23 April 2024 Tuesday

ജൂണ്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും

ckmnews

സംസ്ഥാനത്തെ കോളജുകളില്‍ ജൂണ്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. രാവിലെ 8:30 മുതല്‍ 1:30 വരെയാണ് പഠനസമയം. ഗതാഗത സൗകര്യമുള്ള അധ്യാപകര്‍ കോളജുകളിലെത്തണമെന്നും ഉത്തരവിലുണ്ട്.


കോളജുകള്‍ തുറക്കുന്നത് സംബന്ധിച്ച്‌ കഴിഞ്ഞദിവസം വിദ്യാഭ്യാസ ഡയറക്ടര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. റഗുലര്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിയുന്നതുവരെ ഓണ്‍ലൈനില്‍ ക്ലാസുകള്‍ നടത്തണമെന്നാണ് നിര്‍ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെയും പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെയും കൃത്യമായ ഹാജര്‍ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതും യഥാസമയം ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതുമാണ്.ഓണ്‍ലൈന്‍ പഠനസൗകര്യങ്ങള്‍ ലഭ്യമല്ലാത്തവിദ്യാര്‍ഥികള്‍ ക്ലാസുകള്‍ ലഭിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുന്നതിന് പ്രിന്‍സിപ്പല്‍ ഉറപ്പുവരുത്തണം.

ഓണ്‍ലൈന്‍ പഠനരീതിയ്ക്ക് ആവശ്യമായ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വിക്ടേഴ്‌സ് ചാനല്‍ പോലെ ടിവി/ ഡിടിഎച്ച്‌/ റേഡിയെ ചാനല്‍ തുടങ്ങിയവ ഉപയോഗപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ചു നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.