19 April 2024 Friday

''സൗഹൃദത്തിന് മരണമില്ലല്ലോ ആലങ്കോട്''; അങ്ങ് അവസാനം പറഞ്ഞ വാക്കുകള്‍ ഞാനോര്‍ക്കുന്നു,

ckmnews




സോഷ്യലിസ്റ്റ് മാനവികതയുടെ മനുഷ്യവിമോചനദര്‍ശനങ്ങളെ ഭാരതീയ തത്ത്വചിന്തയുമായി സമ്യക്കായി സമന്വയിപ്പിച്ച അസാധാരണമായ ഒരു ജ്ഞാനപദ്ധതി വീരേന്ദ്രകുമാര്‍ സൃഷ്ടിച്ചിരുന്നു. തന്റെ രാഷ്ട്രീയഗുരുനാഥന്മാരിലൊരാളായ റാം മനോഹര്‍ ലോഹ്യ അവസാനകാലത്ത് പങ്കുവെച്ച ഒരാശയം വീരേന്ദ്രകുമാര്‍ എപ്പോഴും പറയാറുണ്ടായിരുന്നു: 'മിത്തുകളുടെയും കഥകളുടെയും ഭാഷയിലല്ലാതെ ഇന്ത്യന്‍ജനതയ്ക്ക് സോഷ്യലിസ്റ്റ് ദര്‍ശനങ്ങളെ സ്വീകരിക്കാനാവുകയില്ല'.


ഒരര്‍ഥത്തില്‍ മഹാത്മജിയുടെയും റാം മനോഹര്‍ ലോഹ്യയുടെയും പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്രുവിന്റെയും ജയപ്രകാശ് നാരായണിന്റെയും തുടര്‍ച്ചയില്‍, ആധുനികമായ ഒരു വിമോചനമാനവികതയുടെ ദര്‍ശനം എം.പി. വീരേന്ദ്രകുമാര്‍ സ്വന്തം ജീവിതംകൊണ്ട് സാക്ഷാത്കരിച്ചു. തന്റേതായ ഒരു പ്രപഞ്ചവീക്ഷണവും പ്രപഞ്ചപദാര്‍ഥവും താനും ഒന്നുതന്നെ എന്നറിയുന്ന ഒരു നവാദ്വൈതവും വീരേന്ദ്രകുമാറിന്റെ എഴുത്തില്‍ ആഴത്തില്‍ തെളിഞ്ഞുകിടക്കുന്നുണ്ട്.


'ഹൈമവതഭൂവില്‍', 'വിവേകാനന്ദന്‍ സന്ന്യാസിയും മനുഷ്യനും' എന്നീ മാസ്റ്റര്‍പീസ് കൃതികളില്‍ ഈ ദാര്‍ശനികാന്വേഷണത്തിന്റെ ആഴങ്ങള്‍ നമുക്ക് ദര്‍ശിക്കാം. 'ഡാന്യൂബ് സാക്ഷി'യില്‍ വിശ്വാവബോധത്തിലേക്ക് ആ ദര്‍ശനത്തെ വികസിപ്പിക്കാന്‍ നടത്തിയ പുതിയ സാംസ്‌കാരികാന്വേഷണങ്ങളും വായിക്കാം.


