28 March 2024 Thursday

കാർഗോ വഴി സ്വർണക്കടത്ത്: കുറ്റിപ്പുറം സ്വദേശി അറസ്റ്റിൽ

ckmnews

കാർഗോ വഴി സ്വർണക്കടത്ത്: കുറ്റിപ്പുറം സ്വദേശി അറസ്റ്റിൽ


കുറ്റിപ്പുറം  ∙ കൊച്ചി‍ കാർഗോ പോർട്ട് വഴി 14.4 കിലോ സ്വർണം കടത്താൻ ശ്രമിച്ച കേസിൽ ഉൾപ്പെട്ട കുറ്റിപ്പുറം സ്വദേശിയെ കോഫെപോസ ചുമത്തി അറസ്റ്റ് ചെയ്തു. കുറ്റിപ്പുറം അത്താണി സ്വദേശി കോറോത്ത് താഴത്തേതിൽ മുഹമ്മദാലി (56) ആണ് അറസ്റ്റിലായത്. സിഐ ശശീന്ദ്രൻ മേലയിലിന്റെ നേതൃത്വത്തിൽ പിടികൂടിയ ഇയാളെ തിരുവനന്തപുരത്ത് എത്തിച്ചു.


ഏതാനും മാസം മുൻപ് വിദേശത്തുനിന്ന് കാർഗോ വഴി എത്തിച്ച റഫ്രിജറേറ്ററിലാണ് 14.5 കിലോഗ്രാം സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദാലി അടക്കം 3പേർ പിടിയിലായിരുന്നു. പ്രതികളുടെ വീടുകളിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് നടത്തിയ പരിശോധനയിൽ ,സ്വർണക്കടത്തുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിച്ചിരുന്നതായും പറയുന്നു.


ഡ്യൂട്ടിഫ്രീ ഷോപ്പും വിദേശ ഉൽപന്നങ്ങളുടെ വിൽപനയും നടത്തിയിരുന്ന മുഹമ്മദാലിക്കായി കാർഗോ വഴി കൂടുതൽ പാഴ്സലുകൾ എത്തുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത് തടയാനായി വിദേശ നാണയ വിനിമയ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെയുള്ള കോഫെപോസ ചുമത്തി കരുതൽ തടങ്കലിലാക്കിയതെന്നു പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിന്റെ നിർദേശപ്രകാരം പിടികൂടിയ പ്രതിയെ ഇന്നലെ തിരുവനന്തപുരത്ത് ജയിലിൽ എത്തിച്ചു.  മുഹമ്മദാലിയുടെ ബന്ധുക്കളും കൂട്ടാളികളുമായ 2പേരെ കഴിഞ്ഞ ദിവസം എറണാകുളത്തുനിന്ന് കോഫെപോസ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു