19 April 2024 Friday

ഒ.എം.നമ്പ്യാര്‍ അന്തരിച്ചു; പി.ടി.ഉഷ ഉൾപ്പെടെയുള്ളവരുടെ പരിശീലകൻ

ckmnews

ഒ.എം.നമ്പ്യാര്‍ അന്തരിച്ചു; പി.ടി.ഉഷ ഉൾപ്പെടെയുള്ളവരുടെ പരിശീലകൻ


കോഴിക്കോട് ∙ ഇന്ത്യ കണ്ട ഏറ്റവും മികച്ച അത്‌ലറ്റിക്സ് പരിശീലകരിലൊരാളായ ഒ.എം.നമ്പ്യാർ (89) അന്തരിച്ചു. വടകര മണിയൂരിലെ ഒതയോത്ത് തറവാട്ടിൽ വ്യാഴാഴ്ച വൈകിട്ടായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങൾ കാരണം കുറച്ചു വർഷങ്ങളായി വിശ്രമജീവിതം നയിക്കുകയായിരുന്നു. 1985ൽ ആദ്യ ദ്രോണാചാര്യ പുരസ്കാരം നേടിയത് നമ്പ്യാരാണ്. ഈ വർഷത്തെ റിപ്പബ്ലിക് ദിനത്തിൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു.


ഇന്ത്യയുടെ അത്‌ലറ്റിക്സ് ഇതിഹാസം പി.ടി.ഉഷയെ രാജ്യാന്തര താരമാക്കി മാറ്റിയത് നമ്പ്യാരാണ്. 32 വർഷം കേരളത്തിന്റെ അത്‌ലറ്റിക്സ് കോച്ചായിരുന്ന അദ്ദേഹം ഉഷയെക്കൂടാതെ ഒട്ടേറെ രാജ്യാന്തര താരങ്ങളെയും പരിശീലിപ്പിച്ചിട്ടുണ്ട്. വ്യോമസേനയിൽ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം സർവീസസിനായി ഒട്ടേറെ മെഡലുകൾ നേടി. സർവീസസിന്റെ കോച്ചായാണു പരിശീലക കരിയർ ആരംഭിച്ചത്. തുടർന്ന് 1970ൽ കേരള സ്പോർട്സ് കൗൺസിൽ കോച്ചായി ചുമതലയേറ്റെടുത്തു.