28 March 2024 Thursday

മാരുതി സർവീസ് വാറന്റി കാലാവധി ജൂൺ 30 വരെ നീട്ടി

ckmnews



കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായുള്ള രാജ്യവ്യാപക ലോക്ക്ഡൗൺ മുൻനിർത്തി വാഹനങ്ങളുടെ സൗജന്യ സർവീസ്, വാറന്റി, ദീർഘിപ്പിച്ച വാറന്റി കാലാവധി ജൂൺ 30 വരെ നീട്ടിയതായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. മേയ് മാസം കാലാവധി പൂർത്തിയാവുന്ന സൗജന്യ സർവീസ്, വാറന്റി, ദീർഘിപ്പിച്ച വാറന്റി ആനുകൂല്യങ്ങൾക്കാണു മാരുതി സുസുക്കി ജൂൺ 30 വരെ പ്രാബല്യം അനുവദിച്ചത്. 


കോവിഡ് 19 ബാധ ചെറുക്കാനായി മാർച്ച് 25 മുതലാണു രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്; ഇതു പിന്നീട് മൂന്നു ഘട്ടങ്ങളിലായി മേയ് 31 വരെ ദീർഘിപ്പിക്കുകയും ചെയ്തു. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽപെട്ടു സൗജന്യ സർവീസ്, വാറന്റി ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താനാവാതെ പോയ വാഹന ഉടമകളെ സഹായിക്കാൻ ലക്ഷ്യമിട്ടാണ് ഇവയുടെ കാലാവധി ദീർഘിപ്പിച്ചതെന്നു മാരുതി സുസുക്കി വിശദീകരിച്ചു. 

മാരുതി സുസുക്കി ഇന്ത്യയ്ക്കു പുറമെ മറ്റു പ്രമുഖ വാഹന നിർമാതാക്കളെല്ലാം ലോക്ക്ഡൗൺ മുൻനിർത്തി സൗജന്യ സർവീസ്, വാറന്റി, എക്സ്റ്റൻഡഡ് വാറന്റി കാലാവധി ദീർഘിപ്പിച്ചിരുന്നു. അതിനിടെ വാഹനങ്ങൾ ദീർഘകാല പാട്ടത്തിനു നൽകുന്ന പദ്ധതി അവതരിപ്പിക്കാനും മാരുതി സുസുക്കി ഇന്ത്യ തയാറെടുക്കുന്നുണ്ടെന്നാണു സൂചന. രാജ്യവ്യാപക ഡീലർഷിപ് ശൃംഖല പ്രയോജനപ്പടെുത്തി വിവിധ മോഡലുകൾ ഉപയോക്താക്കൾക്കു ദീർഘകാലാടിസ്ഥാനത്തിൽ വാടകയ്ക്കു നൽകാനാണു നീക്കം. കഴിഞ്ഞ ഒരു വർഷമായി ഈ പദ്ധതി നടപ്പാക്കാനുള്ള തയാറെടുപ്പിലാണത്രെ മാരുതി സുസുക്കി.