24 April 2024 Wednesday

സ്‌കൂള്‍ ദിനങ്ങളും അധ്യയന മണിക്കൂറുകളും വെട്ടികുറയ്ക്കും, പരീക്ഷയിലും മാറ്റം വരും. സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കില്ല

ckmnews

.


കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകളിലെ അധ്യയനദിനങ്ങള്‍  220 ദിവസത്തില്‍ നിന്ന് 100 ആയി വെട്ടിചുരുക്കിയേക്കും. ഓരോ അക്കാദമിക് വര്‍ഷത്തിലും 1320 മണിക്കൂര്‍ സ്‌കൂളുകളില്‍ തന്നെ അധ്യയനം നടക്കണം എന്ന വ്യവസ്ഥയിലും കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി കൊണ്ട് വരും. 600 മണിക്കൂര്‍ സ്‌കൂളിലും 600 മണിക്കൂര്‍ വീടുകളിലും അധ്യയനം നടത്തണം എന്ന വ്യവസ്ഥ ആണ് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം കൊണ്ട് വരിക. ഓരോ പീരിയഡിന്റെയും ദൈര്‍ഘ്യം 45 മിനുട്ടില്‍ നിന്ന് 30 മിനുട്ട് ആയി വെട്ടി ചുരുക്കിയേക്കും.


ഓരോ വര്‍ഷവും 120 മണിക്കൂര്‍ അഥവാ 20 അധ്യയന ദിവസങ്ങള്‍ സ്‌കൂളുകളിലോ, വീട്ടിലോ വച്ച് ഡോക്ടര്‍മാരോ, മനഃശാസ്ത്ര വിദഗ്ധരോ കുട്ടികളെ കൗണ്‍സില്‍ ചെയ്യണം എന്ന നിര്‍ദേശവും കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ട്. കുട്ടികളുടെ മാനസിക ഉന്മേഷം നിലനിറുത്താന്‍ ഈ കൗണ്‍സിലിംഗ് ഗുണം ചെയ്യും എന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച കേന്ദ്ര മാനവവിഭശേഷി മന്ത്രാലയത്തിന്റെ മാര്‍ഗ്ഗ രേഖ ഉടന്‍ പ്രസിദ്ധീകരിക്കും.


സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുന്നതിന് ഷിഫ്റ്റ് സമ്പ്രദായം കൊണ്ട് വരണം എന്ന നിര്‍ദേശം മാര്‍ഗ്ഗരേഖയില്‍ ഉണ്ടെന്നാണ് സൂചന. ഒരു ക്ളാസില്‍ പരമാവധി 15 മുതല്‍ 20 വരെ കുട്ടികളെ പാടുള്ളു. അതില്‍ കൂടുതല്‍ കുട്ടികള്‍ ഒരു ക്ളാസില്‍ ഉണ്ടെങ്കില്‍ രണ്ട് ബാച്ച് ആക്കണം. ഓരോ ബാച്ചിനും ഇടവിട്ടുള്ള ദിവസങ്ങളില്‍ ക്ളാസ്. ക്ലാസുകള്‍ നടത്തുന്നതിന് ഒറ്റ ഇരട്ട അക്ക സംവിധാനം ഏര്‍പ്പെടുത്തണം.  ക്ളാസ്സുകളില്‍ കുട്ടികളെ ഇരുത്തുന്നത് സാമൂഹിക അകലം പാലിച്ച് ആയിരിക്കണം. രണ്ട് കുട്ടികള്‍ തമ്മില്‍ ആറടി അകലത്തില്‍ മാത്രമേ ഇരിക്കാന്‍ അനുവദിക്കാവു. മൂന്ന് പേര് ഇരിക്കുന്ന ബെഞ്ച് ആണെങ്കില്‍ രണ്ട് പേരെ ഇരിക്കാവു എന്നാണ് സര്‍ക്കാര്‍ തയ്യാര്‍ ആക്കുന്ന മാര്‍ഗ്ഗ രേഖയിലെ നിര്‍ദേശങ്ങളില്‍ ഒന്ന്. 


