25 April 2024 Thursday

മോദിയെ വിമര്‍ശിച്ച 62കാരനെ ചെന്നൈയിലെത്തി അറസ്റ്റ് ചെയ്ത് യു.പി പൊലിസ്

ckmnews

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശിച്ച 62കാരനെ അറസ്റ്റ് ചെയ്ത് ഉത്തര്‍പ്രദേശ് പൊലിസ്. മന്‍മോഹന്‍ മിശ്ര എന്നയാളാണ് അറസ്റ്റിലായത്. ശനിയാഴ്ച ചെന്നൈയിലെത്തിയാണ് യു.പി പൊലിസ് മിശ്രയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

35 വര്‍ഷം മുമ്ബ് യു.പിയില്‍നിന്നെത്തി ചെന്നൈയില്‍ സ്ഥിരതാമസമാക്കിയയാളാണ് മന്‍മോഹന്‍.

'പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ലഭ്യമാക്കുന്ന ഏജന്റാണ് മന്‍മോഹന്‍. സമൂഹമാധ്യമങ്ങളില്‍ സജീവമായ വ്യക്തിയാണ് ഇദ്ദേഹം. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാറിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിഡിയോകളിലൂടെയും സമൂഹമാധ്യമ പോസ്റ്റുകളിലൂടെയും ഇദ്ദേഹം നിരന്തരം വിമര്‍ശിച്ചിരുന്നു' -മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഹിന്ദി ഭാഷയില്‍ മിശ്ര പുറത്തിറക്കിയ വീഡിയോകള്‍ക്ക് ഉത്തര്‍പ്രദേശില്‍ വന്‍ പ്രചാരം ലഭിച്ചിരുന്നു. വിഡിയോകള്‍ വൈറലായതോടെ ചിലര്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. കൊവിഡ് പ്രതിരോധത്തില്‍ വീഴ്ച വരുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി രാജിവെക്കണമെന്നായിരുന്നു ആറുമാസം മുമ്ബ് പോസ്റ്റ് ചെയ്ത ഇദ്ദേഹത്തിന്റെ വിഡിയോയിലെ ആവശ്യം.

അറസ്റ്റ് ചെയ്ത ശേഷം മിശ്രയെ മജിസ്‌ട്രേറ്റിന് മുമ്ബില്‍ ഹാജരാക്കി. മെഡിക്കല്‍ പരിശോധനക്ക് ശേഷം ട്രെയിനില്‍ യു.പിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍നിന്ന് നീക്കം ചെയ്തതായാണ് വിവരം.