19 April 2024 Friday

വാഗ്ദാനങ്ങള്‍ കടലാസില്‍ ശാപമോക്ഷമില്ലാതെ ആലംകോട് വില്ലേജ് വില്ലേജ് ഓഫീസില്‍ പോകുന്നവര്‍ മൂക്ക് പൊത്തണം കുടയും ചൂടണം

ckmnews

വാഗ്ദാനങ്ങള്‍ കടലാസില്‍ ശാപമോക്ഷമില്ലാതെ ആലംകോട് വില്ലേജ്


വില്ലേജ് ഓഫീസില്‍ പോകുന്നവര്‍ മൂക്ക് പൊത്തണം കുടയും ചൂടണം


ചങ്ങരംകുളം:സംസ്ഥാന പാതയോട് ചേര്‍ന്ന് ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന ആലംകോട് വില്ലേജ് ഓഫീസില്‍ എന്തെങ്കിലും ആവശ്യങ്ങള്‍ പോവുന്നവര്‍ നിര്‍ബന്ധമായും സുരക്ഷാകവചം അണിയണം.ചുരുങ്ങിയത് കുടയെങ്കിലും കരുതണം.ചീഞ്ഞ് നാറുന്ന വില്ലേജ് കോമ്പൗണ്ടില്‍ കയറാന്‍ മൂക്കും പൊത്തണം.തകര്‍ച്ചയുടെ വക്കിലായ ഓഫീസ് കെട്ടിടത്തില്‍ കയറുമ്പോളും അല്‍പം സൂക്ഷിക്കണം.ഈ ദുരവസ്ഥ ഇന്നും ഇന്നലെയും തുടങ്ങിയതല്ല.വില്ലേജിന് സമീപത്ത് നില്‍ക്കുന്ന മരങ്ങളില്‍ നീര്‍ക്കാക്കകള്‍ കൂടൊരുക്കുന്നതാണ് വില്ലേജിന്റെ പ്രധാന ശാപം.വില്ലേജിലേക്ക് വരുന്നവര്‍ മാത്രമല്ല വഴിയാത്രികരായ വിദ്യാര്‍ത്ഥികളും ഉദ്ധ്യോഗാര്‍ത്ഥികളും നീര്‍ക്കാക്കകളുടെ കാഷ്ടത്തിന്റെ രുചി അറിഞ്ഞവരാവും.രണ്ട് വര്‍ഷം മുമ്പ് ഇവയുടെ ശല്ല്യം വാര്‍ത്തയായതോടെ അധികൃതര്‍ ഇടപെട്ട് മരച്ചില്ലകള്‍ മുറിച്ച് മാറ്റിയത് വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.നീര്‍ക്കാക്കയുടെ കുഞ്ഞുങ്ങള്‍ ചത്തു വീണതോടെ പ്രകൃതി സ്നേഹികള്‍ ഇടപെട്ടതാണ് വലിയ വിവാദങ്ങള്‍ക്ക് ഇട വരുത്തിയത്.വില്ലേജ് ഓഫീസര്‍ അടക്കമുള്ളവര്‍ നിയമ നടപടികള്‍ നേരിടേണ്ടി വരികയും ചെയ്തിരുന്നു.മരച്ചില്ലകള്‍ വീണ്ടും വളര്‍ന്നു നീര്‍ക്കാക്കകള്‍ വീണ്ടും കൂടൊരുക്കി അവസ്ഥ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ്.തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുന്ന വില്ലേജിലേക്ക് ജീവനക്കാര്‍ക്ക് പോലും പോവാന്‍ പറ്റാത്ത അവസ്ഥ.മഴ പെയ്യുന്നതോടെ നീര്‍ക്കാക്കയുടെ കുഞ്ഞുങ്ങള്‍ താഴെ വീണു ചാവുകയും പുഴുവരിച്ച് അസഹ്യമായ ദുര്‍ഗന്ധം അനുഭവപ്പെടുകയും ചെയ്യുന്നത് പ്രത്യേക സാഹചര്യത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് നാട്ടുകാരുടെ പരാതി.ഭക്ഷണം കഴിക്കാനും പ്രാഥമിക സൗകര്യങ്ങള്‍ പോലും നിര്‍വഹിക്കാനും കഴിയാതെ ജീവനക്കാര്‍ വീര്‍പ്പ് മുട്ടുമ്പോഴും സാങ്കേതിക കാര്യങ്ങളുടെ പേരില്‍ വര്‍ഷങ്ങളായി വില്ലേജ് ശാപമോക്ഷം ലഭിക്കാതെ ചീഞ്ഞ് നാറുകയാണ്.