24 April 2024 Wednesday

തമിഴ്നാട്ടിലും വെട്ടുകിളി ആക്രമണം

ckmnews



കൃഷ്ണഗിരി: ഉത്തരേന്ത്യയിൽ ആയിരക്കണക്കിന് ഹെക്ടർ കൃഷിനാശം വിതച്ച വെട്ടുകിളികളെ തമിഴ്നാട്ടിലും കണ്ടെത്തിയതായി റിപ്പോർട്ടുകൾ. തമിഴ്നാട്ടിലെ കൃഷ്ണഗിരി, നീലഗിരി ജില്ലകളിലാണ് വെട്ടുകിളികളുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. 


കൃഷ്ണഗിരിയിൽ ഏക്കർ കണക്കിന് കൃഷി വെട്ടുകിളി കൂട്ടം നശിപ്പിച്ചതായാണ് വിവരം. പാടങ്ങളിലാണ് വെട്ടുകിളികൾ വിഹരിക്കുന്നത്. കൃഷ്ണഗിരിയെ കൂടാതെ വയനാട്-മലപ്പുറം ജില്ലകളുമായി അതിർത്തി പങ്കിടുന്ന നീലഗിരി ജില്ലയിലും വെട്ടുകിളികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. 


അതേസമയം ഉത്തരേന്ത്യയിൽ വ്യാപകനാശം വിതച്ച വെട്ടുകിളികളല്ല തമിഴ്നാട്ടിലേതെന്നാണ് വിദഗ്ദ്ധർ പറയുന്നത്. പ്രാദേശികമായി കണ്ടുവരുന്ന വെട്ടുകിളികൂട്ടമാണ് ഇതെന്നും ഇവ ദീർഘദൂരം സഞ്ചരിക്കാൻ  സാധ്യതയില്ലെന്നും അവർ അഭിപ്രായപ്പെടുന്നു. അതേസമയം ഉത്തരേന്ത്യയിൽ നാശം വിതച്ച വെട്ടുകിളിക്കൂട്ടം ദക്ഷിണേന്ത്യയിൽ പ്രവേശിക്കാൻ  സാധ്യതയുണ്ടെന്ന് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകി. കർണാടകയടക്കമുള്ള സംസ്ഥാനങ്ങൾ ഇതേതുടർന്ന് അതീവ ജാഗ്രതയിലാണ്. 


രാജ്യത്ത് കാർഷിക മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചു തുടരുന്ന വെട്ടുകിളി ആക്രമണത്തിൽ പ്രതിരോധം ശക്തമാക്കുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ. അഞ്ചു സംസ്ഥാനങ്ങളിലെ 377 കേന്ദ്രങ്ങളിൽ  ആയി 53,997 ഹെക്ടർ സ്ഥലത്ത്  മരുന്ന് തളി ഉൾപ്പടെ ഉള്ള  പ്രതിരോധ പ്രവർത്തനം നടത്തിയതായി  കാർഷിക മന്ത്രാലയം അറിയിച്ചു. അൻപതിനായിരം ഹെക്ടർ പ്രദേശത്ത് ഇതുവരെ വെട്ടുകിളിക്കൂട്ടം കൃഷി നാശം ഉണ്ടാക്കിയിട്ടുണ്ട്. കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കാതെ ഇരിക്കാനുള്ള നടപടികൾ തുടരുകയാണ് കേന്ദ്രവും സംസ്ഥാനങ്ങളും. കർണ്ണാടക, തെലങ്കാന ഉൾപ്പടെ 17 സംസ്ഥാനങ്ങൾക്ക് കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 


അതിനിടെ വെട്ടു കിളി അക്രമണം രൂക്ഷമായ മേഖലകളിലെക്ക് ഉള്ള വിമാന സർവീസുകൾക്ക് വ്യോമയാന മന്ത്രാലയം മാർഗ നിർദേശം പുറത്തിറക്കി. സർവീസ് ഒഴിവാക്കുകയോ രാത്രികാലങ്ങളിൽ സർവീസ് ക്രമികരിക്കുകയോ വേണമെന്നാണ് വിമാന കമ്പനികൾക്കുള്ള മാർഗ നിർദേശം. വിമാനം ഉയർന്നു പൊങ്ങുമ്പോഴും താഴുമ്പോഴും വെട്ടുകിളികൾ ഭിഷണിയാണെന്നാണ് വ്യോമയാന മന്ത്രാലയത്തിൻ്റെ  വിലയിരുത്തൽ.