തത്ത്വചിന്തയിലായിരുന്നു വീരേന്ദ്രകുമാറിന്റെ മാസ്റ്റര്‍ ബിരുദം. ലോകതത്ത്വദര്‍ശനങ്ങളില്‍ ആഴമേറിയ പഠനം വിദ്യാഭ്യാസകാലത്തേ അദ്ദേഹം നടത്തിയിരുന്നു. സ്‌പൈനോസ്, ലെബനിറ്റ്സ്, ഇമ്മാനുവല്‍ കാന്റ്, ബര്‍ക്ക്ലെ, റോബര്‍ട്ട് ഹ്യൂം, വില്‍ഡ്യൂറാന്റ്, മാര്‍ക്‌സ് മുള്ളര്‍, പോള്‍ ഡോയ്സണ്‍ തുടങ്ങിയ ദാര്‍ശനികപ്രതിഭകളിലൂടെ പാശ്ചാത്യദര്‍ശനങ്ങളുടെ ക്ലാസിക്കല്‍ മാര്‍ഗങ്ങള്‍ പലതും ചെറിയപ്രായത്തില്‍ സ്വായത്തമാക്കാന്‍ മദിരാശി വിവേകാനന്ദകോളേജിലെ തത്ത്വചിന്താപഠനം അദ്ദേഹത്തെ സഹായിച്ചു.


ഇന്ത്യന്‍ തത്ത്വചിന്തയില്‍ അദ്ദേഹത്തിന്റെ സവിശേഷതാത്പര്യം അദ്വൈതത്തിലായിരുന്നു. പില്‍ക്കാലത്ത് വിദ്യാവാചസ്പതി വി. പനോളിയെ പരിചയപ്പെടാനിടവന്നത് ശങ്കരദര്‍ശനത്തിലും സ്വാമി വിവേകാനന്ദദര്‍ശനത്തിലും കൂടുതലന്വേഷണം നടത്താന്‍ പ്രേരണയായി. പിതാവ് പത്മപ്രഭാ ഗൗഡറില്‍നിന്ന് വിവേകാനന്ദനെക്കുറിച്ച് ലഭിച്ചിരുന്ന പ്രാഥമികപരിജ്ഞാനം പില്‍ക്കാലത്തെ അന്വേഷണങ്ങളില്‍ കൂടുതല്‍ വിപുലമായി.


പാശ്ചാത്യ-പൗരസ്ത്യ തത്ത്വചിന്തകളെയും ദര്‍ശനങ്ങളെയും സോഷ്യലിസ്റ്റ് മാനവിക പക്ഷത്തുനിന്നുകൊണ്ട് ആധുനികകാലത്തിനുവേണ്ടി നവീകരിച്ച ദാര്‍ശനികനായ രാഷ്ട്രീയചിന്തകനായിരുന്നു എം.പി. വീരേന്ദ്രകുമാര്‍. സാമ്പ്രദായികമായ തത്ത്വചിന്തയുടെ പല വഴികളെയും അദ്ദേഹം ലംഘിച്ചു. നിരന്തരമായ വായനയിലൂടെ ആധുനികവും ആധുനികോത്തരവുമായ ദര്‍ശനവൈവിധ്യങ്ങളെ വിമോചനാത്മകമായ ഒരു നവാദ്വൈതമാക്കാന്‍ ശ്രമിച്ചു. ലോകത്തുണ്ടായ ഏറ്റവും നവീനമായ ദാര്‍ശനികഗ്രന്ഥങ്ങള്‍ പലതും അദ്ദേഹത്തിന്റെ അതിവിപുലമായ ഗ്രന്ഥശേഖരത്തിലാണ് ഞാന്‍ കണ്ടിട്ടുള്ളത്. ഓരോ വിദേശയാത്രയിലും കെട്ടുകണക്കായ പുതിയ പുസ്തകങ്ങളുമായാണ് അദ്ദേഹം തിരിച്ചെത്തുക. ഓരോ യാത്രയിലും കാറിന്റെ പിറകിലെ സീറ്റില്‍ കുന്നുകുന്നായിക്കിടക്കുന്ന പുസ്തകങ്ങള്‍ കാണാം. പോസ്റ്റ് മാര്‍ക്‌സിയന്‍ ചിന്തയുടെ ഏറ്റവും പുതിയ ദര്‍ശങ്ങള്‍ പലതും യാത്രകളില്‍ അദ്ദേഹം വിശദീകരിക്കുന്നതുകേട്ട് വിസ്മയസ്തബ്ധനായിരുന്നിട്ടുണ്ട്.


