23 April 2024 Tuesday

പൊന്നാനി കനോലി കനാൽ പാലം അടുത്ത ജൂണിൽ യാഥാർത്ഥ്യമാവും

ckmnews

പൊന്നാനി കനോലി കനാൽ പാലം അടുത്ത ജൂണിൽ യാഥാർത്ഥ്യമാവും


പൊന്നാനി: പുഴയോര പാതയായ കർമ്മ റോഡിനേയും പൊന്നാനി മത്സ്യ ബന്ധന തുറമുഖത്തേയും ബന്ധിപ്പിച്ച് കനോലി കനാലിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. 40 ശതമാനം പ്ര്യത്തികൾ പൂർത്തീകരിച്ചു. 66 പൈലുകളുടെ നിർമ്മാണം പൂർത്തിയായി. പൈൽ കാപ്പുകളുടേയും ബീമിന്റെയും പ്രവൃത്തിയാണ് നടക്കുന്നത്. 41 ബീമുകളിൽ പത്തെണ്ണം പൂർത്തിയായി. 11 പൈൽ കാപ്പുകളിൽ ആറെണ്ണത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചു.330 മീറ്റർ നീളത്തിൽ ഭാരതപ്പുഴയും കനോലി കനാലും സംഗമിക്കുന്ന പള്ളിക്കടവിന് കുറുകെയാണ് പാലം നിർമ്മിക്കുന്നത്.ദേശീയ ജലപാത നിയമത്തിലെ മാനദണ്ഡങ്ങങ്ങൾ പ്രകാരമാണ് പാലത്തിന്റെ നിർമ്മാണം.പാലത്തിന്റെ മദ്ധ്യത്തിൽ 45 മീറ്റർ ഉയരമുണ്ടാകും.കനോലി കനാലിലൂടെയുള്ള ബോട്ട് സർവീസുകൾക്ക് തടസ്സമാകാത്ത തരത്തിലാണ് പാലത്തിന്റെ മധ്യഭാഗത്തെ ഉയരം.


പാലത്തിന്റെ ഒരു ഭാഗത്ത് 35 മീറ്റർ ഉയരത്തിലുള്ള 4 സ്പാനുകളും മറ്റു ഭാഗത്ത് 25 മീറ്റർ ഉയരത്തിലുള്ള 3 സ്പാനുകളും 35 മീറ്റർ രണ്ട് സ്പാനുകളുമുണ്ടാകും. വാഹന ഗതാഗതത്തിനായി പത്ത് മീറ്റർ വീതിയിലാണ് പാലം നിർമ്മിക്കുക. ഒരു വശത്ത് രണ്ട് മീറ്റർ വീതിയിലുള്ള കൈവരിയോടു കൂടിയ നടപ്പാതയുണ്ടാകും. പലത്തിന് മൊത്തം 12 മീറ്ററാണ് ഉണ്ടാവുക.


11 കാലുകളോടുകൂടിയ പാലത്തിന് ശരാശരി 66 മീറ്റർ ആഴത്തിലും 1.20 മീറ്റർ വ്യാസത്തിലുമുള്ള 66 കോൺക്രീറ്റ് കാസ്റ്റിൻ സിറ്റു പൈലുകളുണ്ടാകും. ചമ്രവട്ടം ഭാഗത്തേക്ക് 570 മീറ്ററും പൊന്നാനി ഭാഗത്തേക്ക് 250 മീറ്ററും അപ്രോച്ച് റോഡ് ഉണ്ടാകും. കൂടാതെ 520 മീറ്റർ ഹാർബർ റോഡ് നവീകരിക്കും.പാലം യാഥാർത്ഥ്യമാകുന്നതോടെ പൊന്നാനിയിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരാകും. എറണാകുളം കോഴിക്കോട് റൂട്ടിലെ ചരക്ക് ഗതാഗതത്തിന് ഈ വഴി സഹായകമാകും. 36.29 കോടി രൂപ ചിലവിൽ പുഴയോരപാതയായ കർമ്മ റോഡിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് പാലത്തിന്റെ നിർമ്മാണം നടക്കുന്നത്.ഊരാലുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല. അടുത്ത ജൂണോടെ പാലം നിർമ്മാണം പൂർത്തിയാക്കാനാകുമെന്ന് കരാറുകാർ പറഞ്ഞു.