29 March 2024 Friday

കോവിഡ്:150 പേരെ തിരിച്ചറിഞ്ഞു പത്തനംതിട്ട ജില്ലയില്‍ മൂന്ന് ദിവസം വിദ്യാഭ്യാസ അവധി

ckmnews

കോവിഡ്: 150 പേരെ തിരിച്ചറിഞ്ഞു;


 പത്തനംതിട്ട ജില്ലയിൽ മൂന്നു ദിവസം വിദ്യാഭ്യാസ അവധി

 

പത്തനംതിട്ടയിൽ കോവിഡ് 19 ബാധിതരുമായി സമ്പര്‍ക്കത്തിലായ 150 പേരെ തിരിച്ചറിഞ്ഞെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഇതിൽ 58 പേര്‍ വളരെ അടുത്ത് ഇടപഴകിയവരാണ്. കൂടുതല്‍ പേരെ കണ്ടെത്താനുണ്ട്. വിവരം അറിയാവുന്നവര്‍ തുറന്ന് പറയാന്‍ സന്നദ്ധമാകണം. പ്രദേശത്ത് കല്യാണം ഉള്‍പെടെയുളളവ മാറ്റിവയ്ക്കണം.പത്തനംതിട്ട ജില്ലയില്‍ മൂന്നുദിവസം സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധിയായിരിക്കും. പരീക്ഷകള്‍ക്ക് മാറ്റമില്ല.  മാസ്ക് അടക്കമുളളവയ്ക്ക് മെഡിക്കല്‍ ഷോപ്പുകള്‍ അമിത വില ഈടാക്കിയാൽ ലൈസന്‍സ് റദ്ദാക്കുമെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി. മാസ്ക് അടക്കം ഉപകരണങ്ങള്‍ക്ക് ദൗര്‍ലഭ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.പത്തനംതിട്ടയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവർ എത്തിയത് ഖത്തര്‍ എയര്‍വേയ്സിന്‍റെ  രണ്ടുവിമാനങ്ങളിലെന്നു കണ്ടെത്തി.  QR 126 വിമാനത്തില്‍ ദോഹയിലെത്തി. QR 514 വിമാനത്തില്‍ കൊച്ചിയിലുമെത്തി. ഇതേത്തുടർന്ന് എറണാകുളത്തും ജാഗ്രതാനിർദേശം നൽകി. 


അഞ്ചുപേര്‍ക്കാണ് കോവിഡ് 19  സ്ഥിരീകരിച്ചത്. ഇറ്റലിയില്‍നിന്ന് എത്തിയ ദമ്പതികള്‍ക്കും മകനും  ഇവരുടെ ബന്ധുക്കളായ രണ്ടുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, രോഗമുള്ള രാജ്യങ്ങളില്‍ നിന്ന് നാട്ടിലത്തിയവര്‍ വിവരങ്ങള്‍ ഒളിച്ചാല്‍ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. 

ഇതോടെ പത്തനംതിട്ട ജില്ല കടുത്ത ജാഗ്രതയിലായി. രോഗം സ്ഥിരീകരിച്ചവരുടെ എല്ലാ യാത്രകളും പരിശോധിക്കും.ബന്ധപ്പെട്ടവരുടെ പട്ടിക വൈകിട്ടോടെ തയാറാക്കും. ഇതില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റും. ഭീതിവേണ്ടെന്നും ജാഗ്രതയും കരുതലും വേണമെന്നും കലക്ടര്‍ പി.ബി. നൂഹ് പറഞ്ഞു.കേരളത്തില്‍ കോവിഡ് 19 പ്രതിരോധം ശക്തമാക്കിയെന്ന് മന്ത്രി അറിയിച്ചു. കൊറോണ ബാധിത രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ സര്‍ക്കാരിനെ വിവിരം അറിയിക്കണം അറിയിച്ചില്ലെങ്കില്‍ കുറ്റമായി കണക്കാക്കും, സമൂഹവും ജാഗ്രത പാലിക്കണം.അയല്‍വാസികള്‍ക്കും വിവരം സര്‍ക്കാരിനെ അറിയിക്കാം.