ആഗോള കോര്‍പ്പറേറ്റ് മൂലധനവിജയങ്ങളുടെ പുതിയകാലത്ത് ചെറുത്തുനില്പിന്റെ പുതിയ രാഷ്ട്രീയദര്‍ശനങ്ങള്‍ പലതും മലയാളികള്‍ അറിഞ്ഞത് എം.പി. വീരേന്ദ്രകുമാറിന്റെ പുസ്തകങ്ങളിലൂടെയാണ്.


ഗാട്ടും കാണാച്ചരടുകളും, അധിനിവേശത്തിന്റെ അടിയൊഴുക്കുകള്‍, ലോകവ്യാപാരസംഘടനയും ഊരാക്കുടുക്കുകളും തുടങ്ങി ആഗോളീകരണങ്ങളുടെ മനുഷ്യവിരുദ്ധതയെ ചെറുക്കാന്‍പോന്ന ശാസ്ത്രീയമായ പുരോഗമനദര്‍ശനങ്ങള്‍ ഒട്ടുമിക്കതും കേരളീയ ചിന്തയില്‍ നേരത്തേ വിതച്ചത് എം.പി. വീരേന്ദ്രകുമാറാണ്.


പ്രകൃതിചൂഷണങ്ങളിലൂടെ ആധുനികമനുഷ്യവംശം സ്വന്തം ശവപ്പറമ്പില്‍ കൊടിനാട്ടുന്ന ദുരന്തചിത്രം ആമസോണും കുറെ വ്യാകുലതകളും, ഹൈമവതഭൂവില്‍ തുടങ്ങിയ പല പുസ്തകങ്ങളിലും കാണാം. പരിസ്ഥിതിജ്ഞാനങ്ങളുടെ ശാസ്ത്രീയവിശകലനത്തില്‍ നമ്മുടെയിടയില്‍ എത്രയോ മുമ്പേ പറന്ന പക്ഷിയായിരുന്നു വീരേന്ദ്രകുമാര്‍. പരിസ്ഥിതിസംരക്ഷണം അദ്ദേഹത്തിന് ജീവിതമായിരുന്നു.


പല ജ്ഞാനമണ്ഡലങ്ങളിലും പുതിയവഴികള്‍ വെട്ടിയ ചിന്തകനാണ് വീരേന്ദ്രകുമാര്‍. അറിവിലൂടെയും അന്വേഷണങ്ങളിലൂടെയും നിരന്തരം സ്വയം നവീകരിച്ചുമുന്നേറിയ ജ്ഞാനബുദ്ധനായിരുന്നു അദ്ദേഹം. നിരന്തരയാത്രകളായിരുന്നു അദ്ദേഹത്തിന്റെ അന്വേഷണത്തിന്റെ ഊര്‍ജകേന്ദ്രം. പഴയ തീര്‍ഥങ്കരപാരമ്പര്യത്തില്‍ സ്വയം അന്വേഷിച്ചുകൊണ്ടും തന്നെത്തന്നെ പുനഃസൃഷ്ടിച്ചുകൊണ്ടും അദ്ദേഹം ലോകംമുഴുവന്‍ ചുറ്റിസഞ്ചരിച്ചു. എഴുതിയതിനെക്കാളെത്രയോ ആഴത്തില്‍ അദ്ദേഹം ആര്‍ജിച്ചിരുന്നു. ഓരോ തവണ വീരേന്ദ്രകുമാറുമായി സംസാരിക്കുമ്പോഴും ആയിരം ഗ്രന്ഥങ്ങള്‍ വായിച്ചാല്‍ ലഭിക്കാത്ത പുതിയ പുതിയ അറിവുകള്‍ അദ്ദേഹം തന്നു.


