17 July 2024 Wednesday

മുള കൊണ്ട് നിര്‍മ്മിച്ച ഇലക്‌ട്രിക് സൈക്കിള്‍; ഒറ്റ ബാറ്ററിയില്‍ 70 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം, വില 3 ലക്ഷം രൂപ

ckmnews

മുളകള്‍ കൊണ്ട് സൈക്കിളുകള്‍ നിര്‍മ്മിക്കുന്നതില്‍ വിദഗ്ദരാണ് ഫ്രഞ്ച് സ്റ്റാര്‍ട്ടപ്പ് ആയ സൈക്ലിക്ക്. പുതിയ ഇലക്‌ട്രിക് സൈക്കിളാണ് കമ്ബനി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. മുള കൊണ്ടുള്ള ഫ്രയിം ഉപയോഗിക്കുന്നതിനാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സൈക്ലിക്കിന്റെ ഉത്പന്നങ്ങള്‍ വേറിട്ട് നില്‍ക്കാറുണ്ട്. പുതിയ മോഡലിലുള്ള ബൈക്ക് ഉടന്‍ തന്നെ വിപണിയില്‍ സജീവമാകുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഇതിന് 3,500 യൂറോ അല്ലങ്കില്‍ 4,140 ഡോളറാണ് വില. അതായത് ഏകദേശം 303,985 രൂപ.

മുള ഉപയോഗിച്ചുള്ള ഈ ഇലക്‌ട്രിക് സൈക്കിളിന് റിലീഫ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം ഏത് നിറത്തിലും കൊത്തു പണികളിലും മാറ്റം വരുത്താന്‍ സാധിക്കുമെന്നതാണ് സൈക്കിളിന്റെ പ്രത്യേകത.

പൊതുവേ സൈക്കിളുകള്‍ നിര്‍മ്മിക്കുന്നത് അലുമിനിയം ഉപയോഗിച്ചാണ്. എന്നാല്‍ വാസ്തവത്തില്‍, മുളയ്ക്ക് അലൂമിനിയത്തേക്കാള്‍ അഞ്ച് മടങ്ങ് കൂടുതല്‍ കമ്ബനങ്ങളെ ആഗിരണം ചെയ്യാന്‍ സാധിക്കും. ഈ മുള കൊണ്ടുണ്ടാക്കിയ ഇലക്‌ട്രോണിക്ക് സൈക്കിളിന് പഞ്ചര്‍ ഉണ്ടാകുന്നത് പ്രതിരോധിക്കുന്ന മികച്ച ടയറുകളാണുള്ളത്. കൂടാതെ ഇതില്‍ ഹൈഡ്രോളിക് ബ്രേക്ക് ഡിസ്‌കുകളും സജ്ജീകരിച്ചിട്ടുണ്ട്.

റിലീഫ് ഇ-ബൈക്കില്‍ ട്രാക്കറും ഘടിപ്പിച്ചിട്ടുണ്ട്. അത് ലൈവായി സൈക്കിളിന്റെ സ്ഥാനം കണ്ടെത്തുകയും വിദൂരമായി നിരീക്ഷിക്കുകയും ചെയ്യാം. ആരെങ്കിലും സൈക്കിള്‍ മോഷ്ടിക്കുന്ന സാഹചര്യം ഉണ്ടാവുകയാണങ്കില്‍ മുന്നറിയിപ്പ് നല്‍കാന്‍ ഉടമയുടെ സ്മാര്‍ട്ട്ഫോണിലേക്ക് ഉടന്‍ ഒരു അറിയിപ്പ് അയക്കാനുള്ള സംവിധാനവും റിലീഫില്‍ സജ്ജീകരിച്ചിട്ടുണ്ട്. റൈഡര്‍മാരുടെ നാവിഗേഷന്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒരു ആപ്ലിക്കേഷനും റിലീഫിനൊപ്പം ലഭ്യമാണ്. ഇത് ഉപഭോക്താവ് ഓഫ്ലൈനില്‍ ആണങ്കില്‍ പോലും അവരുടെ യാത്രയിലുടനീളം മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി സൈക്കിള്‍ ഓടിക്കുന്നവരെ ശരിയായ ദിശയിലേക്ക് നയിക്കും. ഇലക്‌ട്രോണിക്ക് സൈക്കിളായതു കൊണ്ട് തന്നെ റിലീഫില്‍ ശേഷിക്കുന്ന ബാറ്ററിയുടെ തോത് കണക്കാക്കാനും ആപ്പിന് സാധിക്കും. കൂടാതെ ഉപഭോക്താവിന് ഉപയോഗപ്രദമായ കാലാവസ്ഥാ വിവരങ്ങളായ കാറ്റിന്റെ വേഗത, ഈര്‍പ്പത്തിന്റെ നില, അടുത്ത കുറച്ച്‌ മണിക്കൂറുകളിലേ കാലാവസ്ഥാ പ്രവചനം പോലെയുള്ള വിവരങ്ങള്‍ നല്‍കാനും സാധിക്കും.

ഫ്രാന്‍സില്‍ നിര്‍മ്മിച്ച റിലീഫിന്റെ ഭാരം 16.5 കിലോഗ്രാം ആണ്. 70 കിലോമീറ്റര്‍ വരെയാണ് റിലീഫിന്റെ ദൂര പരിധി. അതേസമയം, ഒരു ബാറ്ററി കൂടി ചേര്‍ത്താല്‍ 120 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാം.

മോട്ടോര്‍ വാഹനങ്ങളുടെ വലിയ ആരാധകനും മെക്കാനിക്കുമായ മലയാളിയായ രാകേഷ് അടുത്തിടെ പുതിയൊരു ഇലക്‌ട്രിക്‌മോട്ടോര്‍ സൈക്കിള്‍ പുറത്തിറക്കിയിരുന്നു. മുമ്ബ് ചെറിയ രൂപത്തിലുള്ള വര്‍ക്കിങ് മോഡലുകള്‍ നിര്‍മിച്ചതിന്റെ പേരില്‍ ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിച്ചിട്ടുള്ള ആളാണ് രാകേഷ്. ഒരു യൂട്യൂബ് വ്‌ളോഗര്‍ കൂടിയായ രാകേഷ് അടുത്തിടെയാണ് ഒരു സ്ഥാപനത്തിന് വേണ്ടി ഇലക്‌ട്രിക് മോട്ടോര്‍ സൈക്കിള്‍ നിര്‍മിക്കുന്ന ഒരു പ്രോജക്റ്റിന്റെ ഭാഗമായി പ്രവര്‍ത്തിച്ചത്. അദ്ദേഹം പുതിയ ഇലക്‌ട്രിക്‌മോട്ടോര്‍ സൈക്കിളിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുകയും അതിന്റെ വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.