24 April 2024 Wednesday

പട്ടയമേള ; കുന്നംകുളം താലൂക്കില്‍ 1045 കുടുംബങ്ങള്‍ക്ക് പട്ടയങ്ങള്‍ വിതരണം ചെയ്തു.

ckmnews

പട്ടയമേള ; കുന്നംകുളം താലൂക്കില്‍ 1045 കുടുംബങ്ങള്‍ക്ക് പട്ടയങ്ങള്‍ വിതരണം ചെയ്തു.


കുന്നംകുളം :കേരള സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പട്ടയമേളയില്‍ കുന്നംകുളം താലൂക്കില്‍ 1045 കുടുംബങ്ങള്‍ക്ക് പട്ടയങ്ങള്‍ വിതരണം ചെയ്തു. പട്ടയമേളകളുടെ സംസ്ഥാന തല ഉദ്ഘാടനം ഓണ്‍ലൈനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ റവന്യൂ- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ അദ്ധ്യക്ഷത വഹിച്ചു. കുന്നംകുളം നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന താലൂക്ക് തല പട്ടയവിതരണ മേള കുന്നംകുളം എംഎല്‍എ എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. പട്ടയം ഔദാര്യമല്ല. മറിച്ച് സ്വന്തമായി ഒരു തുണ്ട് ഭൂമിയെന്നത് ഏവരുടെയും അവകാശമാണെന്നും, ഇതു നേടികൊടുക്കാനാണ് ഏവരെയും ഒരു പോലെ കാണാനാഗ്രഹിക്കുന്ന പിണറായി സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും എംഎല്‍എ പറത്തു. 


77 താലൂക്ക് കളിലായി 13,500 പട്ടയം നല്‍കുന്നതില്‍ 1045 പട്ടയങ്ങള്‍ കുന്നംകുളം താലൂക്കില്‍ മാത്രമാണ് നല്‍കുന്നത്. കേരളത്തില്‍ ആകെ നല്‍കുന്നതിന്റെ 8% പട്ടയം വിതരണം ചെയ്യുന്നത് കുന്നംകുളം താലൂക്കിലാണ്.താലൂക്ക് രൂപീകരിച്ചതിന് ശേഷം ഏറ്റവുമധികം പട്ടയം വിതരണം ചെയ്യുന്നത് കുന്നംകുളം താലൂക്കിലാണെന്നും എം എല്‍ എ കൂട്ടിച്ചേര്‍ത്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മണലൂര്‍ നിയോജകമണ്ഡലം എം.എല്‍.എ മുരളി പെരുനെല്ലി മുഖ്യാതിഥിയായിരുന്നു. 1045 പട്ടയങ്ങളില്‍ 30 പേര്‍ക്കു മാത്രമാണ് ചടങ്ങില്‍ പട്ടയം നല്‍കിയത്. ബാക്കിയുള്ളവര്‍ക്ക് അതത് വില്ലേജുകള്‍ വഴി റവന്യു ജീവനക്കാരുടെ സഹായത്തോടെ പട്ടയങ്ങള്‍ വിതരണം ചെയ്യും. 30 തില്‍ 14 മിച്ചഭൂമിയും, 16 ലാന്റ് ട്രെബ്യൂണുമാണ്. ചടങ്ങില്‍ ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്ല്യംസ്, വവിധ പഞ്ചായത്ത് പ്രസിഡണ്ടുമാരായ മീന സാജന്‍, ഷോബി ടി. ആര്‍, ചിത്ര വിനോഭാജി, രേഖ സുനില്‍, മിനി ജയന്‍, പി ഐ രാജേന്ദ്രന്‍, രേഷ്മ രതീഷ്, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, കുന്നംകുളം തഹസില്‍ദാര്‍,താലൂക്ക് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.