30 മുതല്‍ 50 ശതമാനത്തില്‍ അധികം വിദ്യാര്‍ത്ഥികള്‍ ഒരു സമയം സ്‌കൂളുകളില്‍ ഉണ്ടാകരുത് എന്നാണ് എന്‍ സി ഇ ആര്‍ ടി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. എട്ട് മുതല്‍ പന്ത്രണ്ടാം ക്ളാസ്സുകള്‍ വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ആദ്യ ഘട്ടത്തില്‍ ക്ളാസ് ആരംഭിച്ചാല്‍ മതിയെന്ന് ആയിരുന്നു എന്‍ സി ഇ ആര്‍ ടിയുടെ നിര്‍ദേശം. എന്നാല്‍ ഈ നിര്‍ദേശത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ട് വരാന്‍ ആലോചിക്കുന്നതായി കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി. 


ആദ്യ ഘട്ടത്തില്‍ ഉയര്‍ന്ന ക്ളാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ക്ളാസ്സുകള്‍ കാണുകയുള്ളു എങ്കിലും വൈകാതെ ഒന്ന് മുതല്‍ ഉള്ള ക്ളാസ്സുകള്‍ ആരംഭിക്കും. ഒന്ന് മുതല്‍ അഞ്ച് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ക്ളാസ്സുകള്‍ ആഴ്ചയില്‍ രണ്ട് ദിവസം ആയി പരിമിതപ്പെടുത്തും. ആറ് മുതല്‍ എട്ടാം ക്ളാസ്സുകള്‍ വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് മുതല്‍ നാല് ദിവസം വരെയും 9 മുതല്‍ 12 ആം ക്ളാസ് വരെ ഉള്ളവര്‍ക്ക് നാലോ അഞ്ചോ ദിവസവും ആണ് ക്ളാസ് ആലോചിക്കുന്നത്. പരീക്ഷ നടത്തിപ്പിലും സമൂലമായ മാറ്റങ്ങള്‍ ഉണ്ടായേക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സമ്മര്‍ദ്ദം ഉണ്ടാകാത്ത പരീക്ഷ രീതികള്‍ നടപ്പിലാക്കാന്‍ ആണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 



സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ   തീരുമാനം അനുസരിച്ചാകും സ്‌കൂള്‍ തുറക്കുന്ന തീയതി പ്രഖ്യാപിക്കുക. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നേരത്തെ പ്രഖ്യാപിച്ചത് പോലെ ജൂണ്‍ ഒന്നിന് തന്നെ തുടങ്ങും. അധ്യാപകരോ കുട്ടികളോ ഇതിനായി സ്‌കൂളുകളില്‍ ഹാജരാകേണ്ടതില്ലെന്നും പൊതു വിദ്യാഭ്യാസ ഡയറക്‌റുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ക്യു.ഐ.പി) സമിതി യോഗം അറിയിച്ചു. 


വിക്ടേഴ്‌സ് ചാനല്‍ വഴി രാവിലെ 8.30 മുതല്‍ വൈകുന്നേരം 6 മണി വരെയാകും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നടക്കുക. പ്രൈമറി തലത്തില്‍ അര മണിക്കൂറും ഹൈസ്‌കൂള്‍ വിഭാഗത്തിന് ഒരു മണിക്കൂറും ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ഒന്നര മണിക്കൂറുമാകും ക്ലാസ്സുകള്‍.  


ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ലഭ്യമാകുന്നതിന് ഇന്റര്‍നെറ്റ്, ടെലിവിഷന്‍ സൗകര്യം ഇല്ലാത്തവര്‍ക്കായി വായനശാലകള്‍, കുടുംബശ്രീ തുടങ്ങിയവ മുഖേന സൗകര്യം ഒരുക്കാനും യോഗത്തില്‍ തീരുമാനമായി. ക്ലാസ്സുകളെ സംബന്ധിക്കുന്ന വിശദമായി മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കും.