പ്രപഞ്ചമായി സ്വയം തിരിച്ചറിയുന്ന പഴയ ജൈനസ്വത്വദര്‍ശനങ്ങളെ, ഇന്ത്യയുടെ ഇതര ആത്മീയ ജ്ഞാനങ്ങളോടു ചേര്‍ത്തുവെച്ച് സമഗ്രതയില്‍ നിര്‍വചിക്കുന്ന വഴിയില്‍ വീരേന്ദ്രകുമാര്‍ ബഹുദൂരം മുന്നോട്ടുസഞ്ചരിച്ചിരുന്നു. സൂഫിദര്‍ശനങ്ങളടക്കം ഇന്ത്യയുടെ അനന്തമായ ബഹുമുഖ സത്യാന്വേഷണങ്ങളെ മാനവികതയുടെ പുതിയൊരു സ്‌നേഹപന്ഥാവിലേക്ക് അദ്ദേഹം സമന്വയിപ്പിച്ചു.


നിര്‍വാണാഷ്ടകത്തിലെ ഒരു ശ്ലോകം എത്രയോ തവണ അദ്ദേഹം ഉദ്ധരിക്കുന്നത് കേട്ടിട്ടുണ്ട്.


'ന പുണ്യം ന പാപം ന സൗഖ്യം ന ദുഃഖം


ന മന്ത്രോ ന തീര്‍ഥം ന വേദാ ന യജ്ഞാഃ


അഹം ഭോജനം നൈവ ഭോജ്യം ന ഭോക്താ


ചിദാനന്ദ രൂപഃ ശിവോളഹം ശിവോളഹം'


മന്ത്രവും തീര്‍ഥവും യജ്ഞവും വേദവുമില്ലാതെ, പുണ്യവും പാപവും ദുഃഖവും സൗഖ്യവും തീണ്ടാത്ത ആത്മദര്‍ശനത്തില്‍ ശിവോഹം (ഞാന്‍തന്നെ ശിവന്‍) എന്ന ശൈവം എന്ന ആത്യന്തിക ജ്ഞാനത്തിലെത്തിയ ജ്ഞാനബുദ്ധനായിരുന്നു വീരേന്ദ്രകുമാര്‍. സ്വന്തം വിളക്ക് താന്‍തന്നെയായിത്തീര്‍ന്ന പുതിയ തഥാഗതന്‍. 'അഹം ബ്രഹ്മാസ്മി'യും 'തത്ത്വമസി'യും 'അനല്‍ഹഖും' അദ്ദേഹത്തിന് ഒന്നുതന്നെയായിരുന്നു. പ്രജ്ഞാനത്തെ ബ്രഹ്മമാക്കിത്തീര്‍ത്ത അമരനായ ആ സത്യാന്വേഷകനെ, ആ മരിക്കാത്ത സ്മരണകള്‍ക്കുമുമ്പില്‍ നമസ്‌കരിച്ചുകൊണ്ട് ഇങ്ങനെ സംഗ്രഹിക്കാം:


മരിക്കുന്നതിനു രണ്ടുദിവസംമുമ്പ് അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചിരുന്നു. 


''സൗഹൃദത്തിന് മരണമില്ലല്ലോ ആലങ്കോട്'' -അങ്ങ് അവസാനം പറഞ്ഞ ഈ വാക്കുകള്‍ ഞാനോര്‍ക്കുന്നു.


ഗുരുവൃക്ഷം വീണിരിക്കുന്നു.


ഞങ്ങള്‍ അനാഥരായിരിക്കുന്നു.


എന്നാലും ജീവനുള്ള വാക്കുകളില്‍ അനന്തമായ വാത്സല്യം ചാലിച്ച് അങ്ങുതന്ന സൗഹൃദം മരണമില്ലാതെ കൂടെയുണ്ടാവും.


ആഴവും പരപ്പും വീരേന്ദ്രകുമാറിന്റെ ദര്‍ശനങ്ങളെ തിളക്കമുള്ളതാക്കി. അന്വേഷണത്വര അതിന്റെ പ്രകാശമായിരുന്നു