19 April 2024 Friday

പഠിക്കാൻ നിർബന്ധിച്ചു; പതിനഞ്ചുകാരി അമ്മയെ ശ്വാസംമുട്ടിച്ചു കൊന്നു

ckmnews

തുടർച്ചയായി പഠിക്കാൻ നിർബന്ധിക്കുകയും സമ്മർദം ചെലുത്തുകയും ചെയ്തതിനെത്തുടർന്ന് പതിനഞ്ചുകാരി അമ്മയെ ശ്വാസംമുട്ടിച്ചു കൊന്നു. നീറ്റ് പരീക്ഷയ്ക്ക് പഠിക്കാനാണ് കുട്ടിയെ നിർബന്ധിച്ചിരുന്നത്. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും എതിർത്തു. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കൊല്ലപ്പെട്ട സ്ത്രീയുടെ സഹോദരനാണ് ആദ്യം സംഭവ സ്ഥലത്തെത്തിയത്. വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോൾ നാൽപ്പത്തിരണ്ടുകാരിയായ സ്ത്രീ ബോധരഹിതയായി കിടക്കുകയായിരുന്നു. കരാട്ടെ പരിശീലനത്തിന് ഉപയോഗിക്കുന്ന ബെൽറ്റ് കഴുത്തിൽ ചുറ്റിയ നിലയിലായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയാണ് കൊലപാതകം ചെയ്തതെന്ന് തെളിഞ്ഞു.പഠിക്കണമെന്ന് തുടർച്ചയായി മാതാവ് നിർബന്ധിക്കുന്നതിനെത്തുടർന്ന് കലഹമുണ്ടായിരുന്നു. ഫോൺ ഉപയോഗിച്ചതിന് വഴക്ക് പറഞ്ഞതിനെത്തുടർന്ന് ജൂലൈ 27ന് പെൺകുട്ടി അമ്മാവന്റെ വീട്ടിലേക്ക് പോയി. കൂട്ടാനെത്തിയെ അമ്മയുമായി പെൺകുട്ടി വഴക്കിട്ടു. തുടർന്ന് പൊലീസ് ഇടപെട്ടാണ് പ്രശ്നം അവസാനിപ്പിച്ചത്.ജൂലൈ 30ന് ഉച്ചതിരിച്ച് പഠിക്കാൻ നിർബന്ധിച്ചതിനെത്തുടർന്ന് അമ്മയും മകളും തമ്മിൽ വീണ്ടും ബഹളമുണ്ടായി. അമ്മ പെൺകുട്ടിയെ അടിക്കുകയും കത്തിയെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ ഭയന്ന പെൺകുട്ടി അമ്മയെ തള്ളിയിട്ടശേഷം കരാട്ടെ പരിശീലനത്തിന് ഉപയോഗിക്കുന്ന ബെൽറ്റ് ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയായിരുന്നു. അതിനുശേഷം അമ്മ വാതിൽതുറക്കുന്നില്ലെന്ന് അച്ഛനും അമ്മാവനും മെസേജ് അയച്ചു. പെൺകുട്ടി പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ ഹോമിലാക്കുമെന്നും പൊലീസ് പറഞ്ഞു.