിച്ച് മറ്റൊന്നിനും ഇപ്പോള്‍ നോട്ടീസ് അയയ്ക്കുന്നില്ല. ഓരോതവണ പിഴ ചുമത്തുമ്പോഴും വിവരം അപ്പപ്പോള്‍ത്തന്നെ പരിവാഹനില്‍ ഇടുന്നുണ്ട്.


-പി.കെ. മുഹമ്മദ് ഷെഫീഖ്, മലപ്പുറം എന്‍ഫോഴ്‌സ്മെന്റ് എം.വി.ഐ.


എത്രവേഗം വരെയാകാം


കാറുകള്‍ക്ക് (കിലോമീറ്റര്‍/മണിക്കൂര്‍)


നാലുവരിപ്പാത-90

ദേശീയപാത-85

സംസ്ഥാനപാത-80

കോര്‍പ്പറേഷന്‍/നഗരസഭ-50

സ്‌കൂള്‍ പരിസരം-30 (എല്ലാ വാഹനങ്ങള്‍ക്കും)

മോട്ടോര്‍സൈക്കിളുകള്‍


നാലുവരിപ്പാത-70

ദേശീയപാത-60

സംസ്ഥാനപാത, മറ്റു റോഡുകള്‍-50

പിഴകള്‍ ഇങ്ങനെ


അമിതവേഗം 1,500 രൂപ

ഹെവി വാഹനങ്ങള്‍ 3,000

മദ്യപിച്ചു വാഹനം ഓടിച്ചാല്‍-കോടതിവഴി നിയമ നടപടി

സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് ധരിക്കാതിരിക്കല്‍ 500

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 2,000-5,000

ലൈസന്‍സ് ഇല്ലെങ്കില്‍ ഡ്രൈവര്‍ക്ക് 5,000 ഉടമയ്ക്ക് 5,000

മത്സരപ്പാച്ചില്‍ 5,000-10,000

ഇന്‍ഷുറന്‍സില്ലാത്തതിന് 2,000-4000

വാഹനപെര്‍മിറ്റ് ഇല്ലെങ്കില്‍ 3,000-10,000

വാഹനം രൂപമാറ്റം വരുത്തിയാല്‍-ഓരോ രൂപമാറ്റത്തിനും 5,000.