20 April 2024 Saturday

പഴയ ഫോർമാറ്റിന് വിട, രാജ്യത്തെ ഡ്രൈവിങ് ലൈസൻസുകൾക്ക് ഇനി ഏകീകൃത രൂപം

ckmnews



രാജ്യത്തെ ഡ്രൈവിങ് ലൈസൻസുകൾക്ക് ഇനി ഏകീകൃത രൂപത്തിലേക്ക് മാറുകയാണ്. കേരളത്തിൽ തിരുവനന്തപുരം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലെ ഡ്രൈവിങ് ലൈസൻസുകൾ കേന്ദ്രീകൃത വെബ് പോർട്ടലായ സാരഥിയിലേക്ക് മാറ്റുന്ന നടപടികൾ പൂർത്തിയായി.


‍നേരത്തെ ഓഫീസ് കോഡ്, വർഷം, ലൈസൻസ് നമ്പർ അല്ലെങ്കില്‍ ഓഫീസ് കോഡ്, ലൈസൻസ് നമ്പർ, വർഷം എന്നീ ഫോർമാറ്റിൽ ആയിരുന്നത് സംസ്ഥാനം ഓഫീസ് കോഡ്, വര്‍ഷം, ലൈസൻസ് നമ്പർ എന്ന ഫോർമാറ്റിലേക്ക് മാറി. ഈ സാഹചര്യത്തിൽ കേന്ദ്രീകൃത വെബ് പോർട്ടൽ ആയ പരിവാഹൻ (സാരഥി) സൈറ്റിലൂടെ ലഭിക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ ലൈസൻസ് സംബന്ധമായ സേവനങ്ങൾക്കായി (ലൈസൻസ് നമ്പർ വിവരങ്ങൾ അറിയാൻ, അപേക്ഷ തയാറാക്കാൻ)നിങ്ങളുടെ ലൈസൻസ് നമ്പർ, പുതിയ ഫോർമാറ്റിലേക്ക് മാറ്റി ഉപയോഗിക്കുക എന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിക്കുന്നത്. 


ഇതുവരെ പോർട്ടിംഗ് പൂർത്തിയായ തിരുവനന്തപുരം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ലൈസൻസുകൾക്കാണ് ഇത് ബാധകം. മറ്റു ജില്ലകളിലെ പോർടിങ് പൂർത്തിയാക്കുന്ന മുറയ്ക്ക് അറിയിക്കുന്നതായിരിക്കുമെന്നും മോട്ടർവാഹന വകുപ്പ് പറയുന്നു.

ലൈൻസൻസ് മാറേണ്ട, മാറ്റം ഫോർമാറ്റിൽ മാത്രം


നിലവിൽ വാലിഡിറ്റിയുള്ള ലൈസൻസ് കൈവശമുള്ളവർ ഒന്നും തന്നെ പുതുതായി ചെയ്യേണ്ടതില്ല. കേന്ദ്രീകൃത വെബ് പോർട്ടലിൽ പോർട്ട് ചെയ്യപ്പെടുമ്പോൾ പുതിയ ഫോർമാറ്റിലേക്ക് ലൈസൻസ് നമ്പർ മാറും എന്നു മാത്രം. വാഹനിലൂടെ നടത്തുന്ന ലൈസൻസ് സേവനങ്ങൾക്ക് പുതിയ ഫോർമാറ്റ് ഉപയോഗിക്കണമെന്ന് മാത്രം. പുതിയ ഫോർമാറ്റിൽ മാറ്റപ്പെടുന്നതിനായി ഡ്രൈവിംഗ് ലൈസൻസ് കൈവശമുള്ളവർ യാതൊന്നും ചെയ്യേണ്ടതില്ലെന്നു മോട്ടർവാഹന വകുപ്പ് അറിയിച്ചു