28 March 2024 Thursday

വിലയേറിയ ഘോൾ മത്സ്യങ്ങൾ വലയിൽ; മത്സ്യത്തൊഴിലാളി ഒറ്റദിനംകൊണ്ട് കോടീശ്വരൻ

ckmnews

വിലയേറിയ ഘോൾ മത്സ്യങ്ങൾ വലയിൽ; മത്സ്യത്തൊഴിലാളി ഒറ്റദിനംകൊണ്ട് കോടീശ്വരൻ


മുംബൈ:പാൽഘറിലെ മത്സ്യത്തൊഴിലാളിയായ ചന്ദ്രകാന്ത് തരെ ഒറ്റദിവസംകൊണ്ട് കോടീശ്വരനായി. ഒരുമാസം നീണ്ടുനിന്ന ട്രോളിങ് നിരോധനത്തിനുശേഷം വലയുമായി ഇറങ്ങിയ തരെയുടെ വലയിൽ 'സ്വർണഹൃദയമുള്ള മത്സ്യം' എന്നറിയപ്പെടുന്ന വിലയേറിയ ഘോൾ മത്സ്യങ്ങൾ കൂട്ടമായി കുടുങ്ങിയപ്പോൾ 1.33 കോടി രൂപയാണ് കീശയിലെത്തിയത്.

157 ഘോൾ മത്സ്യങ്ങളാണ് ഇദ്ദേഹത്തിന് ലഭിച്ചത്. ഒരു മത്സ്യത്തിന് 85,000 രൂപ നിരക്കിൽ മീൻവിറ്റുപോയപ്പോഴാണ് ഇത്രയും വലിയ തുക ലഭിച്ചത്. ഉത്തർപ്രദേശിൽനിന്നും ബിഹാറിൽനിന്നുമുള്ള വ്യാപാരികൾചേർന്നാണ് മത്സ്യം വാങ്ങിയത്.


ശനിയാഴ്ച വൈകീട്ടാണ് ചന്ദ്രകാന്ത തരെയും എട്ട് കൂട്ടാളികളും ബോട്ടുമായി കടലിൽ പോയത്. തീരത്തുനിന്ന് 20-25 നോട്ടിക്കൽ മൈൽ ഉള്ളിലേക്ക് ആഴത്തിൽ വലയെറിഞ്ഞപ്പോഴാണ് 'സ്വർണമത്സ്യ'ങ്ങൾ ലഭിച്ചത്.


മുംബൈയിൽനിന്ന് ഏകദേശം 80 കിലോമീറ്റർ അകലെയാണ് പാൽഘർതീരം. അയഡിൻ, ഇരുമ്പ് തുടങ്ങിയവ അടങ്ങിയ ഏറ്റവും പോഷകഗുണമുള്ള മത്സ്യമാണ് ഘോൾ. കൂടാതെ ഇവയുടെ അവയവഭാഗങ്ങൾ ഔഷധമേന്മയുള്ളതിനാൽ മരുന്നുനിർമാണത്തിന് വ്യാപകമായി ഉപയോഗിക്കുന്നു. ഇതിന്റെ ചർമം സൗന്ദര്യവർധക ഉത്പന്നങ്ങളുടെ നിർമാണത്തിനും ഉപയോഗിക്കുന്നു. സിംഗപ്പുർ, മലേഷ്യ, ഇൻഡൊനീഷ്യ, ഹോങ്കോങ്. ജപ്പാൻ എന്നിവിടങ്ങളിൽ ഒട്ടേറെ ആവശ്യക്കാരുള്ളതിനാൽ കയറ്റുമതിമത്സ്യംകൂടിയാണ് ഘോൾ. ഇന്ത്യൻമഹാസമുദ്രത്തിലും ശാന്തസമുദ്രത്തിലുമാണ് ഘോൾ മത്സ്യം പൊതുവേ കാണപ്പെടുന്നത്. ഗൾഫ് തീരങ്ങളിലും പാകിസ്താൻ, ബർമ എന്നിവിടങ്ങളിലും ഇവ കാണപ്പെടാറുണ്ട്.