20 April 2024 Saturday

മണ്ണിനെ ജീവിതത്തോട് ചേർത്ത കേരള കുഞ്ഞാപ്പു ഹാജിക്കു സ്നേഹാദരം

ckmnews

മണ്ണിനെ ജീവിതത്തോട് ചേർത്ത കേരള കുഞ്ഞാപ്പു ഹാജിക്കു സ്നേഹാദരം


ചങ്ങരംകുളം : മണ്ണും മനസ്സും ഒന്നായി ചേർന്നവരിൽ നിന്ന് ദേശത്തിന്റെ യശസ്സുയർത്തിയ കല്ലൂർമ്മ മൂലപ്പറമ്പിൽ കുഞ്ഞാപ്പു ഹാജിക്കു കർഷക ദിനത്തിൽ സ്നേഹാദരം.മണ്ണിന്റെ മണമുള്ള ചിങ്ങത്തിൽ ജീവിതത്തെ മണ്ണിനോടു ചേർത്ത്  വെച്ച കുഞ്ഞാപ്പു ഹാജിയുടെ ഉള്ളം നിറയുകയാണ് . യുവത്വ കാലത്തിന്റെ കഠിനാധ്വാനങ്ങളുടെ ഫലമായി അറേബ്യൻ മരുഭൂമിയുടെ ഊഷരതയിൽ പൊന്ന് വിളയിച്ച് ,കുടുംബാംഗങ്ങൾക്ക് കൈമാറി കുഞ്ഞാപ്പു ഹാജി നാട്ടിലെത്തിയത് വിശ്രമിക്കാനായിരുന്നില്ല.പുലരും മുമ്പേ, പ്രഭാത കർമ്മങ്ങൾ തീർത്ത് പാടത്തേക്കും പറമ്പിലേക്കുമിറങ്ങി പണിക്കാർ കൊപ്പം പത്തിരട്ടി പണികൾ ദിവസവും ചെയ്യുന്നതാണ് പതിവു രീതി.ഇതിനിടയിൽ മത കർമ്മങ്ങളിലെ കൃത്യതക്കും വിവാഹ - മരണ വീടുകളിലെ നിറസാന്നിധ്യത്തിനും ഒരു മുടക്കവുമില്ല.കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന നീലേയിൽ പ്പടവ് പാടശേഖരങ്ങളിലും നാടിന്റെ പല ഭാഗങ്ങളിലുമുള്ള കൃഷി ഭൂമികളിലും നെൽകൃഷിയും തെങ്ങും കവുങ്ങും വാഴയും പച്ചക്കറികളും എല്ലാം സമൃദ്ധം. അവയുടെ പച്ചപ്പിൽ അദ്ദേഹം എന്നും ആനന്ദം കണ്ടെത്തുന്നു.ഒരു മടിയും കൂടാതെ ചെളിയിലിറങ്ങി വിയർപ്പു തുള്ളികളെ ഉപ്പു മണികളാക്കുന്ന കുഞ്ഞാപ്പു ഹാജി, മേലനങ്ങാൻ മടിയുള്ള പുതു തലമുറക്ക് വലിയ പാഠമാണ്.മണ്ണിന്റെ മനസ്സും മനുഷ്യരുടെ ജീവിതവും നന്നായി അറിയുന്ന കുഞ്ഞാപ്പു ഹാജിക്കു വേനലും മഴയും രാവും പകലും കർഷിക സേവന പ്രവർത്തികളിൽ തടസ്സമാകാറില്ല.കൃഷികളും വിളകളും വിജയകരമായി വിളയിക്കുന്നതിനും മണ്ണ് പൊന്നാക്കുന്നതിനും കുഞ്ഞാപ്പു ഹാജിക്കു പ്രതേക സിദ്ധിയാണെന്നു അടുത്തറിയുന്നവർ പറയുന്നു.സമ്പന്നതയുടെ സൗകര്യങ്ങൾക്ക് വഴങ്ങാതെ , തികച്ചും സാധാരണക്കാരനായി സാമൂഹിക സേവനങ്ങൾക്കൊപ്പം പരിസ്ഥിതിക്കും പ്രകൃതിക്കും ജീവിതം സമർപ്പിക്കുന്ന കുഞ്ഞാപ്പു ഹാജിയെ കർഷക ദിനത്തിൽ എസ്. വൈ.എസ് എടപ്പാൾ സോൺ കമ്മിറ്റി ആദരിച്ചു.കെ.സിദ്ധീഖ് മൗലവി അയിലക്കാട്,പ്രൊ:അനീസ് ഹൈദരി,വാരിയത്ത് മുഹമ്മദലി,പി. പി നൗഫൽ സഅദി,കെ.പി ഉമർ സഖാഫി,അഷ്റഫ് അൽ ഹസനി പങ്കെടുത്തു.