25 April 2024 Thursday

രാജ്യത്ത് തക്കാളിയുടെ മൊത്തവില കുത്തനെ ഇടിഞ്ഞു; കിലോയ്ക്ക് വില നാലു രൂപ മാത്രം

ckmnews

ദില്ലി: രാജ്യത്ത് തക്കാളിയുടെ മൊത്തവില കുത്തനെ ഇടിഞ്ഞു. തക്കാളി ഉൽപ്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലെല്ലാം വില താഴ്ന്നിരിക്കുകയാണ്. തക്കാളി ഉൽപ്പാദിപ്പിക്കുന്ന 23 സംസ്ഥാനങ്ങളിലെ വില 50 ശതമാനത്തിലും താഴെ പോയെന്ന് കേന്ദ്രസർക്കാരിന്റെ കണക്കുകൾ പറയുന്നു.

ഖാരിഫ് സീസൺ വിളവെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. 2021 ജൂലൈ മുതൽ 2022 ജൂൺ വരെയുള്ള കാലത്തേതാണ് വിളവെടുപ്പ്. മധ്യപ്രദേശിലെ ദേവാസിൽ തക്കാളിക്ക് ഓഗസ്റ്റ് 28 ന് എട്ട് രൂപയായിരുന്നു വില. കഴിഞ്ഞ വർഷം ഇതേ സമയത്ത് 11 രൂപയായിരുന്നു കിലോയ്ക്ക് മൊത്തവ്യാപാര വില.

നിലവിൽ രാജ്യത്തെ ആറാമത്തെ വലിയ തക്കാളി ഉൽപ്പാദകരാണ് മഹാരാഷ്ട്രയിലെ ജൽഗോൺ. ഇവിടെ വില 80 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് നാല് രൂപയായി. കഴിഞ്ഞ വർഷം ഇതേ സമയത്ത് 21 രൂപയായിരുന്നു ഇവിടെ തക്കാളിയുടെ മൊത്തവ്യാപാര വില.

ഔറംഗബാദിൽ വില 9.50 രൂപയിൽ നിന്ന് 4.50 രൂപയിലേക്ക് താഴ്ന്നു. സോലാപൂറിൽ 15 രൂപയായിരുന്നത് അഞ്ച് രൂപയായി. കോൽഹാപൂറിൽ 25 രൂപയായിരുന്നത് 6.50 രൂപയായി. മികച്ച വിളവെടുപ്പ് കിട്ടിയിട്ടും വിതരണശൃംഖല തടസപ്പെട്ടതാണ് വില ഇടിയാൻ പ്രധാന കാരണമായി പറയുന്നത്.

സർക്കാരിന്റെ ഔദ്യോഗിക കണക്ക് പ്രകാരം ഓഗസ്റ്റ് 28 ന് കർണാടകയിലെ കോലാറിൽ തക്കാളിക്ക് വില കിലോയ്ക്ക് 5.30 ആയിരുന്നു. കഴിഞ്ഞ വർഷം 18.70 രൂപയായിരുന്നു. ചിക്കബല്ലാപുരയിൽ വില കഴിഞ്ഞ വർഷം 18.50 ആയിരുന്നത് 7.30 രൂപയായാണ് താഴ്ന്നത്.

ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിൽ വില കഴിഞ്ഞ വർഷം 40 രൂപയായിരുന്നത് ഇക്കുറി 18.50 രൂപയായി താഴ്ന്നു. ഉത്തർപ്രദേശിൽ കഴിഞ്ഞ വർഷം 14 മുതൽ 28 രൂപ വരെ കിലോയ്ക്ക് കിട്ടിയിരുന്ന ഇടങ്ങളിൽ ഇക്കുറി 8 രൂപ മുതൽ 20 രൂപ വരെയാണ് കിട്ടുന്നത്. പശ്ചിമബംഗാളിൽ 34 മുതൽ 65 രൂപ വരെ കഴിഞ്ഞ വർഷം കിട്ടിയിരുന്നത് 25 മുതൽ 32 രൂപ വരെയാണ് കിട്ടുന്നത്.