24 April 2024 Wednesday

പൊന്നാനി വാണിജ്യ തുറമുഖം യാഥാർഥ്യമാക്കും: മന്ത്രി അഹമ്മദ് ദേവർകോവിൽ

ckmnews

പൊന്നാനി വാണിജ്യ തുറമുഖം യാഥാർഥ്യമാക്കും: മന്ത്രി അഹമ്മദ് ദേവർകോവിൽ


പൊന്നാനി:പൗരാണികമായി തുറമുഖ നഗരമായിരുന്ന പൊന്നാനിയുടെ

പ്രതാപവും പ്രൗഢിയും നിലനിർത്താൻ ഉതകുന്ന തരത്തിൽ

സാങ്കേതിക തടസ്സങ്ങൾ നീക്കി സമയബന്ധിതമായി പൂർത്തീകരിച്ച്

വാണിജ്യ തുറമുഖം നാടിനു സമർപ്പിക്കാൻ കഴിയുമെന്ന്

തുറമുഖ-പുരാവസ്തു-മ്യൂസിയം വകുപ്പ് മന്ത്രി

അഹമ്മദ് ദേവർകോവിൽ .

പൊന്നാനി കാർഗോ പോർട്ടിന് പ്രഥമ പരിഗണനയാണ്

നൽകുന്നതെന്നും മന്ത്രി പറഞ്ഞു .പൊന്നാനിയുടെ വാണിജ്യ തുറമുഖ വികസനവും ,

അനന്തമായ വികസന സാധ്യതകളും

ചർച്ച ചെയ്യുന്നതിനായി പൊന്നാനി MLA പി. നന്ദകുമാറിന്റെ ക്ഷണം

സ്വീകരിച്ചാണ് മന്ത്രി

ഇന്ന് പൊന്നാനിയിൽ നേരിട്ടെത്തിയത് .

പി. നന്ദകുമാർ എം.എൽ.എ യോടൊപ്പം കാർഗോ പോർട്ട് പ്രദേശം

സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ പോർട്ട് നിർമ്മാണത്തിന് അനുമതി നേടിയ 

മലബാർ പോർട്ട് കമ്പനിയുടെ നിർമ്മാണ കാലയളവ് അവസാനിച്ചു.

മലബാർ പോർട്ട് കമ്പനിയുടെ സാമ്പത്തിക സ്രോതസ്സ് ബോധ്യപ്പെട്ടാൽ

മാത്രമേ കമ്പനിയ്ക്ക് നൽകണോ അതോ മറ്റു കമ്പനികൾക്ക് 

നൽകണോയെന്ന് തീരുമാനിക്കുകയെന്ന് മന്ത്രി പറഞ്ഞു.

സാമ്പത്തിക സോതസ്സ് ബോധ്യപ്പെട്ടാൽ കമ്പനിയ്ക്ക് നൽകാനുള്ള

ഒമ്പത് ഏക്കർ സ്ഥലം കൂടി വിട്ടു നൽകും.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ  തുറമുഖ വകുപ്പ് മന്ത്രി,

സ്ഥലം എം.എൽ.എ, മുൻ സ്പീക്കർ, വകുപ്പ് തല ഉന്നത ഉദ്യോഗസ്ഥർ

എന്നിവർ പങ്കെടുക്കുന്ന  യോഗത്തിലാകും അന്തിമ തീരുമാനം

എടുക്കുകയെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

പൊന്നാനിയിലെ പഴയ വലിയ കൂട്ടുകുടുംബ തറവാടുകൾ

ഏറ്റെടുത്ത് പുരാവസ്തു വകുപ്പിന് നിലനിർത്തുവാൻ

കഴിയുമോയെന്ന ശ്രമം നടത്തുമെന്നും 

പൊന്നാനി തുറമുഖവുമായി ബന്ധപ്പെട്ട്  പഴയ കാലത്തെ

ഒരുപാട് കഥകൾ വിദേശ രാജ്യങ്ങളിലെ മ്യൂസിയങ്ങളിൽ ഉണ്ട്.

അതിൻ്റെ ഒറിജിനലോ ഫോട്ടോസ്റ്റാറ്റോ ലഭിക്കാൻ വേണ്ട

ആവശ്യമായ ഇടപെടൽ നടത്തുമെന്നും മന്ത്രി

പ്രത്യാശ പ്രകടിപ്പിച്ചു . വാണിജ്യ തുറമുഖത്തിന്റെ

പ്രവർത്തനം കാര്യക്ഷമമാകുന്നതോടെ പൊന്നാനിയുടെ

സാമൂഹ്യ-സാമ്പത്തിക മേഖലകളിൽ വലിയ കുതിച്ചു ചാട്ടം

ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു .

പൊന്നാനിയിലെ ചരിത്രവുമായി ബന്ധപ്പെട്ട് 

എല്ലാ പഴയ കാല സംഭവങ്ങളെയും പഠിക്കാൻ ഉതകുന്ന തരത്തിൽ

പഴയ കോടതി കെട്ടിടം ഉപയോഗപ്പെടുത്തി

പോർട്ട് മ്യൂസിയം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട്

പി.നന്ദകുമാർ എം.എൽ.എ പ്രപ്പോസൽ സമർപ്പിച്ചു .

കടൽ ക്ഷോഭം രൂക്ഷമായ പൊന്നാനിയിൽ തീര സംരക്ഷണത്തിന്‌

അനുയോജ്യമായ സാങ്കേതിക മാർഗം കണ്ടെത്തുന്നതിന്

ബാത്തിമെട്രിക്, ഹൈഡ്രോഗ്രാഫിക് പഠനം നടത്തുന്നതിനായി

ഒരു ഹൈഡ്രോഗ്രാഫിക് ഇൻസ്റ്റിട്യൂട്ട് സ്ഥാപിക്കണമെന്ന

പ്രപ്പോസലും പി.നന്ദകുമാർ എം.എൽ.എ മന്ത്രിക്ക് കൈമാറി .പൊന്നാനി മുൻസിഫ് കോടതിക്കായി പോർട്ട് വകുപ്പിന്റെ

കയ്യിലുള്ള 32 സെന്റ് വിട്ടു കിട്ടാൻ വേണ്ട നടപടികൾ

ദ്രുതഗതിയിൽ ആക്കണമെന്നും എം.എൽ.എ

മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി .

വാണിജ്യ തുറമുഖ വികസന ചർച്ചയിലും

കാർഗോ പോർട്ട് സന്ദർശനത്തിലും മന്ത്രിയോടൊപ്പം

പി.നന്ദകുമാർ എം.എൽ.എ , പൊന്നാനി നഗരസഭ ചെയർമാർ ശിവദാസ് ആറ്റുപുറത്ത് , വിദ്യാഭ്യാസ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. മുഹമ്മദ് ബഷീർ , പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ.ഒ .ഷംസു , CPI(M) പൊന്നാനി

ഏരിയാ സെക്രട്ടറി അഡ്വ. പി.കെ. ഖലീമുദ്ധീൻ കോഴിക്കോട് മേഖല പോർട്ട് ഓഫീസർ

ക്യാപ്റ്റൻ ഹരി , പോർട്ട് കൺസർവേറ്റർ പ്രജീഷ് ,MLA ഓഫീസ് പ്രതിനിധി സാദിക്ക് സാഗോസ്

തുടങ്ങിയവർ പങ്കെടുത്തു.