29 March 2024 Friday

നിലവിളി കേട്ട് ഓടിയെത്തി; പരിക്കേറ്റയാളുമായി ഒരു കിലോമീറ്റർ റെയിൽവേ ട്രാക്കിലൂടെ നടന്ന് പോലീസ്

ckmnews

തൃശ്ശൂർ: ആളൊഴിഞ്ഞ സ്ഥലത്തെ തീവണ്ടിപ്പാളത്തിൽനിന്നുയർന്ന നിലവിളി കേട്ട ആരോ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. പാഞ്ഞെത്തിയ സേനാംഗങ്ങൾ ട്രാക്കിൽ പരിക്കേറ്റ് കിടന്നയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഒരു കിലോമീറ്ററോളം ട്രാക്കിലൂടെ ചുമന്നാണ് ഇവർ അജ്ഞാതനെ രക്ഷിച്ചത്.

തിങ്കളാഴ്ച 3.45-ഓടെയായിരുന്നു സംഭവം. പൂങ്കുന്നം വാരിയം ലെയ്‌നിനു സമീപത്തായിരുന്നു സംഭവം. പരിക്കേറ്റയാൾക്ക് 30 വയസ്സിലധികം പ്രായമുണ്ട്. മലയാളിയല്ലെന്നാണ് നിഗമനം. പേരോ മറ്റുവിവരങ്ങളോ ലഭിച്ചിട്ടില്ല. അഗ്നിരക്ഷാ ഉദ്യോഗസ്ഥർ എത്തുമ്പോൾ പരിക്കേറ്റ് രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു.

കൈകൾ ഒടിഞ്ഞുതൂങ്ങിയിട്ടുണ്ട്. ഉറക്കെ നിലവിളിക്കുന്നുമുണ്ടായിരുന്നു. തീവണ്ടിയിൽനിന്ന്‌ വീണതാണോ എന്നകാര്യം ഉറപ്പില്ല. ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ പ്രജീഷ്, ശ്രീജിത്ത്, അബീഷ്‌ ഗോപി, ജീൻസ് ജോസഫ്, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ-ഡ്രൈവർ സൂര്യകാന്തൻ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ രക്ഷിച്ചത്.