24 April 2024 Wednesday

എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ മരണം: മദ്യലഹരിയില്‍ കാറോടിച്ച ഡ്രൈവര്‍ പിടിയില്‍

ckmnews

എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ മരണം: മദ്യലഹരിയില്‍ കാറോടിച്ച ഡ്രൈവര്‍ പിടിയില്‍


കൊല്ലം∙ കൊട്ടാരക്കര ചേത്തടിയില്‍ രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ഒരാളെ കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചുവീഴ്ത്തിയ കാറിന്റെ ഡ്രൈവർ തലവൂർ മഞ്ഞക്കാല സ്കൂളിനു സമീപം ലക്ഷ്മി നിവാസിൽ ലാൽകുമാറിനെയാണ് കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്.


ലാൽകുമാറിനോപ്പം കാറിലുണ്ടായിരുന്ന റോയി ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ അറസ്റ്റും ഉടനുണ്ടാകുമെന്നാണ് സൂചന. ഇവർ മദ്യലഹരിയിലാണ് വാഹനം ഒാടിച്ചതെന്ന് വൈദ്യപരിശോധനയില്‍ കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. പ്രതികൾക്കെതിരെ നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.


കഴിഞ്ഞ 12ന് രാത്രിയില്‍ ചെങ്ങമനാടിനും ചേത്തടിക്കും മധ്യേയാണ് അപകടമുണ്ടായത്. അമിതവേഗത്തില്‍ എത്തിയ കാര്‍ വിദ്യാര്‍ഥികളുടെ ബൈക്കിനെ ഇടിച്ചുവീഴ്ത്തി. കുണ്ടറ കേരളപുരം സ്വദേശി ഗോവിന്ദ്, കണ്ണൂർ പയ്യന്നൂർ സ്വദേശിനി ചൈതന്യ എന്നിവരാണ് മരിച്ചത്. ഇരുവരും തിരുവനന്തപുരം സിഇടി എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളായിരുന്നു. സുഹൃത്തുക്കള്‍‌ക്കൊപ്പം അഞ്ച് ബൈക്കുകളില്‍ തെന്മലയില്‍ പോയി തിരികെ വരുമ്പോഴായിരുന്നു അപകടം.