28 March 2024 Thursday

വോഡഫോണ്‍ ഐഡിയയില്‍ ഗൂഗിള്‍ നിക്ഷേപം നടത്താന്‍ സാധ്യത - റിപ്പോര്‍ട്ട്

ckmnews


രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളിലൊന്നായ വോഡഫോണ്‍ ഐഡിയയില്‍ അന്താരാഷ്ട്ര സാങ്കേതിക വ്യവസായ സ്ഥാപനമായ ഗൂഗിള്‍ നിക്ഷേപം നടത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. വോഡഫോണ്‍ ഐഡിയയുടെ മുഖ്യ എതിരാളിയായ റിലയന്‍സ് ജിയോയില്‍ ഫെയ്‌സ്ബുക്കിന്റെ നിക്ഷേപം വന്ന സാഹചര്യത്തിലാണ് ഈ പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നത്. 


രാജ്യത്ത് വലിയ സാമ്പത്തിക വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ ഗൂഗിളില്‍ നിന്നുള്ള നിക്ഷേപം വോഡഫോണ്‍ ഐഡിയയെ സംബന്ധിച്ച് വലിയ ആശ്വാസമാവും. ഗൂഗിളിനെ സംബന്ധിച്ച് അന്താരാഷ്ട്ര തലത്തില്‍ മുഖ്യ എതിരാളികളിലൊന്നായ ഫെയ്‌സ്ബുക്കിനോട് മത്സരിക്കാനുള്ള അവസരവും ഇതുവഴി ലഭിക്കും. 


വലിയ സാമ്പത്തിക നഷ്ടം നേരിട്ട സാഹചര്യത്തില്‍ ബ്രിട്ടീഷ് കമ്പനിയായ വോഡഫോണും ഇന്ത്യന്‍ കമ്പനിയായ ആദിത്യ ബിര്‍ല ഗ്രൂപ്പിന്റെ ഐഡിയയും തമ്മില്‍ 2018 ലാണ് ലയിച്ചത്. വോഡഫോണ്‍ ഐഡിയയില്‍ നിന്നും അഞ്ച് ശതമാനം ഓഹരി ഗൂഗിള്‍ വാങ്ങുമെന്നാണ് വിവരം.


മൊബൈല്‍ സേവനങ്ങള്‍ക്ക് രാജ്യത്ത് വലിയ പ്രാധാന്യം ലഭിക്കുന്ന സാഹചര്യമാണിത്. പ്രത്യേകിച്ചും ലോക്ക്ഡൗണ്‍ തുടങ്ങിയതോടെ മൊബൈല്‍ ഡാറ്റയ്ക്ക് വേണ്ടി ആളുകള്‍ കൂടുതല്‍ ചിലവാക്കുന്നുണ്ട്. ഡിജിറ്റല്‍ പേമന്റുകള്‍ക്കും, ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്കും വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. 


അടുത്തിടെയാണ് ഫെയ്‌സ്ബുക്ക്, ജനറല്‍ അറ്റ്‌ലാന്റിക്, വിസ്റ്റ ഇക്വിറ്റി പാര്‍നേഴ്‌സ്, സില്‍വര്‍ ലേക്ക് തുടങ്ങിയ കമ്പനികളില്‍ നിന്നും റിലയന്‍സ് ജിയോയില്‍ 1000 കോടി രൂപയിലധികം നിക്ഷേപം വന്നത്.