29 March 2024 Friday

ആത്മവിശ്വാസത്തോടെ 2,35,000 കുട്ടികള്‍ പരീക്ഷാ ഹാളിലേക്ക്

ckmnews


മലപ്പുറം : കോവിഡ് 19 ലോക്ക് ഡൗണിനെതുടര്‍ന്ന് നിര്‍ത്തിവെച്ച പരീക്ഷ പുനരാരംഭിക്കുമ്പോള്‍ മലപ്പുറം ജില്ലയില്‍ എസ് എസ് എല്‍ സി, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലായി 2, 35,000 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ഇതര ജില്ലകളെ അപേക്ഷിച്ച് വളരെ കൂടുതലാണിത്. കര്‍ശനമായ ലോക്ക് ഡൗണ്‍ പ്രൊട്ടോകോള്‍ പാലിച്ചുകൊണ്ടാണ് പരീക്ഷ നടക്കുന്നത്. മുഴുവന്‍ കുട്ടികള്‍ക്കും ആവശ്യമായ മാസ്‌ക്കുകള്‍ എസ് എസ് കെ വഴി കുട്ടികളുടെ വീടുകളില്‍ എത്തിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തിക്കഴിഞ്ഞു. പരീക്ഷ എഴുതുന്ന കുട്ടികള്‍ പാലിക്കേണ്ട ആരോഗ്യ നിര്‍ദ്ദേശങ്ങള്‍  ലഘുലേഖയായി വിതരണം ചെയ്തു. സാനിറ്റൈസര്‍ സ്‌കൂളില്‍ നല്‍കി. മുഴുവന്‍ കുട്ടികളെയും തെര്‍മല്‍ സ്‌കാനിംഗിന് വിധേയമാക്കി പനി ഇല്ലെന്ന് ഉറപ്പു വരുത്തിയാവും പരീക്ഷാഹാളിലേക്ക് അയക്കുക. സ്‌കൂള്‍ ബസ് വഴി യാത്രാ സൗകര്യം ഉറപ്പു വരുത്തിയിട്ടുണ്ട്. അതാത് സ്‌കൂളുകളുടെ ബസ്സുകള്‍ മതിയാവാതെ വന്നാല്‍ തൊട്ടടുത്തുള്ള പ്രൈമറി സ്‌കൂളുകളുടെ ബസ്സുകള്‍ കൂടി പ്രയോജനപ്പെടുത്താവുന്നതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവരുടെയും സഹായം സ്വീകരിക്കാം. സ്‌കൂള്‍ പിടിഎ അംഗങ്ങള്‍ പൂര്‍ണ്ണമായും പരീക്ഷാ സമയത്ത് സ്‌കൂളില്‍ ഉണ്ടാകണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുട്ടികള്‍ കൂട്ടം കൂടുകയോ, സാധന സാമഗ്രികള്‍ പരസ്പരം കൈമാറുകയോ ചെയ്യാന്‍ പാടില്ല. ഡിഇഒ മാര്‍ മുഖേന  എല്ലാ സ്‌കൂളുകളിലേക്കും കൃത്യമായ വിവരങ്ങള്‍ നല്‍കിക്കഴിഞ്ഞു.  വിവിധ ജില്ലാതല ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തില്‍ സ്‌കൂള്‍തല സന്ദര്‍ശനം പൂര്‍ത്തിയാക്കി. 

പരീക്ഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ഡി ഡി ഇ, കെ എസ്  കുസുമത്തിന്റെ നേതൃത്വത്തില്‍ ജില്ലാതല വിദ്യാഭ്യാസ ഉദ്യോഗസ്ഥന്മാരുടെ അവലോകന യോഗം ചേര്‍ന്നു. എസ് എസ് കെ  ജില്ലാ പ്രൊജക്ട് കോ. ഓര്‍ഡിനേറ്റര്‍ കെ. വേണുഗോപാല്‍,  ആര്‍ ഡി ഡി കെ. സ്‌നേഹലത, വി എച്ച് എസ് ഇ എ ഡി എം. ഉബൈദുള്ള,  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ.ഓര്‍ഡിനേറ്റര്‍ എം മണി,  ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരായ ശശിപ്രഭ, മോഹനന്‍, വൃന്ദകുമാരി, രാജേന്ദ്ര പ്രസാദ് എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു

കുട്ടികള്‍ക്കാവശ്യമായ മാസ്‌ക്കുകള്‍  ജില്ലയിലെ  എന്‍ എസ് എസ് കേഡറ്റുകള്‍ നിര്‍മ്മിച്ചു നല്‍കി. കിഴക്കന്‍ മേഖല 80532, പടിഞ്ഞാറന്‍ മേഖല 60531, വി എച്ച് എസ് ഇ 12000 എന്നിങ്ങനെ 1,53,063 മാസ്‌ക്കുകള്‍ നിര്‍മ്മിച്ച ജില്ലയിലെ എന്‍ എസ് എസ് കേഡറ്റുകളെയും നേതൃത്വം നല്‍കിയ അധ്യാപകരെയും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കര്‍മ്മ സമിതിക്കു വേണ്ടി കോ.ഓര്‍ഡിനേറ്റര്‍ എം മണി പ്രത്യേകം അഭിനന്ദിച്ചു.