29 March 2024 Friday

10 വർഷം ഒറ്റമുറിയിൽ നിറഞ്ഞ പ്രണയം , സജിതയും റഹ്മാനും ഇന്ന് വിവാഹിതരാവുന്നു

ckmnews

10 വര്‍ഷക്കാലം ഒറ്റമുറിയില്‍ പുറം ലോകം അറിയാതെ നിറഞ്ഞ പ്രണയം ഇന്ന് വിവാഹത്തിലേക്ക് എത്തുന്നു.റഹ്മാന്‍ ഇന്ന് സജിതയെ നിയമപരമായി വിവാഹം ‌കഴിക്കും. നെന്മാറ സബ്‌ രജിസ്ട്രാര്‍ ഓഫീസില്‍ സ്പെഷ്യല്‍ മാരേജ് ആക്‌ട് പ്രകാരമാണ് ഇവര്‍ വിവാഹിതരാകുന്നത്.  2010 ഫെബ്രുവരിയിലാണ് റഹ്‌മാനോടൊപ്പം ജീവിക്കാന്‍ 18കാരിയായ സജിത വീടുവിട്ടിറങ്ങിയത്. ഇലക്‌ട്രിക്കല്‍ ജോലിയും പെയിന്റിങ്ങും ചെയ്യുന്ന റഹ്‌മാന്‍ സജിതയെ ആരുമറിയാതെ വീട്ടിലെ മുറിയില്‍ താമസിപ്പിക്കുകയായിരുന്നു. 2021 മാര്‍ച്ചില്‍ ഒളിജീവിതം അവസാനിപ്പിച്ച്‌ ഇവര്‍ ഒറ്റമുറിയില്‍ നിന്ന് ഇറങ്ങി സമീപത്തുള്ള വാടക വീട്ടിലേക്ക് മാറുകയായിരുന്നു.  റഹ്‌മാനും സജിതയും ഇപ്പോള്‍ വിത്തനശ്ശേരിയിലുള്ള വാടകവീട്ടിലാണ് കഴിയുന്നത്. റഹ്‌മാനെ കാണാതായതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയുന്നു. ഇതിനിടയില്‍ റഹ്‌മാനെ സഹോദരന്‍ നെന്മാറയില്‍വെച്ച്‌ കാണുകയും പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് 10 വര്‍ഷത്തെ പ്രണയജീവിതത്തിന്റെ ചരിത്രം പുറംലോകമറിഞ്ഞത്.  പ്രായപൂര്‍ത്തിയായതിനാല്‍ ഇരുവരും സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച്‌ താമസിക്കുകയാണെന്ന് മൊഴിനല്‍കിയതോടെ പോലീസ് നടപടികള്‍ അവസാനിപ്പിച്ചു. ഇരുവരും ഒരുമിച്ച്‌ താമസിച്ചെങ്കിലും നിയമപരമായി വിവാഹിതരായിരുന്നില്ല. പുരോഗമന കലാസാഹിത്യ സംഘം കൊല്ലങ്കോട് ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിവാഹത്തിനുള്ള നടപടികള്‍ സ്വീകരിച്ചത്. വിവാഹത്തിനാവശ്യമായ വസ്ത്രങ്ങളും മറ്റുസഹായവും പുരോഗമന കലാസാഹിത്യസംഘം നല്‍കും.