24 April 2024 Wednesday

നാട് ചുറ്റാനെത്തി കേരളത്തില്‍ കുടുങ്ങിയ യുപി സ്വദേശിയെ അവശനിലയില്‍ റോഡരികില്‍ കണ്ടെത്തി

ckmnews


ചങ്ങരംകുളം:നാട് ചുറ്റാനെത്തി കേരളത്തില്‍ കുടുങ്ങിയ യുപി സ്വദേശിയെ അവശനിലയില്‍ റോഡരികില്‍ കണ്ടെത്തി.ഉത്തര്‍പ്രദേശ് ഗോറക്പൂര്‍ സ്വദേശിയായ  വിപുല്‍(20)നെയാണ് സംസ്ഥാന പാതയില്‍ ചങ്ങരംകുളം മേലെ മാന്തടത്ത് അവശനിലയില്‍ കണ്ടെത്തിയത്.ട്രോമകെയര്‍ പ്രവര്‍ത്തകന്‍ കൂടിയായ വളയംകുളം സ്വദേശി അബ്ദുട്ടി വിവരം ആരോഗ്യവകുപ്പിനെ പഞ്ചായത്തിനെയും ധരിപ്പിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ ജുംനയുടെയും ഹെല്‍ത്ത് ഓഫീസര്‍ പ്രകാശന്റെയും നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകരും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുജിത സുനിലിന്റെയും സെക്രട്ടറി വിനോദ്കുമാറിന്റെയും നേതൃത്വത്തിലുള്ള ഉദ്ധ്യോഗസ്ഥരും സ്ഥലത്തെത്തി യുവാവിനെ ആരോഗ്യ പരിശോധന നടത്തി.വെള്ളവും ഭക്ഷണവും നല്‍കി.രണ്ട് മാസം മുമ്പാണ് യുവാവ് കേരളത്തില്‍ എത്തിയത്.കോവിഡ് നിയന്ത്രണങ്ങള്‍ വന്നതോടെ ഊര് ചുറ്റാനെത്തിയ യുവാവ് ആലപ്പുഴ പാതിരപ്പിള്ളിയില്‍ ആരോഗ്യവകുപ്പിന്റെ പിടിയിലായി.30 ദിവസത്തോളം ക്വോറന്റൈനില്‍ കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവിന്റെ കയ്യില്‍ മൊബൈലോ മറ്റു രേഖകളോ ആവശ്യത്തിന് പണമോ ഉണ്ടായിരുന്നില്ല.നാട്ടിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യാന്‍ എന്ന് കഴിയും എന്നറിയാതെ കാല്‍നടയായി വീണ്ടും യാത്ര തുടരുകയായിരുന്നു.നാല് ദിവസത്തെ യാത്രക്കൊടുവില്‍ മലപ്പുറം ജില്ലയിലെത്തിയതോടെയാണ് യുവാവ് അവശനായത്.നിലവില്‍ ഇത്തരക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിന് പഞ്ചായത്തിന് നിയമപരമായ തടസങ്ങള്‍ ഉണ്ടെന്നും ജില്ലാ ഭരണകൂടവുമായി ആലോചിച്ച് നാട്ടിലേക്ക് അയക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ ശ്രമിക്കുമെന്നും  ആലംകോട് വില്ലേജ് ഓഫീസര്‍ ലൈല പറഞ്ഞു.